India

മദ്യവില്‍പന നിരോധിച്ചു, സാനിറ്റൈസര്‍ കുടിച്ച് പാര്‍ട്ടി; മഹാരാഷ്ട്രയില്‍ മരിച്ചുവീണത് ഏഴു പേര്‍

30 മില്ലി ലിറ്റർ സാനിറ്റൈസർ 250 മില്ലി ലിറ്റർ മദ്യത്തിന്റെ ലഹരി നൽകുമെന്ന് യുവാക്കളെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു.

മദ്യവില്‍പന നിരോധിച്ചു, സാനിറ്റൈസര്‍ കുടിച്ച് പാര്‍ട്ടി; മഹാരാഷ്ട്രയില്‍ മരിച്ചുവീണത് ഏഴു പേര്‍
X

നാഗ്പൂർ: മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ച ഏഴ് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ യാവാത്മൽ ജില്ലയിലെ വാനിയിലാണ് സംഭവം. കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രദേശത്ത് മദ്യവിൽപന നിരോധിച്ചിരുന്നു. ഇതോടെയാണ് ഒരു സംഘം യുവാക്കൾ സാനിറ്റൈസർ വാങ്ങി കുടിച്ചത്.

30 മില്ലി ലിറ്റർ സാനിറ്റൈസർ 250 മില്ലി ലിറ്റർ മദ്യത്തിന്റെ ലഹരി നൽകുമെന്ന് യുവാക്കളെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവാക്കൾ അഞ്ച് ലിറ്റർ സാനിറ്റൈസർ വാങ്ങി വെള്ളിയാഴ്ച രാത്രി പാർട്ടി നടത്തിയത്.

എന്നാൽ, സാനിറ്റൈസർ കുടിച്ചതിന് പിന്നാലെ ഓരോരുത്തർക്കായി ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. ഛർദിക്കുകയും തളർന്നുവീഴുകയും ചെയ്തു. തുടർന്ന് യുവാക്കളെ വാനി സർക്കാർ റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഓരോരുത്തരായി മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തിൽ മൂന്ന് പേരുടെ പോസ്റ്റുമോർട്ടം നടത്തിയതായി വാനി പോലിസ് അറിയിച്ചു. അതേസമയം, ബാക്കി നാലുപേരുടെ മൃതദേഹങ്ങൾ അധികൃതരെ അറിയിക്കാതെ ബന്ധുക്കൾ സംസ്കരിച്ചെന്നും ഇതുസംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it