India

സര്‍ക്കാര്‍ ഭൂമിയിലോ പൊതുസ്ഥലങ്ങളിലോ ആര്‍എസ്എസ് പരിപാടികള്‍ നടത്തരുത്; നിര്‍ദേശവുമായി കര്‍ണാടക മുഖ്യമന്ത്രി

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം

സര്‍ക്കാര്‍ ഭൂമിയിലോ പൊതുസ്ഥലങ്ങളിലോ ആര്‍എസ്എസ് പരിപാടികള്‍ നടത്തരുത്; നിര്‍ദേശവുമായി കര്‍ണാടക മുഖ്യമന്ത്രി
X

ബംഗളൂരു: സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെയും പൊതു മൈതാനങ്ങളുടെയും സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് ഭൂമികളുടെയും പരിസരത്ത് ആര്‍എസ്എസ് ശാഖാ യോഗങ്ങള്‍ നടത്തരുതെന്ന നിര്‍ദേശവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഐടി, ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം. ഒക്ടോബര്‍ നാലിന് ഖാര്‍ഗെ എഴുതിയ കത്തും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് സിദ്ധരാമയ്യ എഴുതിയ കുറിപ്പും ഞായറാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കിട്ടു.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നും, ആര്‍എസ്എസ് പ്രവര്‍ത്തനം രാജ്യത്തിനും ഐക്യത്തിനും ഭരണഘടനക്കും എതിരാണെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തില്‍ പ്രിയങ്ക് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. 'സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലും മൈതാനങ്ങളിലും ആര്‍എസ്എസ് ശാഖകള്‍ നടത്തുന്നു. കുട്ടികളുടെയും യുവാക്കളുടെയും മനസില്‍ അവര്‍ നെഗറ്റീവ് ആശയങ്ങള്‍ കുത്തിക്കയറ്റുന്നു. അത് ഇന്ത്യയുടെ ഐക്യത്തിനും ഭരണഘടനയ്ക്കും എതിരാണ്.'-അദ്ദേഹം ചൂണ്ടിക്കാട്ടി.

പോലിസിന്റെ അനുമതി പോലുമില്ലാതെ വടികളും കൊണ്ട് അവര്‍ അക്രമസ്വഭാവമുള്ള മാര്‍ച്ചുകള്‍ നടത്തുകയാണ്. അത് കുട്ടികളെയും യുവാക്കളെയും മനശാസ്ത്രപരമായി ബാധിക്കും. അതിനാല്‍ സ്‌കൂളുകളിലും പാര്‍ക്കുകളിലും അമ്പലങ്ങളിലും ശാഖകള്‍ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആര്‍എസ്എസിന്റെ ആദര്‍ശങ്ങളും വിശ്വാസങ്ങളും ഇന്ത്യയുടെ മതേതര ചട്ടക്കൂടിന് വിരുദ്ധമാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് മുന്നോട്ടുവച്ച മൗലികവാദ പ്രത്യയശാസ്ത്രം കാരണമാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയെയും ഡോ. ബി ആര്‍ അംബേദ്കറെയും മോശമായി പരാമര്‍ശിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതെന്ന് എക്സില്‍ കത്തിന്റെ പകര്‍പ്പ് പങ്കുവെച്ചുകൊണ്ട് ഖാര്‍ഗെ പറഞ്ഞു.

നിലവില്‍ സംഘിക്, ബൈഠക് എന്നീ പേരുകളില്‍ ആര്‍എസ്എസ് നടത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിരോധിക്കണമെന്നാണ് പ്രിയങ്ക് ഖാര്‍ഗെ ആവശ്യപ്പെട്ടിരിക്കുന്നത്. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള അധികാരം ഭരണഘടന സംസ്ഥാനത്തിന് നല്‍കുന്നുണ്ടെന്നും മന്ത്രി കത്തില്‍ പറയുന്നുണ്ട്.

ഹിന്ദു മതത്തെയും പശുക്കളെയും സംരക്ഷിക്കുന്നതിന്റെ പേരില്‍ ആര്‍എസ്എസ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു. 'ആര്‍എസ്എസ് പ്രത്യയശാസ്ത്രം അപകടകരമാണ്. അങ്ങനെയല്ലായിരുന്നുവെങ്കില്‍, ആര്‍എസ്എസ് നേതാക്കള്‍ അവരുടെ വീടുകളില്‍ അത് പിന്തുടരുമായിരുന്നില്ലേ? മനുസ്മൃതിയെ അനുകൂലിച്ച് ഭരണഘടനയെ എതിര്‍ത്തത് ആര്‍എസ്എസ് അല്ലേ?' അദ്ദേഹം ചോദിച്ചു.

Next Story

RELATED STORIES

Share it