India

ഡല്‍ഹിയിലെ സമരമുഖത്ത് ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കി

ഡല്‍ഹി തിക്രി അതിര്‍ത്തിയിലെ കര്‍ഷകസമരവേദിയിലാണ് ജയ് ഭഗവാന്‍ റാണ(42) വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇതോടെ ഡല്‍ഹിയിലെ സമരവേദിയില്‍ ജീവനൊടുക്കുന്ന കര്‍ഷകരുടെ എണ്ണം അഞ്ചായി.

ഡല്‍ഹിയിലെ സമരമുഖത്ത് ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കി
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ സമരം നടത്തുന്ന ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കി. ഡല്‍ഹി തിക്രി അതിര്‍ത്തിയിലെ കര്‍ഷകസമരവേദിയിലാണ് ജയ് ഭഗവാന്‍ റാണ(42) വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കര്‍ഷകരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ഞാന്‍ ഒരു ചെറിയ വ്യക്തിയാണ്. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് നിരവധി കര്‍ഷകര്‍ തെരുവിലിറങ്ങി. സര്‍ക്കാര്‍ പറയുന്നത് രണ്ടുമൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത് എന്നാണ്.

എന്നാല്‍, രാജ്യത്തെ മുഴുവന്‍ കര്‍ഷകരും നിയമത്തിനെതിരാണ്. കര്‍ഷകരും സര്‍ക്കാരും യോജിക്കാത്ത തരത്തിലുള്ള പ്രതിസന്ധിയിലായി സമരമെത്തിയിരിക്കുന്നു. രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെ വികാരം മനസ്സിലാക്കി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു. സമരം നടക്കുന്ന സ്ഥലത്ത് അമിതമായി ഗുളിക കഴിക്കുകയും റോഡില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. ഇദ്ദേഹത്തെ ഉടന്‍തന്നെ സഞ്ജയ് ഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ഇതോടെ ഡല്‍ഹിയിലെ സമരവേദിയില്‍ ജീവനൊടുക്കുന്ന കര്‍ഷകരുടെ എണ്ണം അഞ്ചായി.

റോഹ്തക്കിലെ പകസ്മ ഗ്രാമത്തില്‍നിന്നുള്ള റാണ രണ്ടാഴ്ച മുമ്പാണ് സുഹൃത്തുക്കളോടൊപ്പം പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്. മാതാപിതാക്കള്‍, മൂന്ന് സഹോദരന്‍മാര്‍, ഭാര്യ, 11 വയസ്സുള്ള മകള്‍ ഉള്‍പ്പെടുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. റാണയുടെ ആത്മഹത്യാ കുറിപ്പിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്നും കേസെടുത്തതായും ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ എ കോവാന്‍ പറഞ്ഞു. കുടുംബത്തിന് നഷ്ടപരിഹാരവും റാണയുടെ കുട്ടികള്‍ക്കോ ബന്ധുക്കള്‍ക്കോ ജോലിയും നല്‍കണമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ ആവശ്യപ്പെട്ടു. പ്രതീക്ഷ നഷ്ടപ്പെടരുതെന്നും പ്രതിഷേധം തുടരണമെന്നും കര്‍ഷകരോട് യൂനിയന്‍ അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it