India

ഡോ.ജി എന്‍ സായിബാബയെ ഉടന്‍ മോചിപ്പിക്കുക, അല്ലെങ്കില്‍ പരോള്‍ അനുവദിക്കുക: മനുഷ്യാവകാശപ്രവര്‍ത്തകര്‍

കൊവിഡ് ചികില്‍സയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ജയില്‍ അധികൃതര്‍ വിസമ്മതിക്കുന്നുവെന്ന് സായിബാബ ഈമാസം 17ന് കുടുംബത്തെ അറിയിച്ചിരുന്നു. കൊവിഡ് ഗുരുതരമായിട്ടും ക്വാറന്റൈനിലേയ്ക്ക് മാറ്റുകയാണ് ജയില്‍ അധികൃതര്‍ ചെയ്തത്. തുടര്‍ന്ന് ആന്റിബയോട്ടിക്കുകള്‍ നല്‍കി. ജയിലില്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുമെന്നാണ് ആശങ്ക ഉയരുന്നത്. അതുകൊണ്ട് ഗുരുതരാവസ്ഥ കണക്കിലെടുത്ത് അദ്ദേഹത്തെ കൊവിഡ് കെയര്‍ ഹോസ്പിറ്റലിലേക്ക് അടിന്തരമായി മാറ്റണമെന്ന് സമിതി ആവശ്യപ്പെട്ടു.

ഡോ.ജി എന്‍ സായിബാബയെ ഉടന്‍ മോചിപ്പിക്കുക, അല്ലെങ്കില്‍ പരോള്‍ അനുവദിക്കുക: മനുഷ്യാവകാശപ്രവര്‍ത്തകര്‍
X

നാഗ്പൂര്‍: മാവോവാദി ബന്ധമാരോപിച്ച് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലടച്ച ഡല്‍ഹി സര്‍വകലാശാല മുന്‍ ഇംഗ്ലീഷ് പ്രഫസര്‍ ഡോ.ജി എന്‍ സായിബാബയെ ഉടന്‍ മോചിപ്പിക്കണമെന്നും അല്ലെങ്കില്‍ പരോളെങ്കിലും അനുവദിക്കണമെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അതുവരെ സായിബാബയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഉചിതമായ ചികില്‍സ ഉറപ്പാക്കണം. തടവുകാരുടെ കാര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ നിലപാടിനെ മാനിക്കാന്‍ അധികാരികള്‍ തയ്യാറാവണം. മാനുഷിക പരിഗണന നല്‍കി സായിബാബയുടെ മോചനത്തിന് ആത്മാര്‍ഥമായ സമീപനമുണ്ടാവണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയോടും ജയില്‍ അധികൃതരോടും ഡോ. സായിബാബയുടെ മോചനത്തിനും പ്രതിരോധത്തിനുമായി രൂപീകരിച്ച സമിതി ആവശ്യപ്പെട്ടു.

സായിബാബയ്ക്ക് 2021 ഫെബ്രുവരി 13നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന് ജലദോഷവും കടുത്ത പനിയും തൊണ്ടയില്‍ അണുബാധയും ശരീരവേദനയും ശ്വാസതടസ്സവും തലവേദനയും അനുഭവപ്പെടുന്നുണ്ട്. ഇതിന് പുറമെ ഗുരുതരമായ ഹൃദ്രോഗം, രക്തസമ്മര്‍ദം, കിഡ്‌നിയില്‍ കല്ല്, പാന്‍ക്രിയാറ്റിക് പ്രശ്‌നങ്ങള്‍ എന്നിവയും അദ്ദേഹത്തെ അലട്ടുന്നുണ്ട്. തോളിലെയും കൈയിലെയും പേശികള്‍ക്കും ഞരമ്പുകള്‍ക്കും ക്ഷതമുള്ളതുകൊണ്ടുതന്നെ ഭാഗിക പക്ഷാഘാതത്തിന്റെ സാധ്യതകളുമുണ്ട്. ജയിലില്‍ പോയശേഷമാണ് അദ്ദേഹത്തിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിശോധിക്കുമ്പോള്‍ കൊവിഡ് അണുബാധ മാരകമാണെന്ന് വ്യക്തമാവും. രക്തത്തില്‍ ഓക്‌സിജന്റെ അളവിലുണ്ടാവുന്ന കുറവ് ഹൃദയത്തിന് കൂടുതല്‍ സമ്മര്‍ദം നല്‍കാനും ഹൃദയസ്തംഭനത്തിനും കാരണമാവുമെന്നും ആശങ്കയുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി.

ശരീരത്തിന്റെ 90 ശതമാനവും വൈകല്യം ബാധിച്ചതിനാല്‍ അദ്ദേഹം വീല്‍ചെയറിന്റെ സഹായത്താലാണ് കഴിയുന്നത്. ജയിലില്‍ രണ്ട് സഹായികളില്ലാതെ ദൈനംദിന കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സഹായികളായിരുന്ന രണ്ടുതടവുകാര്‍ക്കും കൊവിഡ് ബാധിച്ചതിനാല്‍ അദ്ദേഹം പൂര്‍ണമായും നിസ്സഹായാവസ്ഥയിലായി. കൊവിഡ് ചികില്‍സയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ജയില്‍ അധികൃതര്‍ വിസമ്മതിക്കുന്നുവെന്ന് സായിബാബ ഈമാസം 17ന് കുടുംബത്തെ അറിയിച്ചിരുന്നു. കൊവിഡ് ഗുരുതരമായിട്ടും ക്വാറന്റൈനിലേയ്ക്ക് മാറ്റുകയാണ് ജയില്‍ അധികൃതര്‍ ചെയ്തത്. തുടര്‍ന്ന് ആന്റിബയോട്ടിക്കുകള്‍ നല്‍കി. ജയിലില്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുമെന്നാണ് ആശങ്ക ഉയരുന്നത്. അതുകൊണ്ട് ഗുരുതരാവസ്ഥ കണക്കിലെടുത്ത് അദ്ദേഹത്തെ കൊവിഡ് കെയര്‍ ഹോസ്പിറ്റലിലേക്ക് അടിന്തരമായി മാറ്റണമെന്ന് സമിതി ആവശ്യപ്പെട്ടു.

അദ്ദേഹത്തിന് മതിയായ തെറാപ്പിയും പരിചരണവും ഉറപ്പാക്കുന്നതിനൊപ്പം കുടുംബത്തിനും അഭിഭാഷകനും അദ്ദേഹത്തെ കാണാന്‍ അവസരമൊരുക്കണം. അദ്ദേഹത്തിന്റെ എല്ലാവിധ ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ചും വിശദമായ പരിശോധന നടത്തണം. കൊവിഡ് ഗുരുതരമായി തലച്ചോറിലും ആന്തരികാവയവങ്ങളിലും ആഘാതമേല്‍പ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തണം. ഇതുവരെ അദ്ദേഹത്തിന്റെ യഥാര്‍ഥ രോഗാവസ്ഥ സംബന്ധിച്ച വിശദാംശങ്ങള്‍ കുടുംബത്തെ അറിയിച്ചിട്ടില്ലെന്ന് പരാതിയുണ്ട്. ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ രേഖകള്‍ കുടുംബത്തിന് കൈമാറാന്‍ ജയില്‍ അധികൃതര്‍ നിര്‍ദേശം നല്‍കണം. കൊവിഡ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ജയിലുകളിലെ വൈറസ് ബാധിതരായ തടവുകാരെയും വിട്ടുമാറാത്ത രോഗങ്ങളുള്ളവരെയും അടിയന്തരമായി മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത് പാലിക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്ന് സമിതി കണ്‍വീനര്‍ പ്രഫ. ജി ഹരഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it