India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: നീരവ് മോദിയുടെ ഭാര്യയ്ക്ക് ഇന്റര്‍പോളിന്റെ റെഡ്‌കോര്‍ണര്‍ നോട്ടീസ്

നീരവ് മോദിയുടെ സഹോദരന്‍ നെഹല്‍ മോദിക്കെതിരെയും സഹോദരി പൂര്‍വിക്കെതിരെയും ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദി, തന്നെ ഇന്ത്യയിലേക്ക് അയക്കുന്നതിനെതിരേ നിയമപോരാട്ടത്തിലാണ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: നീരവ് മോദിയുടെ ഭാര്യയ്ക്ക് ഇന്റര്‍പോളിന്റെ റെഡ്‌കോര്‍ണര്‍ നോട്ടീസ്
X

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിവാദ വ്യവസായി നീരവ് മോദിയുടെ ഭാര്യയ്ക്ക് ഇന്റര്‍പോളിന്റെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് നീരവ് മോദിയുടെ ഭാര്യ ആമി മോദിക്കെതിരേ നോട്ടീസ് അയച്ചത്. നീരവ് മോദിയുടെ സഹോദരന്‍ നെഹല്‍ മോദിക്കെതിരെയും സഹോദരി പൂര്‍വിക്കെതിരെയും ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് അയച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദി, തന്നെ ഇന്ത്യയിലേക്ക് അയക്കുന്നതിനെതിരേ നിയമപോരാട്ടത്തിലാണ്. 13,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യയില്‍നിന്നും കടന്ന വ്യവസായിയാണ് നീരവ് മോദി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇയാളുടെ 330 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്തിരുന്നു. മുംബൈ, ലണ്ടന്‍, യുഎഇ എന്നിവിടങ്ങളിലെ ഫ്‌ളാറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. ലണ്ടനിലെ വാണ്ട്സ്വര്‍ത്ത് ജയിലിലാണ് നീരവുള്ളത്. ഈ മാസം ആദ്യം യുകെ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നീരവിനെ ഹാജരാക്കിയിരുന്നു.

തുടര്‍ന്ന് ഇയാളെ ആഗസ്ത് 27 വരെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയും നീരവ് മോദിയുടെ അമ്മാവനുമായ മെഹുല്‍ ചോക്സി കരീബിയന്‍ ദ്വീപായ ആന്റിഗ്വയിലാണ് താമസിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ ഇന്ത്യയിലേക്കു മടങ്ങാത്തത്.ന്യൂയോര്‍ക്ക് സിറ്റിയില്‍ 30 മില്യന്‍ ഡോളറിന് രണ്ട് അപ്പാര്‍ട്ടുമെന്റുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ആമി മോദിക്കെതിരേ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it