India

നെഞ്ചെരിച്ചിലിന്‌ ഉപയോഗിക്കുന്ന റനിറ്റിഡീന്‍ ഗുളികയില്‍ കാന്‍സറിന് കാരണമാവുന്ന വസ്തു; നിരവധി കമ്പനികള്‍ പിന്‍വലിച്ചു

അമേരിക്കന്‍ മരുന്ന നിയന്ത്രണ സ്ഥാപനമായ എഫ്ഡിഎയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ അധികൃതര്‍ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികാണ്. സാന്റാക്ക് എന്ന ബ്രാന്‍ഡിലാണ് എന്‍ഡിഎംഎ കണ്ടെത്തിയത്.

നെഞ്ചെരിച്ചിലിന്‌ ഉപയോഗിക്കുന്ന റനിറ്റിഡീന്‍ ഗുളികയില്‍ കാന്‍സറിന് കാരണമാവുന്ന വസ്തു; നിരവധി കമ്പനികള്‍ പിന്‍വലിച്ചു
X

ന്യൂഡല്‍ഹി: നെഞ്ചെരിച്ചിലിന്‌ ഉപയോഗിക്കുന്ന റനിറ്റിഡീന്‍ എന്ന മരുന്നില്‍ കാന്‍സറിന് കാരണമാവുന്ന എന്‍-നൈട്രോസോഡൈമീഥൈലാനിന്‍(എന്‍ഡിഎംഎ) കണ്ടെത്തിയതായി റിപോര്‍ട്ട്. അമേരിക്കന്‍ മരുന്ന നിയന്ത്രണ സ്ഥാപനമായ എഫ്ഡിഎയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ അധികൃതര്‍ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികാണ്. സാന്റാക്ക് എന്ന ബ്രാന്‍ഡിലാണ് എന്‍ഡിഎംഎ കണ്ടെത്തിയത്.

അസിഡിറ്റിക്കെതിരേ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു മരുന്നാണ് റനിറ്റിഡീന്‍. ലോകാരോഗ്യ സംഘടന അവശ്യമരുന്നുകളുടെ മാതൃകാപട്ടികയില്‍ ഉള്‍പ്പെടുത്തിയ മരുന്നുകൂടിയാണ് ഇത്. ഇന്ത്യയില്‍ ഗ്ലാക്‌സോസ്മിത്ത്‌ലൈന്‍, ജെബി കെമിക്കല്‍സ്, കാഡിലാ ഫാര്‍മ, സൈഡസ് കാഡില, ഡോ. റെഡ്ഡീസ്, സണ്‍ ഫാര്‍മസ്യൂട്ടിക്കില്‍സ് എന്നീ കമ്പനികള്‍ ഈ മരുന്ന് 180ലേറെ പേരുകളില്‍ വില്‍പ്പന നടത്തുന്നുണ്ട്. 680 കോടിയിലേറെ രൂപയുടെ റനിറ്റിഡീന്‍ ബ്രാന്‍ഡ് ഗുളികകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നുണ്ടെന്നാണു കണക്ക്.

തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ കാന്‍സറിന് കാരണമാവുന്ന വസ്തു ഉണ്ടോ എന്ന കാര്യം പരിശോധന നടത്തണമെന്ന് മരുന്ന് കമ്പനികളോട് ആവശ്യപ്പെടാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) സംസ്ഥാന ഡ്രഗ് റെഗുലേറ്റര്‍മാരോട് ചൊവ്വാഴ്ച്ച ആവശ്യപ്പെട്ടു. ഈ മരുന്ന് ഡോക്ടറുടെ കുറിപ്പ് പ്രകാരം മാത്രമേ വില്‍പ്പന നടത്തുന്നുള്ളു എന്ന് ഉറപ്പ് വരുത്തണമെന്നും ഡിസിജിഐ നിര്‍ദേശിച്ചു.

സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ

ടാബ്ലറ്റ്, ഇന്‍ജക്ഷന്‍ തുടങ്ങിയ രൂപങ്ങളില്‍ റനിറ്റിഡീന്‍ മരുന്ന ഇന്ത്യയില്‍ ലഭ്യമാണ്.

സാന്റാക് എന്ന ബ്രാന്‍ഡഡ്, ജനറിക് മരുന്നുകളില്‍ എന്‍ഡിഎംഎ കണ്ടെത്തിയെന്ന റിപോര്‍ട്ട് അന്വേഷിച്ചുവരുന്നതായി കഴിഞ്ഞയാഴ്ച്ചയാണ് യുഎസ്, യൂറോപ്യന്‍ യൂനിയന്‍ റെഗുലേറ്റര്‍മാര്‍ അറിയിച്ചത്. വിദഗ്ധര്‍ ഇക്കാര്യം പരിശോധിച്ചുവരുന്നതായും വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം പ്രഖ്യാപിക്കുമെന്നും നിലവില്‍ ഭയപ്പെടേണ്ടതായി ഒന്നുമില്ലെന്നും ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

റനിറ്റിഡീന്‍ അസിഡിറ്റിക്കും കുടലിലെ പുണ്ണിനും വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്ന മരുന്നാണ്. ഇത് സമാനമായ പാന്റോപ്രസോള്‍ പോലുള്ള മറ്റു മരുന്നുകളേക്കാള്‍ സുരക്ഷിതമായാണ് കണക്കാക്കുന്നതെന്ന് ഫോര്‍ട്ടിസ്-സിഡിഒസി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡയബറ്റിസ് ചെയര്‍മാന്‍ അനൂപ് മിശ്ര പറഞ്ഞു. വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് തങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചുവരുന്ന മരുന്നാണിതെന്നും അദ്ദേഹം അറിയിച്ചു.

റനിറ്റിഡീന്‍ ഉല്‍പന്നങ്ങളില്‍ എന്‍ഡിഎംഎ കണ്ടെത്തിയത് സംബന്ധിച്ച് ഇന്ത്യയുടെ മരുന്ന് നിയന്ത്രണ വകുപ്പ് ബന്ധപ്പെട്ടിരുന്നുവെന്ന് ജിഎസ്‌കെ വക്താവ് പറഞ്ഞു. മരുന്നില്‍ എന്‍ഡിഎംഎ എങ്ങിനെ എത്തിയതെന്ന് സംബന്ധിച്ച് അന്വേഷിക്കാന്‍ ജിഎസ്‌കെയ്ക്ക് മരുന്നിനുള്ള ഘടകങ്ങള്‍(എപിഐ) വിതരണം ചെയ്യുന്ന ഡോ. റെഡ്ഡീസ്, സരാക്ക ലബോറട്ടറീസ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ടിട്ടുണ്ട്. എപിഐ പരിശോധന നടത്താന്‍ പുറത്തുള്ള ലോബോറട്ടറികളെയും ഏല്‍പ്പിച്ചിട്ടുണ്ട്. നിര്‍മാണം കഴിഞ്ഞ സാന്റാക്ക് ഐവി(ഇന്‍ജക്ഷന്‍)യും പരിശോധന നടത്തും. സപ്തംബര്‍ അവസാനത്തോടെ പ്രാഥമിക ഫലം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ടാബ്ലറ്റുകളും മരുന്നിന്റെ മറ്റു രൂപങ്ങളും പരിശോധിക്കും.

നൊവാര്‍ട്ടിസ് സാന്റാക്ക് വിതരണം നിര്‍ത്തി

അതേ സമയം, ജനറിക്ക് സാന്റാക്ക് മരുന്നുകളുടെ വിതരണം നിര്‍ത്തിവയ്ക്കാന്‍ സ്വിസ് മരുന്ന് നിര്‍മാതാക്കാളായ നൊവാര്‍ട്ടിസ് തീരുമാനിച്ചു. തങ്ങളുടെ 150 എംജി, 300എംജി റനിറ്റിഡീന്‍ ഹൈഡ്രോക്ലോറൈഡ് കാപ്‌സ്യൂളുകള്‍ മുഴുവന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന് നൊവാര്‍ട്ടിസ് അറിയിച്ചു. അനുവദിക്കപ്പെട്ട അളവിലും എന്‍ഡിഎംഎ ഈ മരുന്നുകളില്‍ ഉണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇതെന്ന് കമ്പനി അറിയിച്ചു. മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ആര്‍ക്കെങ്കിലും പാര്‍ശ്വഫലം ഉണ്ടായതായി ഇതുവരെ അറിവില്ലെന്നും കമ്പനി വ്യക്തമാക്കി. മരുന്ന് നിര്‍മിക്കുന്ന വേളയില്‍ നടക്കുന്ന രാസപ്രവര്‍ത്തനത്തില്‍ രൂപപ്പെടുന്നതാണ് എന്‍ഡിഎംഎ എന്നാണ് നിലവില്‍ ലഭിച്ചിരിക്കുന്ന സൂചന. നിര്‍മാണ വേളയിലെ അശ്രദ്ധയാണ് ഇതിനു കാരണം.

കഴിഞ്ഞ വര്‍ഷം രക്തസമ്മര്‍ദത്തിന്‌ സാധാരണയായി ഉപയോഗിക്കുന്ന സാര്‍ട്ടാന്‍ ഗുളികകളായ വാല്‍സാര്‍ട്ടാന്‍, ലോസാര്‍ട്ടാന്‍, ഇര്‍ബിസാര്‍ട്ടാന്‍ എന്നിവയുടെ നിര്‍മാണ വേളയില്‍ എന്‍ഡിഎംഎയും കാന്‍സറിന് കാരണമാവുന്ന മറ്റു രണ്ടു വസ്തുക്കളും രൂപപ്പെടുന്നതായി കണ്ടെത്തിയിരുന്നു. ഡിയോവാന്‍ എന്ന ബ്രാന്‍ഡ് നെയിമില്‍ വില്‍ക്കുന്ന മരുന്നിലാണ് ഇത് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഈ മരുന്നുകള്‍ വിപണിയില്‍ നിന്നു പിന്‍വലിക്കുകയായിരുന്നു.

കണ്ടെത്തിയത് ഓണ്‍ലൈന്‍ മരുന്ന് വിതരണ കമ്പനി

ഓണ്‍ലൈന്‍ ഫാര്‍മസിയായ വാലിസര്‍ നടത്തിയ പരിശോധനയിലാണ് റനിറ്റിഡീന്‍ മരുന്നില്‍ എന്‍ഡിഎംഎ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്നു വിപണിയിലുള്ള മുഴുവന്‍ റനിറ്റിഡീന്‍ മരുന്നുകളും പിന്‍വലിക്കണമെന്നും പരിശോധനയ്ക്കും നിര്‍മാണത്തിനും നിശ്ചിത മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വാലിസര്‍ സിറ്റിസണ്‍ പെറ്റീഷന്‍ സമര്‍പ്പിക്കുകയായിരുന്നു. ജൂണിലാണ് എഫ്ഡിഎയെ ഇക്കാര്യം അറിയിച്ചത്. നോവാര്‍ട്ടിസ് സ്വമേധയാ മരുന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്നും വാലിസര്‍ അറിയിച്ചു. ഇന്ത്യയിലെ പ്രമുഖ ജനറിക് മരുന്ന് നിര്‍മാതാക്കളായ ഡോ. റെഡ്ഡീസ് ലബോറട്ടറീസും വിതരണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

റനിറ്റിഡീന്‍ മരുന്നിന്റെ എല്ലാ രൂപങ്ങളും പിന്‍വലിക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാരും തീരുമാനിച്ചു. ഇറ്റലിക്ക് മരുന്നിനുള്ള ഘടകങ്ങള്‍ നല്‍കുന്നത് ഇന്ത്യന്‍ കമ്പനിയാ സരാക്ക ലബോറട്ടറീസാണ്. മരുന്ന് സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുന്നതുവരെ വില്‍പ്പന നിര്‍ത്തിവയക്കാന്‍ കാനഡ, യുഎഇ, ബഹ്‌റയ്ന്‍ തുടങ്ങിയ രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ സാന്റാക്ക് മരുന്ന് കഴിക്കാമോ?

സാന്റാക്ക് മരുന്ന് കഴിക്കുന്നവര്‍ അത് ഒറ്റയടിക്ക് നിര്‍ത്തിവയ്ക്കണമെന്ന് എഫ്ഡിഎ നിര്‍ദേശിക്കുന്നില്ല. ഡോക്ടറുടെ കുറിപ്പ് പ്രകാരം മരുന്ന് കഴിക്കുന്നവര്‍ ഇതിന് പകരം കഴിക്കാവുന്ന മറ്റ് മരുന്നുകളെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കണം. ഡോക്ടറുടെ കുറിപ്പില്ലാതെ റനിറ്റിഡീന്‍ മരുന്ന് വാങ്ങുന്നവര്‍ നെഞ്ചെരിച്ചിലിന് ലഭ്യമായ മറ്റു മരുന്നുകള്‍ പരിഗണിക്കണമെന്നും എഫ്ഡിഎ നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it