India

ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയതിന് തെളിവുണ്ടെന്ന് ഖത്തര്‍; ഇന്ത്യക്കാരുടെ മോചനം എളുപ്പമാവില്ല

ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയതിന് തെളിവുണ്ടെന്ന് ഖത്തര്‍; ഇന്ത്യക്കാരുടെ മോചനം എളുപ്പമാവില്ല
X

ഡല്‍ഹി: ഖത്തറിന്റെ നാവികസേനയ്ക്ക് പരിശീലനം നല്‍കുന്ന സ്വകാര്യ കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണു ചാരവൃത്തി ആരോപിക്കപ്പെട്ടു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 8 ഇന്ത്യക്കാര്‍. തങ്ങളുടെ അന്തര്‍വാഹിനി പദ്ധതിയെക്കുറിച്ച് ഇവര്‍ ഇസ്രയേലിന് വിവരങ്ങള്‍ കൈമാറിയതിനു തെളിവുണ്ടെന്നാണു ഖത്തര്‍ ഇന്ത്യയോടു വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, നിയമവിരുദ്ധമായ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നു കുറ്റാരോപിതര്‍ കുടുംബാംഗങ്ങളോടും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരോടും വ്യക്തമാക്കിയിരുന്നു. ഖത്തര്‍ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ ഇവരെ കസ്റ്റഡിയിലെടുത്തു രണ്ടാഴ്ച കഴിഞ്ഞാണ് ഇന്ത്യയ്ക്ക് ഔദ്യോഗികമായി വിവരം ലഭിച്ചത്.

രാജ്യസുരക്ഷാപരമായ പ്രശ്‌നമാണ് എന്നതിനാല്‍ പരിഹാരം ഏറെ ശ്രമകരമാകുമെന്നാണു വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 8 പേരെയും ആദ്യത്തെ ഏതാനും മാസം ഏകാന്ത തടവിലാണു പാര്‍പ്പിച്ചിരുന്നത്. ഇതുതന്നെ ആരോപിക്കപ്പെടുന്ന കുറ്റത്തിന്റെ ഗൗരവത്തെക്കുറിച്ചുള്ള സൂചനയായി.

കുറ്റാരോപിതരുടെ കുടുംബങ്ങള്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ജയില്‍ സന്ദര്‍ശനം അനുവദിച്ചിരുന്നു എന്നതുകൊണ്ടു നടപടിപരമായ മര്യാദകള്‍ പാലിച്ചില്ലെന്ന് ആരോപിക്കാനാവില്ല. കുറ്റാരോപിതര്‍ക്കു മാപ്പു നല്‍കണമെന്ന് ആവശ്യപ്പെട്ടാല്‍ കുറ്റം അംഗീകരിക്കുന്നുവെന്നു വ്യാഖ്യാനമുണ്ടാവും ഇനിയുള്ള പരിശ്രമങ്ങളുടെ പരിമിതി സൂചിപ്പിച്ചു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. 8 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. 2008ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍ ഇരുരാജ്യങ്ങളുമായി പ്രതിരോധ സഹകരണത്തിനു കരാര്‍ ഒപ്പുവച്ചിരുന്നു. ഖത്തര്‍ അമീര്‍ 2015ല്‍ ഇന്ത്യ സന്ദര്‍ശിച്ചു, പ്രധാനമന്ത്രി നരേന്ദ്ര മോദി 2016ല്‍ ഖത്തര്‍ സന്ദര്‍ശിച്ചു. കയറ്റിറക്കുമതി രംഗത്തും മികച്ച ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. എന്നാല്‍ ഇന്ത്യയിലെ രാഷ്ട്രീയ സ്വഭാവമുള്ള ചില വിഷയങ്ങളുടെ പേരില്‍ ഇരുരാജ്യങ്ങളുമായി അടുത്തകാലത്തു നയതതന്ത്ര ബന്ധത്തില്‍ ഉലച്ചിലുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യ നയതന്ത്രതലത്തില്‍ നടത്തിയ പരിശ്രമങ്ങള്‍ ഫലിക്കാതിരുന്നതിന് അതു കാരണമായതായി സൂചിപ്പിക്കപ്പെടുന്നു.

ശിക്ഷിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്‍പ്പെടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട പൂര്‍ണേന്ദു തിവാരിയുടെ സഹോദരി ഡോ.മീതു ഭാര്‍ഗവ കഴിഞ്ഞ ഒക്ടോബര്‍ മുതലേ രാഷ്ട്രീയതലത്തിലും സമൂഹമാധ്യമങ്ങളിലൂടെയും സഹായം തേടിയിരുന്നു. നിയമ പോരാട്ടത്തിന് ഇന്ത്യ വലിയ തോതില്‍ പണം ചെലവഴിച്ചതിന്റെ കണക്കുകള്‍ പുറത്തുവരികയും ചെയ്തിട്ടുണ്ട്. ഇനിയും നിയമപരമായ എല്ലാ മാര്‍ഗങ്ങളും നോക്കുമെന്നാണു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.





Next Story

RELATED STORIES

Share it