India

കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കും വരെ സമരം തുടരണം; പ്രവര്‍ത്തകരോട് പ്രിയങ്കയുടെ ആഹ്വാനം

കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കും വരെ സമരം തുടരണം; പ്രവര്‍ത്തകരോട് പ്രിയങ്കയുടെ ആഹ്വാനം
X

ലഖ്‌നോ: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവയ്ക്കുന്നതുവരെ സമരം തുടരണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സീതാപൂരില്‍ ഗസ്റ്റ് ഹൗസിന് പുറത്ത് സമരം ചെയ്യുന്ന പ്രവര്‍ത്തകരോടാണ് ഫോണിലൂടെയാണ് പ്രിയങ്കയുടെ ആഹ്വാനമുണ്ടായത്. വെല്ലുവിളികളെ അതിജീവിച്ച് എന്തുവന്നാലും സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി. സീതാപൂരില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ ഫോണ്‍കോളിലൂടെ അഭിസംബോധന ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അജയ് മിശ്രയുടെ മകന്‍ ഓടിച്ച കാറിടിച്ചാണ് കര്‍ഷകര്‍ കൊല്ലപ്പെട്ടതെന്ന വിവരം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ രാജിയാവശ്യം ശക്തമായി ഉയര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

എന്തിനാണ് തന്നെ അറസ്റ്റുചെയ്തതെന്ന് അറിയില്ലെന്ന് പ്രിയങ്ക നേരത്തെ പറഞ്ഞിരുന്നു. ഇതുവരെ എഫ്‌ഐആറിന്റെ പകര്‍പ്പ് നല്‍കുകയോ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ല. നിയമസഹായം തേടാന്‍ പോലിസ് അനുവദിക്കുന്നില്ലെന്നും നിയമവിരുദ്ധമായാണ് തന്നെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ലംഖിപൂരില്‍ കേന്ദ്രമന്ത്രിയുടെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കര്‍ഷകരുടെ കുടുംബങ്ങളെ കാണാനെത്തിയപ്പോഴാണ് പ്രിയങ്കയെ യുപി പോലിസ് കസ്റ്റഡിയിലെടുത്തത്. സമാധാനഭംഗം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രിയങ്കയുടെ അറസ്റ്റ് 30 മണിക്കൂറിനുശേഷം ഇന്നാണ് രേഖപ്പെടുത്തിയത്.

കര്‍ഷകരെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ജയിലില്‍ നിരാഹാര സമരത്തിലാണ്. നിരാഹാരം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം ആവശ്യപ്പെട്ടെങ്കിലും കര്‍ഷകരെ കാണാന്‍ അനുവദിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് അവര്‍. അതിനിടെ, ലംഖിപൂരിലേക്ക് പോവാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് യുപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. നിരോധനാജ്ഞയെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ലഖ്‌നോവില ഈമാസം 8 വരെ നിരോധനാജ്ഞ തുടരും. നാളെ ലംഖിപൂരിലെ കൊല്ലപ്പെട്ട കര്‍ഷക കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. രാഹുല്‍ അടക്കം അഞ്ചംഗ സംഘമാണ് യുപിയിലേക്ക് പോവാന്‍ തീരുമാനിച്ചിരുന്നത്.

അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ഇനി എങ്ങനെയാണ് യുപി സന്ദര്‍ശനമെന്ന കാര്യം വ്യക്തമല്ല. രാഷ്ട്രീയ നേതാക്കളെ ലഖിംപൂരിലേക്ക് ഒരുകാരണവശാലും കടത്തിവിടില്ലെന്നുറപ്പിച്ചാണ് യുപി പോലിസിന്റെ നീക്കങ്ങള്‍. ഇന്നലെ പ്രിയങ്കയെ കാണാന്‍ പോയ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയെ ലഖ്‌നോ വിമാനത്താവളത്തില്‍ യുപി പോലിസ് തടഞ്ഞിരുന്നു. ഇതെത്തുടര്‍ന്ന് അദ്ദേഹം വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയും യുപിയിലെത്തിയാല്‍ പോലിസ് തടയാനുള്ള ഒരുക്കത്തിലാണെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it