India

രാഷ്ട്രപതിയുടെ അഭിസംബോധന മംഗളപത്രം വായന മാത്രമായി: കൊടിക്കുന്നില്‍ സുരേഷ് എംപി

മൂന്നര ക്കോടി ശിശുക്കള്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമായെന്ന് പറഞ്ഞ രാഷ്ട്രപതി, രാജ്യത്താകെ നടക്കുന്ന ശിശുമരണങ്ങളെക്കുറിച്ച് മൗനം പാലിച്ചു.

രാഷ്ട്രപതിയുടെ അഭിസംബോധന മംഗളപത്രം വായന മാത്രമായി: കൊടിക്കുന്നില്‍ സുരേഷ് എംപി
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മംഗളപത്രം വായിക്കുക മാത്രമേ പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചെയ്തുള്ളൂവെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എംപി. വിവേചനപരമായ, ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന, മുസ്‌ലിം ന്യൂനപക്ഷങ്ങളെ ഒഴിവാക്കുന്ന പൗരത്വഭേദഗതി നിയമം ജനങ്ങളെ ആശങ്കയിലാഴ്ത്തുകയും പ്രക്ഷോഭങ്ങള്‍കൊണ്ട് രാജ്യത്തെ സര്‍വകലാശാലകളും തെരുവുകളും നിറയുമ്പോഴും ജനങ്ങളുടെ ആശങ്കയകറ്റാന്‍ വേണ്ട യാതൊരു നിര്‍ദേശവും രാഷ്ട്രപതിയുടെ അഭിസംബോധനയിലില്ലായിരുന്നു എന്നും എംപി ചൂണ്ടിക്കാട്ടി.

നെഹ്രുവിന്റെ ആധുനിക ഇന്ത്യയെന്ന ആശയവും അംബേദ്കറുടെ സാമൂഹ്യനീതിയും ഗാന്ധിജിയുടെ ഗ്രാമസ്വരാജ് ഉള്‍പ്പെടെയുള്ള സ്വപ്‌നങ്ങള്‍ നമ്മള്‍ ഇന്ത്യക്കാര്‍ ചേര്‍ന്നുനിന്ന് ഒരുമയോടെ സൃഷ്ടിക്കുമെന്ന് പറഞ്ഞ രാഷ്ട്രപതി, മോദി സര്‍ക്കാര്‍ അംബേദ്കറിന്റെ പിന്‍മുറക്കാര്‍ക്ക് ക്രൂരപീഡനങ്ങളും ഗ്രാമങ്ങളിലെ കൊടുംപട്ടിണിയും നെഹ്രുവിന്റെ സ്വപ്‌നങ്ങളുടെ ശ്മശാനവുമാണ് സൃഷ്ടിച്ചതെന്ന വസ്തുത മറച്ചുവച്ചു. ആര്‍എസ്എസ് നോമിനിയായ രാഷ്ട്രപതിയില്‍നിന്നും വാസ്തവങ്ങളും സത്യവും പ്രതീക്ഷിക്കുന്നത് ബുദ്ധിമോശമാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വാസ്തവരഹിതവും പൊള്ളയുമായ അഭിസംബോധനയുടെ ആവര്‍ത്തനം മാത്രമാണ് രാഷ്ട്രപതി നടത്തിയത്.

മൂന്നര ക്കോടി ശിശുക്കള്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമായെന്ന് പറഞ്ഞ രാഷ്ട്രപതി, രാജ്യത്താകെ നടക്കുന്ന ശിശുമരണങ്ങളെക്കുറിച്ച് മൗനം പാലിച്ചു. തന്റെ പ്രസംഗത്തില്‍ ആകെ മൂന്നുതവണ മാത്രം ദലിത് എന്ന വാക്ക് ഉച്ചരിച്ച രാഷ്ട്രപതി രാജ്യത്ത് ദലിതര്‍ നേരിടുന്ന അക്രമങ്ങളെക്കുറിച്ചും അവഹേളനങ്ങളെക്കുറിച്ചും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതിനെക്കുറിച്ചും ഒരക്ഷരം ഉരിയാടിയില്ല. ജമ്മു കശ്മീരിനെ ഒരു തടവറയാക്കിയ നടപടിക്കുശേഷം അവിടെ വികസനം അതിവേഗത്തില്‍ നടക്കുന്നു എന്ന് പറഞ്ഞ രാഷ്ട്രപതി ബിജെപിയുടെ തിരക്കഥ വായിക്കുക മാത്രമായിരുന്നുവെന്നും കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശിച്ചു.

Next Story

RELATED STORIES

Share it