India

അസം പൗരത്വരജിസ്റ്റര്‍: പോപുലര്‍ ഫ്രണ്ട് നിയമശില്‍പശാല സംഘടിപ്പിച്ചു

പട്ടികയില്‍നിന്ന് പുറത്താക്കപ്പെട്ടവരെ സഹായിക്കുന്നതിനായി ജല്ലാതലങ്ങളില്‍ നിയമസഹായ സന്നദ്ധസംഘങ്ങള്‍ക്ക് രൂപം നല്‍കുകയെന്നതാണ് ശില്‍പശാലയുടെ ലക്ഷ്യം. ട്രിബ്യൂണലുകള്‍ക്ക് മുമ്പാകെ അപ്പീല്‍ നല്‍കുന്നതിന് അഭിഭാഷകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സന്നദ്ധസംഘം നല്‍കും.

അസം പൗരത്വരജിസ്റ്റര്‍: പോപുലര്‍ ഫ്രണ്ട്  നിയമശില്‍പശാല സംഘടിപ്പിച്ചു
X

ഗുവാഹത്തി: അസം അന്തിമ ദേശീയ പൗരത്വപട്ടികയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് ഫോറിന്‍ ട്രിബ്യൂണലുകളില്‍ (എഫ്ടി) അപ്പീല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അസമിലെ വിവിധ സ്ഥലങ്ങളില്‍ ഏകദിന നിയമശില്‍പശാലകള്‍ സംഘടിപ്പിച്ചു. പട്ടികയില്‍നിന്ന് പുറത്താക്കപ്പെട്ടവരെ സഹായിക്കുന്നതിനായി ജല്ലാതലങ്ങളില്‍ നിയമസഹായ സന്നദ്ധസംഘങ്ങള്‍ക്ക് രൂപം നല്‍കുകയെന്നതാണ് ശില്‍പശാലയുടെ ലക്ഷ്യം.


ട്രിബ്യൂണലുകള്‍ക്ക് മുമ്പാകെ അപ്പീല്‍ നല്‍കുന്നതിന് അഭിഭാഷകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സന്നദ്ധസംഘം നല്‍കും. പൗരത്വപട്ടികയുടെ പേരില്‍ ഇരകളായ പൗരന്‍മാരെ സഹായിക്കുന്നതിന് പ്രാദേശിക അഭിഭാഷകസംഘങ്ങളെ സജ്ജമാക്കുന്നതിനും റിസോഴ്‌സ് പേഴ്‌സണ്‍സ് ട്രെയ്‌നിങ് ക്യാംപുകള്‍ സംഘടിപ്പിക്കുന്നതിനും നേരത്തെ പോപുലര്‍ ഫ്രണ്ട് തീരുമാനിച്ചിരുന്നു.


അസമിലെ വിവിധ ജില്ലകളില്‍നിന്നുള്ള 39 കേഡര്‍മാര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. ഗുവാഹത്തി, കിരംഗഞ്ച്, ബാര്‍പെട്ട, ഗോള്‍പാറ എന്നിവടങ്ങളിലാണ് ഏകദിന ശില്‍പശാലകള്‍ സംഘടിപ്പിച്ചത്. ഗുവാഹത്തിയില്‍ നടന്ന ശില്‍പശാല പോപുലര്‍ ഫ്രണ്ട് അസം സംസ്ഥാന പ്രസിഡന്റ് അമീനുല്‍ ഹഖ് ശില്‍പശാല ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി റഫീഖുല്‍ ഇസ്‌ലാം സമാപന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.


ഗുവാഹത്തി ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ അബ്ദുല്‍ റഹ്മാന്‍ ശിക്ദാര്‍, അസമിലെ ബ്രഹ്മപുത്ര വാലി സിവില്‍ സൊസൈറ്റി വര്‍ക്കിങ് പ്രസിഡന്റ് അബ്ദുല്‍ ബാറ്റന്‍ ഖണ്ഡകാര്‍, അസം ജസ്റ്റിസ് ഫോറം ജനറല്‍ സെക്രട്ടറി മത്യൂര്‍ റഹ്മാന്‍ എന്നിവര്‍ റിസോഴ്‌സ് പേഴ്‌സണായി പങ്കെടുത്തു. ഈമാസം ഏഴിന് കരിംഗഞ്ചില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ ബാരക്‌വാലി ഈസ്റ്റ്, വെസ്റ്റ് ജില്ലകളില്‍നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട സാമൂഹികപ്രവര്‍ത്തകരും നേതാക്കളും പങ്കെടുത്തു.


പോപുലര്‍ ഫ്രണ്ട് ദേശീയ നിര്‍വാഹക സമിതി (എന്‍ഇസി) അംഗം അഡ്വ.എ മുഹമ്മദ് യൂസുഫ് നിയമപരമായ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അബൂഷമ, അഡ്വ. ജിന്ന അമീര്‍ ഹുസൈന്‍ എന്നിവരും സംസാരിച്ചു. ഗുവാഹത്തിയില്‍ സംഘടിപ്പിച്ച മറ്റൊരു ശില്‍പശാലയില്‍ നാഗോണ്‍, ഉഡാല്‍ഗുരി, ഡാരങ് എന്നിവിടങ്ങളില്‍നിന്നുള്ള സാമൂഹികപ്രവര്‍ത്തകര്‍ പങ്കെടുത്തു.


സംസ്ഥാന ജനറല്‍ സെക്രട്ടറി റഫീഖുല്‍ ഇസ്‌ലാം, വൈസ് പ്രസിഡന്റ് അബൂഷമ, സംസ്ഥാന സമിതി അംഗം അയാനുദ്ദീന്‍ സംസാരിച്ചു. ബാര്‍പെട്ട, ഗോള്‍പാറ എന്നിവിടങ്ങളിലായി നടന്ന ശില്‍പശാലയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂഷമ, സംസ്ഥാന സമിതി അംഗം ബാസിര്‍ അഹമ്മദ്, അഡ്വ. ജിന്ന അമീര്‍ ഹുസൈന്‍, ബക്ഷ ജില്ലാ പ്രസിഡന്റ് സെയ്ദുല്‍ റഹ്മാന്‍, ജില്ലാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it