India

പീഡനക്കേസില്‍ ടിവി അവതാരകന്റെ അറസ്റ്റ്; 'മെന്‍ ടൂ' മൂവ്‌മെന്റ് തുടങ്ങണമെന്ന് സുഹൃത്തുക്കള്‍

യുവതി കരണിന് അയച്ച മെസേജുകള്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കു കാണിച്ചുകൊടുത്തപ്പോള്‍ കരണ്‍ നിഷ്‌കളങ്കനാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടെങ്കിലും ഒരു യുവതി രേഖാമൂലം പരാതി നല്‍കിയ സ്ഥിതിക്ക് നടപടിയെടുക്കാതിരിക്കാനാവില്ലെന്നാണ് പോലിസുകാര്‍ മറുപടി നല്‍കിയതൈന്നും അവര്‍ പറഞ്ഞു

പീഡനക്കേസില്‍ ടിവി അവതാരകന്റെ അറസ്റ്റ്; മെന്‍ ടൂ മൂവ്‌മെന്റ് തുടങ്ങണമെന്ന് സുഹൃത്തുക്കള്‍
X

മുംബൈ: പീഡനക്കേസില്‍ ടെലിവിഷന്‍ അവതാരകനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ 'മെന്‍ ടൂ' മൂവ്‌മെന്റ് തുടങ്ങണമെന്ന ആവശ്യവുമായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും രംഗത്ത്. യുവതിയെ ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പണം ആവശ്യപ്പെട്ടെന്നാരോപിച്ചാണ് ടെലിവിഷന്‍ അവതാരകനും നടനുമായ കരണ്‍ ഒബ്‌റോയിയെ പോലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ യുവതിയുടെ പരാതി വ്യാജമാണെന്നാണ് നടിയും കോളമിസ്റ്റുമായ പൂജാ ബേദിയും സഹോദരി ഗുര്‍ബാനി എബ്‌റോയിയും വാദിക്കുന്നത്. ഇരുവരുടെയും പരസ്പര സമ്മതത്തോടെ നടന്ന സംഭവങ്ങളെ പിന്നീട് പീഡനമാക്കി ചിത്രീകരിച്ച് പരാതി നല്‍കിയെന്നാണ് ഇവര്‍ പറയുന്നത്.


2016ല്‍ ഡേറ്റിങ് ആപ്പ് വഴിയാണ് കരണ്‍ ഒബ്‌റോയിയും യുവതിയും തമ്മില്‍ പരിചയപ്പെട്ടത്. 2018ല്‍ യുവതിക്കെതിരേ കരണ്‍ പീഡനപരാതി നല്‍കിയിരുന്നു. 2018ലെ അഭിമുഖത്തില്‍ കരണിനോടുള്ള ഇഷ്ടത്തെക്കുറിച്ചും കരണിന് നല്‍കിയ സമ്മാനങ്ങളെക്കുറിച്ചും യുവതി പറഞ്ഞിരുന്നു. ഇപ്പോള്‍ നിലപാട് മാറ്റിയ യുവതി, 2017ല്‍ കരണ്‍ തന്നെ ബലാല്‍സംഗം ചെയ്‌തെന്നാണ് പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കരണ്‍ അറസ്റ്റിലായത്. പരാതിയില്‍ ചൂണ്ടിക്കാട്ടിയ വിവരങ്ങള്‍ കഴിഞ്ഞ വര്‍ഷം യുവതി അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് നേര്‍ വിപരീതമാണെന്നാണ് പൂജാ ബേദി ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, മുംബൈ ഹൈക്കോടതി അവധിയിലായ സമയത്താണ് യുവതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നതും അതിനാല്‍ ജാമ്യത്തിന് അപേക്ഷിക്കാനാവില്ലെന്നതും പരാതിക്കു പിന്നിലെ ഗൂഢാലോചനയാണെന്ന് ഇവര്‍ ആരോപിക്കുന്നു. യുവതി കരണിന് അയച്ച മെസേജുകള്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കു കാണിച്ചുകൊടുത്തപ്പോള്‍ കരണ്‍ നിഷ്‌കളങ്കനാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടെങ്കിലും ഒരു യുവതി രേഖാമൂലം പരാതി നല്‍കിയ സ്ഥിതിക്ക് നടപടിയെടുക്കാതിരിക്കാനാവില്ലെന്നാണ് പോലിസുകാര്‍ മറുപടി നല്‍കിയതൈന്നും അവര്‍ പറഞ്ഞു. അതിനാല്‍ തന്നെ, സ്വകാര്യ നേട്ടങ്ങള്‍ക്കായി പലപ്പോഴും സ്ത്രീകള്‍ നിയമം ദുരൂപയോഗം ചെയ്യുന്നുണ്ടെന്നും പുരുഷന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മീടൂ കാംപയിന്‍ മാതൃകയില്‍ മെന്‍ ടു മൂവ്‌മെന്റ് തുടങ്ങണമെന്നുമാണ് കരണിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആവശ്യപ്പെടുന്നത്. പല പരാതികളിലും സ്ത്രീകള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിനാല്‍ പുരുഷന്‍മാരുടെ ഭാഗം കേള്‍ക്കുന്നില്ലെന്നും നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു.




Next Story

RELATED STORIES

Share it