India

അതിര്‍ത്തിയിലെ സംഘര്‍ഷം: പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്; എഎപിക്ക് ക്ഷണമില്ല

തിങ്കളാഴ്ചത്തെ സംഘര്‍ഷത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരം സര്‍ക്കാര്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ അറിയിക്കും. സേന ഉദ്യോഗസ്ഥര്‍ ഇക്കാര്യം വിശദീകരിക്കും.

അതിര്‍ത്തിയിലെ സംഘര്‍ഷം: പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്; എഎപിക്ക് ക്ഷണമില്ല
X

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യ- ചൈന സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വകക്ഷി നേതാക്കളുടെ യോഗം ഇന്ന് നടക്കും. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ച് ഇന്നത്തെ യോഗത്തിലേക്ക് ക്ഷണിച്ചത്.

വൈകീട്ട് അഞ്ചിന് നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ലോക് ജനശക്തി പാര്‍ട്ടി പ്രസിഡന്റ് ചിരാഗ് പാസ്വാന്‍, ശിരോമണി അകാലിദള്‍ പ്രസിഡന്റ് സുഖ്ബീര്‍ സിങ് ബാദല്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ബിജു ജനതാദള്‍ പ്രസിഡന്റും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍എസ്പി നേതാവ് ശരദ് പവാര്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡി, ജെഡിയു പ്രസിഡന്റും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, ബിഎസ്പി മേധാവി മായാവതി, ഡി രാജ തുടങ്ങിയവര്‍ പങ്കെടുക്കും.

അതേസമയം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് സി ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. അഞ്ച് എംപിമാരില്‍ കൂടുതലുള്ള രാഷ്ട്രീയപ്പാര്‍ട്ടികളെയാണ് വെള്ളിയാഴ്ചത്തെ മീറ്റിങ്ങിനായി വിളിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആം ആദ്മി പാര്‍ട്ടിക്ക് നാല് എംപിമാര്‍ മാത്രമാണുള്ളത്. അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തശേഷം ആദ്യമായാണ് സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നത്.

തിങ്കളാഴ്ചത്തെ സംഘര്‍ഷത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരം സര്‍ക്കാര്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ അറിയിക്കും. സേന ഉദ്യോഗസ്ഥര്‍ ഇക്കാര്യം വിശദീകരിക്കും. പ്രശ്‌നപരിഹാരത്തിന് നടക്കുന്ന ചര്‍ച്ചകളെക്കുറിച്ചും യോഗത്തെ അറിയിക്കും. അതേസമയം, ഇന്ത്യ- ചൈന സേനാതല ചര്‍ച്ച ഇന്ന് വീണ്ടും നടക്കും. ഇന്നലത്തെ ചര്‍ച്ചയില്‍ നേരിയ പുരോഗതിയുണ്ടായതിനെത്തുടര്‍ന്നാണ് ഇന്ന് മേജര്‍ ജനറല്‍മാര്‍ വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്.

Next Story

RELATED STORIES

Share it