India

പ്രധാനമന്ത്രിയുടെ അനന്തരവളുടെ പഴ്‌സും മൊബൈലും കവര്‍ന്നു

56,000 രൂപയും രണ്ടു മൊബൈല്‍ ഫോണും പ്രധാനപ്പെട്ട ചില രേഖകളും നഷ്ടമായതായി ദമയന്തി പറഞ്ഞു. വൈകീട്ടത്തെ വിമാനത്തില്‍ തനിക്ക് അഹമ്മദാബാദിലേക്ക് പോവേണ്ടതായിരുന്നെന്നും രേഖകള്‍ നഷ്ടപ്പെട്ടതിനാല്‍ യാത്രമുടങ്ങിയെന്നും ദമയന്തി പറഞ്ഞു.

പ്രധാനമന്ത്രിയുടെ അനന്തരവളുടെ പഴ്‌സും മൊബൈലും കവര്‍ന്നു
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനന്തരവളുടെ പണമടങ്ങിയ പഴ്‌സും മൊബൈല്‍ ഫോണുകളും കവര്‍ച്ചാസംഘം തട്ടിയെടുത്തു. ഡല്‍ഹിയിലെ സിവില്‍ ലൈന്‍സിലുള്ള ഗുജറാത്തി സമാജ് ഭവന്റെ ഗേറ്റിനു പുറത്തുവച്ചാണു മോദിയുടെ സഹോദരന്റെ മകള്‍ ദമയന്തി ബെന്‍ മോദിയുടെ പഴ്‌സും മെബൈലകളും മോഷ്ടാക്കള്‍ കവര്‍ന്നത്. ശനിയാഴ്ച രാവിലെ അമൃത്‌സറില്‍നിന്ന് മടങ്ങിയെത്തിയ ദമയന്തി, ഗുജറാത്തി സമാജ് ഭവനില്‍ മുറി ബുക്ക് ചെയ്തിരുന്നു. റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഓട്ടോയിലാണ് ദമയന്തി സമാജ് ഭവനിലേക്ക് വന്നത്.

അതിന്റെ ഗേറ്റിന് മുന്നില്‍വച്ച് ഓട്ടോയില്‍നിന്ന് ഇറങ്ങുമ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം പഴ്‌സ് തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. 56,000 രൂപയും രണ്ടു മൊബൈല്‍ ഫോണും പ്രധാനപ്പെട്ട ചില രേഖകളും നഷ്ടമായതായി ദമയന്തി പറഞ്ഞു. വൈകീട്ടത്തെ വിമാനത്തില്‍ തനിക്ക് അഹമ്മദാബാദിലേക്ക് പോവേണ്ടതായിരുന്നെന്നും രേഖകള്‍ നഷ്ടപ്പെട്ടതിനാല്‍ യാത്രമുടങ്ങിയെന്നും ദമയന്തി പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ എന്നിവരുടെ ഔദ്യോഗിക വസതിക്കു തൊട്ടരികെനിന്നാണു മോദിയുടെ അനന്തരവള്‍ കൊള്ളയടിക്കപ്പെട്ടത്.

ദമയന്തിയുടെ പരാതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും കുറ്റവാളികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും ഡല്‍ഹി പോലിസ് അറിയിച്ചു. റെയില്‍വേ സ്റ്റേഷനില്‍നിന്ന് സിവില്‍ ലൈനുകളിലേക്കുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഡിസിപി (നോര്‍ത്ത്) മോണിക്ക ഭരദ്വാജ് പറഞ്ഞു. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് സമീപകാലത്തായി റിപോര്‍ട്ട് ചെയ്യുന്നത്.

Next Story

RELATED STORIES

Share it