കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നം: ട്രംപിനോട് ഇടപെടരുതെന്ന് മോദി പറഞ്ഞിട്ടുണ്ടെന്ന് അമിത് ഷാ

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെ കോണ്‍ഗ്രസും എന്‍സിപിയും എതിര്‍ത്തിരുന്നു. അവരോട് കശ്മീര്‍ വിഷയത്തിലെ നിലപാട് എന്താണെന്ന് നിങ്ങള്‍ ചോദിക്കണമെന്ന് വോട്ടര്‍മാരോട് അമിത് ഷാ പറഞ്ഞു.

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നം: ട്രംപിനോട് ഇടപെടരുതെന്ന് മോദി പറഞ്ഞിട്ടുണ്ടെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും വിഷയത്തില്‍ ഇടപെടരുതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം വെളിപ്പെടുത്തിയത്. കശ്മീര്‍ വിഷയം പരിഹരിക്കുന്നതിന് ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. അപ്പോള്‍തന്നെ മധ്യസ്ഥത വഹിക്കേണ്ടതില്ലെന്ന് ഇന്ത്യ അറിയിക്കുകയും ചെയ്തു.

കശ്മീര്‍ പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ്. ആ നിലപാട് വര്‍ഷങ്ങളായി നമ്മള്‍ സ്വീകരിച്ചിട്ടുള്ളതാണ്. ഏതെങ്കിലും രാജ്യം കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ ഈ നിലപാട് നമ്മള്‍ വ്യക്തമാക്കാറുണ്ട്. അവിടെ ഒരുതലത്തിലുള്ള ഇടപെടലും സഹിക്കാനാവില്ല. അത് അമേരിക്കന്‍ പ്രസിഡന്റോ മറ്റാരെങ്കിലുമോ ആവട്ടെ, നിലപാട് ഒന്നുതന്നെയാണ്. ഇക്കാര്യം മോദി ട്രംപിനെ അറിയിച്ചിട്ടുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെ കോണ്‍ഗ്രസും എന്‍സിപിയും എതിര്‍ത്തിരുന്നു. അവരോട് കശ്മീര്‍ വിഷയത്തിലെ നിലപാട് എന്താണെന്ന് നിങ്ങള്‍ ചോദിക്കണമെന്ന് വോട്ടര്‍മാരോട് അമിത് ഷാ പറഞ്ഞു. കശ്മീരിനെ ഇന്ത്യയുമായി ചേര്‍ക്കുമ്പോള്‍ ആര്‍ട്ടിക്കിള്‍ 370 വലിയ തടസ്സമായിരുന്നു. കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ ഒരു പ്രധാനമന്ത്രിയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ ധൈര്യം കാട്ടിയിട്ടില്ല. എന്നാല്‍, നരേന്ദ്രമോദി അത് ചെയ്തു. 370 റദ്ദാക്കിയാല്‍ കശ്മീരില്‍ രക്തപ്പുഴ ഒഴുകുമെന്നാണ് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയശേഷം ഒരു തുള്ളി രക്തംപോലും പൊടിഞ്ഞിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top