India

യുക്രെയ്‌നിലെ ഇന്ത്യക്കാരുമായി വരുന്ന വിമാനം മുംബൈയില്‍ ഇറങ്ങും

യുക്രെയ്‌നിലെ ഇന്ത്യക്കാരുമായി വരുന്ന വിമാനം മുംബൈയില്‍ ഇറങ്ങും
X

മുംബൈ: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രെയ്‌നില്‍നിന്ന് ഒഴിപ്പിച്ച ഇന്ത്യാക്കാരുമായി വരുന്ന എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറങ്ങും. റൊമാനിയയില്‍നിന്നും പുറപ്പെടുന്ന വിമാനം ഇന്ന് വൈകുന്നേരം നാലിന് ഛത്രപതി ശവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വിമാനത്താവളത്തിലെത്തി യാത്രക്കാരെ സ്വീകരിക്കും. 17 മലയാളികള്‍ ഉള്‍പ്പടെ 427 ഇന്ത്യക്കാരാണ് എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിലായി എത്തുന്നത്. ഹംഗറി വഴിയുള്ള രക്ഷാപ്രവര്‍ത്തനവും ഇന്ന് ആരംഭിക്കും.

റോഡ് മാര്‍ഗം യുക്രെയ്ന്‍- റൊമാനിയ അതിര്‍ത്തിയിലെത്തിയ ഇന്ത്യന്‍ പൗരന്‍മാരെ എയര്‍ ഇന്ത്യ വിമാനത്തില്‍ മാറ്റുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ബുക്കാറെസ്റ്റിലേക്ക് കൊണ്ടുപോവുന്നത്. ഫെബ്രുവരി 24 ന് രാവിലെ മുതല്‍ സിവില്‍ എയര്‍ക്രാഫ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി യുക്രേനിയന്‍ വ്യോമാതിര്‍ത്തി അടച്ചിരിക്കുന്നു. അതിനാല്‍, ബുക്കാറെസ്റ്റില്‍നിന്നും ബുഡാപെസ്റ്റില്‍നിന്നുമാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. യുക്രേനിയന്‍ വ്യോമാതിര്‍ത്തി അടയ്ക്കുന്നതിന് മുമ്പ്, ഫെബ്രുവരി 22ന് എയര്‍ ഇന്ത്യ ഒരു വിമാനം യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്ക് അയച്ചിരുന്നു. 240 പേരെ അന്ന് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നു. ഫെബ്രുവരി 24 നും ഫെബ്രുവരി 26 നും രണ്ട് വിമാനങ്ങള്‍ കൂടി ഡല്‍ഹിയില്‍നിന്ന് സര്‍വീസ് നടത്താന്‍ പദ്ധതിയുണ്ടായിരുന്നുവെങ്കിലും റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് യുക്രേനിയന്‍ വ്യോമാതിര്‍ത്തി അടച്ചതോടെ ഇതിന് കഴിഞ്ഞില്ല.

Next Story

RELATED STORIES

Share it