India

രാജ്യത്ത് വനവിസ്തൃതി കൂടിയെന്ന് 2019ലെ വനസര്‍വേ; പട്ടികയില്‍ കേരളം മൂന്നാമത്

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ വനമേഖലയില്‍ 823 ചതുരശ്ര കിലോമീറ്ററിന്റെ വര്‍ധനവുണ്ടായെന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറാണ് പുതിയ സര്‍വേ റിപോര്‍ട്ട് പുറത്തിറക്കിയത്.

രാജ്യത്ത് വനവിസ്തൃതി കൂടിയെന്ന് 2019ലെ വനസര്‍വേ; പട്ടികയില്‍ കേരളം മൂന്നാമത്
X

ന്യൂഡല്‍ഹി: രാജ്യത്ത് പൊതുവില്‍ വനവിസ്തൃതി കൂടിയെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതില്‍ കുറവുണ്ടായതായും 2019ലെ വനസര്‍വേ റിപോര്‍ട്ട്. വനവിസ്തൃതി കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മൂന്നാമതാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ വനമേഖലയില്‍ 823 ചതുരശ്ര കിലോമീറ്ററിന്റെ വര്‍ധനവുണ്ടായെന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറാണ് പുതിയ സര്‍വേ റിപോര്‍ട്ട് പുറത്തിറക്കിയത്. വനവിസ്തൃതി കൂടിയ സംസ്ഥാനങ്ങളില്‍ ഒന്നാമത് കര്‍ണാടകമാണ്. ഇവിടെ 1,025 ചതുരശ്ര കിലോമീറ്ററിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആന്ധ്രാപ്രദേശ് രണ്ടാംസ്ഥാനത്തും (990 ചതു. കി.മീ) കേരളം മൂന്നാമതുമാണ്.


അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറം എന്നിവിടങ്ങളില്‍ വനവിസ്തൃതിയില്‍ കുത്തനെ ഇടിവുണ്ടായി. വടക്കുകിഴക്കന്‍ മേഖലയിലെ ഇടിവ് ഇതുവരെ ആശങ്കാജനകമല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് പരിഹരിക്കുന്നതിനുള്ള നയങ്ങള്‍ കേന്ദ്രം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഏറ്റവും അധികം വനവിസ്തൃതി കൂടിയ ജില്ല പാലക്കാടാണ്. ഇവിടെ മാത്രം 257 ചതുരശ്ര കിലോമീറ്റര്‍കൂടി. കോട്ടയം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും വനമേഖലകള്‍കൂടി. വയനാട്, തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ വനവിസ്തൃതി കുറയുകയും ചെയ്തു.

കേരളത്തില്‍ വൃക്ഷാവരണം കുറയുന്നുവെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ 23 ചതുരശ്ര കിലോമീറ്റര്‍ വൃക്ഷാവരണം കുറഞ്ഞു. കേരളത്തിലെ വനവിസ്തൃതി കൂടിയ മറ്റ് ജില്ലകള്‍ മലപ്പുറം (170 ചതു.കി.മി), കോട്ടയം (137 ചതു. കി.മി), പത്തനംതിട്ട (125 ചതു. കി.മി) എന്നിങ്ങനെയാണ്. വനമേഖലകളിലെ എല്ലാ വിഭാഗത്തിലും ഒരുപോലെ വര്‍ധനവുണ്ടായ ഏകരാജ്യം ഇന്ത്യയാണ്. 2017ല്‍ വനവിസൃതി 7,08,273 ചതുരശ്ര കിലോമീറ്ററായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 7,12,249 ചതുരശ്ര കിലോമീറ്ററായി. രണ്ടുവര്‍ഷത്തിനുള്ളില്‍ വിസ്തൃതിയില്‍ 3,976 ചതുരശ്ര കിലോമീറ്ററിന്റെ വര്‍ധനവുണ്ടായി. വൃക്ഷാവരണം 1212 ചതുരശ്ര കിലോമീറ്ററും കൂടിയതായി റിപോര്‍ട്ട് പറയുന്നു.

Next Story

RELATED STORIES

Share it