India

എംപിമാരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കണം; പ്രതിപക്ഷ എംപിമാര്‍ ഒന്നടങ്കം ഇന്ന് രാജ്യസഭ ബഹിഷ്‌കരിക്കും

എംപിമാരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കണം; പ്രതിപക്ഷ എംപിമാര്‍ ഒന്നടങ്കം ഇന്ന് രാജ്യസഭ ബഹിഷ്‌കരിക്കും
X

ന്യൂഡല്‍ഹി: രാജ്യസഭയില്‍നിന്ന് 12 പ്രതിപക്ഷ എംപിമാരെ സസ്‌പെന്റ് ചെയ്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം ഇന്ന് രാജ്യസഭ ബഹിഷ്‌കരിച്ച് എംപിമാരുടെ സത്യഗ്രഹ സമരത്തില്‍ പങ്കുചേരും. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സസ്‌പെന്‍ഷനിലായ എംപിമാര്‍ ദിവസവും നടത്തുന്ന സത്യഗ്രഹത്തില്‍ രാജ്യസഭയിലെ മുഴുവന്‍ പ്രതിപക്ഷ എംപിമാരും ഇന്ന് അണിചേരും. ലോക്‌സഭയിലെ പ്രതിപക്ഷ എംപിമാരും മറ്റൊരു ദിവസം അവരോടൊപ്പം ചേരും.

കഴിഞ്ഞ സമ്മേളനത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ ഒരു സമ്മേളന കാലം മുഴുവന്‍ 12 പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പുറത്തുനിര്‍ത്തിയ സംഭവം കേട്ടുകേള്‍വിയില്ലാത്തതാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം കഴിഞ്ഞ മാസം 29ന് തുടങ്ങിയതു മുതല്‍ എംപിമാര്‍ സത്യഗ്രഹം തുടര്‍ന്നിട്ടും പ്രശ്‌നപരിഹാരം നീളുന്നതിനാലാണ് മുഴുവന്‍ പ്രതിപക്ഷ എംപിമാരും സമരത്തില്‍ പങ്കാളികളാവാന്‍ തീരുമാനിച്ചത്.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ കക്ഷിഭേദമന്യേ സമരത്തില്‍ പങ്കുചേരാനാണു തീരുമാനം. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, എ കെ ആന്റണി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ സത്യഗ്രഹമിരിക്കുന്ന എംപിമാര്‍ക്ക് പിന്തുണയുമായെത്തിയിരുന്നു. എന്‍സിപി നേതാക്കളായ ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ശിവസേനാ എംപി സഞ്ജയ് റാവത്ത്, എസ്പി നേതാവ് ജയ ബച്ചന്‍ തുടങ്ങി നിരവധി നേതാക്കളും ഇന്നലെ സത്യഗ്രഹ വേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു. ക്ഷമ പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്നാണു കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം.

ക്ഷമ പറഞ്ഞ് കാര്യം നേടാന്‍ തങ്ങള്‍ സവര്‍ക്കര്‍ അല്ലെന്നാണ് എംപിമാരുടെ പ്രതികരണം. ഇതെത്തതുടര്‍ന്ന് സസ്‌പെന്‍ഷനും സത്യഗ്രഹവും രണ്ടാമത്തെ ആഴ്ചയിലേക്കു കടന്നപ്പോഴും പ്രതിസന്ധിക്ക് പരിഹാരം നീളുകയാണ്. മറ്റ് പ്രതിപക്ഷ നേതാക്കളുമായി ബന്ധപ്പെട്ട് പ്രതിഷേധം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നിരവധി ശ്രമങ്ങള്‍ നടത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കാനും അവരില്‍നിന്ന് മറുപടി കിട്ടാനും സഭ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് കോണ്‍ഗ്രസ് പറയുന്നു.

ഏതെങ്കിലും പ്രത്യേക സംവാദങ്ങള്‍ക്കോ നിയമനിര്‍മാണങ്ങള്‍ക്കോ വേണ്ടി പ്രതിഷേധങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാക്കളില്‍ ഭൂരിഭാഗവും യോഗത്തില്‍ വ്യക്തമാക്കി. സസ്‌പെന്‍ഷന്‍ പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്ന് ഖാര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിലക്കയറ്റവും നാഗാലാന്‍ഡിലെ കൊലപാതകങ്ങളും പോലുള്ള നിരവധി വിഷയങ്ങള്‍ ഉന്നയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. എന്നാല്‍, ഞങ്ങളുടെ 12 സഹപ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. അവര്‍ക്ക് സംവാദത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല- അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it