Athletics

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്‌സ് യോഗ്യത; ചരിത്രം കുറിച്ച് മലയാളി താരം ജാബിര്‍

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്‌സ് യോഗ്യത; ചരിത്രം കുറിച്ച് മലയാളി താരം ജാബിര്‍
X

ന്യൂഡല്‍ഹി: 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്‌സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമെന്ന നേട്ടം ഇനി മലപ്പുറം സ്വദേശി എം പി ജാബിറിന് സ്വന്തം. പട്യാലയില്‍ അടുത്തിടെ സമാപിച്ച അന്തര്‍സംസ്ഥാന അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 49.78 സെക്കന്‍ഡില്‍ സ്വര്‍ണം കരസ്ഥമാക്കിയ ശേഷമാണ് ഇന്ത്യന്‍ നാവികസേനയുടെ അത്‌ലറ്റ് കൂടിയായ എം പി ജബീര്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടിയത്. ജാവലിന്‍ ത്രോ താരം അന്നു റാണിയും സ്പ്രിന്റര്‍ ദ്യുതി ചന്ദും ജാബിറിനൊപ്പം ഒളിമ്പിക് യോഗ്യത നേടി. റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേര്‍ക്കും യോഗ്യത ലഭിച്ചത്. ഒളിംപിക്‌സിനുള്ള യോഗ്യതാ മല്‍സരങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു.

യോഗ്യതാ മാര്‍ക്ക് മറികടന്നവരെ ഒഴിച്ചുനിര്‍ത്തി ശേഷിക്കുന്ന റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് മൂവരും ടോക്യോയിലേക്ക് ടിക്കറ്റെടുത്തത്. 14 റാങ്കുകള്‍ ലഭ്യമായ ലോക റാങ്കിങ് ക്വാട്ടയിലൂടെയാണ് ജബീര്‍ യോഗ്യത നേടിയതെന്ന് ഡിഫന്‍സ് വക്താവ് പറഞ്ഞു. ഈ മൂന്നുപേരെയും കൂടാതെ 4x400 മീറ്റര്‍ മിക്‌സഡ് റിലേ ടീം, പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാശ് സാബ്ലെ, പുരുഷന്‍മാരുടെ ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്ങ്, പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ശിവ്പാല്‍ സിങ്, നീരജ് ചോപ്ര, പുരുഷന്‍മാരുടെ ലോങ് ജമ്പില്‍ എം ശ്രീശങ്കര്‍, വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍, നടത്ത മല്‍സരത്തില്‍ കെ ടി ഇര്‍ഫാന്‍, സന്ദീപ് കുമാര്‍, രാഹുല്‍ രോഹില, ഭാവ്‌ന ജത്, പ്രിയങ്ക ഗോസ്വാമി എന്നവിരും ഒളിമ്പിക്‌സിന് യോഗ്യത നേടിയിട്ടുണ്ട്.

40 അത്‌ലറ്റുകള്‍ യോഗ്യത നേടുന്ന ലോക അത്‌ലറ്റിക്‌സിന്റെ റോഡ് ടു ഒളിംപിക്‌സ് റാങ്കിങ്ങില്‍ നിലവില്‍ 34ാം സ്ഥാനത്താണ് ജാബിര്‍. മലപ്പുറം ആനക്കയം മുടിക്കോട് സ്വദേശിയാണ് ഈ 25കാരന്‍. 2017ല്‍ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജാബിര്‍ വെങ്കലം നേടിയിരുന്നു. 2019ല്‍ ദോഹയില്‍ സ്ഥാപിച്ച 49.13 സെക്കന്റാണ് 400 മീറ്റര്‍ ഹര്‍ഡില്‍സിലെ മികച്ച സമയം. 100 മീറ്ററിലും 200 മീറ്ററിലും ഇന്ത്യയുടെ പ്രതീക്ഷയായ ദ്യുതി ചന്ദ് രണ്ടാം തവണയാണ് ഒളിമ്പിക്‌സിന് യോഗ്യത നേടുന്നത്. റിയോ ഒളിമ്പിക്‌സിലും താരം ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.

പട്യാലയില്‍ നടന്ന ദേശീയ ഇന്റര്‍‌സ്റ്റേറ്റ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്ററില്‍ ദ്യുതി ചന്ദ് റെക്കോഡ് സ്ഥാപിച്ചിരുന്നു. 11.17 സെക്കന്റില്‍ ജാബിര്‍ 100 മീറ്റര്‍ പിന്നിട്ടു. എന്നാല്‍, ഒളിമ്പിക്‌സ് യോഗ്യതാ മാര്‍ക്കായ 11.15 സെക്കന്റ് അദ്ദേഹത്തിന് പിന്നിടാന്‍ കഴിഞ്ഞില്ല. വനിതാ ജാവലിന്‍ ത്രോയില്‍ ദേശീയ റെക്കോഡിനുടമയായ അന്നു റാണിയുടെ ആദ്യ ഒളിമ്പിക്‌സാണിത്. പട്യാലയില്‍ 62.83 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ച് അന്നു റാണി സ്വര്‍ണം നേടിയിരുന്നു. എന്നാല്‍, ഒല്‍മ്പിക്‌സില്‍ നേരിട്ട് യോഗ്യത നേടാനുള്ള ദൂരം 64 മീറ്റര്‍ ആയിരുന്നു.

അത് മറികടക്കാന്‍ താരത്തിനായില്ല. ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മല്‍സരിച്ച കേരളത്തില്‍നിന്നുള്ള ആദ്യ അത്‌ലറ്റ് പി ടി ഉഷയാണ്. കേരളത്തില്‍നിന്നും ഒളിമ്പിക്‌സില്‍ ഇതേ മല്‍സരത്തില്‍ പങ്കെടുക്കുന്ന ജാബിര്‍ രണ്ടാമനാണ്. ഇന്ത്യന്‍ നാവികസേനയെയും സര്‍വീസസിനെയും പ്രതിനിധീകരിച്ച് ജാബിര്‍ നിരവധി ദേശീയ അന്തര്‍ദേശീയ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് ജാബിര്‍ എന്ന് വക്താവ് പറഞ്ഞു.

Next Story

RELATED STORIES

Share it