India

കേന്ദ്രമന്ത്രി അജയ് മിശ്രയ്ക്ക് നേരേ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചീമുട്ടയേറ് (വീഡിയോ)

കേന്ദ്രമന്ത്രി അജയ് മിശ്രയ്ക്ക് നേരേ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചീമുട്ടയേറ് (വീഡിയോ)
X

ഭുവനേശ്വര്‍: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്ക് നേരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞ് പ്രതിഷേധിച്ചു. നാഷനല്‍ സ്റ്റുഡന്റ് യൂനിയന്‍ ഓഫ് ഇന്ത്യ (എന്‍എസ്‌യുഐ) പ്രവര്‍ത്തകരാണ് കേന്ദ്രമന്ത്രിയുടെ വാഹനത്തിന് നേരേ ചീമുട്ടയെറിഞ്ഞത്. ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലയില്‍ മന്ത്രിക്കും പങ്കുണ്ടെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഭുവനേശ്വറിലെ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തായിരുന്നു സംഭവം. മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരേ കരിങ്കൊടി കാണിച്ചെത്തിയ എന്‍എസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനമെത്തിയപ്പോള്‍ ചീമുട്ടയെറിയുകയായിരുന്നു.

കട്ടക്കിലെ മുണ്ടുലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഒഡീഷയിലെത്തിയതായിരുന്നു മന്ത്രി. കരിങ്കൊടി കാണിച്ച നിരവധി എന്‍എസ്‌യുഐ പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. ആഴ്ചകള്‍ക്ക് മുമ്പാണ് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക സമരത്തിനിടയിലേക്ക് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനമിടിച്ചുകയറ്റിയത്. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അജയ് മിശ്രയുടെ രാജിയാവശ്യപ്പെട്ട് സമരം ശക്തമാവുന്നതിനിടെയാണ് പരസ്യമായ പ്രതിഷേധമുണ്ടായത്.

കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന സംഭവത്തില്‍ മകന് പങ്കുള്ളതിനാല്‍ കേന്ദ്രമന്ത്രി രാജിവയ്ക്കണമെന്നാണ് എന്‍എസ്‌ഐയുവിന്റെ ആവശ്യം. ലഖിംപൂര്‍ ഖേരി കേസുമായി ബന്ധപ്പെട്ട് അജയ് മിശ്രയുടെ മകന്‍ ആശിഷ് ഒക്ടോബര്‍ 9നാണ് അറസ്റ്റിലായത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുമുണ്ടായിരുന്നുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരേ വെടിയുതിര്‍ത്തതായും പരാമര്‍ശമുണ്ട്.

Next Story

RELATED STORIES

Share it