India

സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം; ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്‍പ് വന്‍ പ്രഖ്യാപനവുമായി നീതീഷ് കുമാര്‍

സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം; ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്‍പ് വന്‍ പ്രഖ്യാപനവുമായി നീതീഷ് കുമാര്‍
X

പട്ന: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാര്‍ സര്‍ക്കാര്‍ എല്ലാ സര്‍ക്കാര്‍ സര്‍വീസിലും സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം ഏര്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് സുപ്രധാന തീരുമാനം. ഇതോടെ എല്ലാ സര്‍ക്കാര്‍ തസ്തികകളിലും സ്ത്രീകളുടെ സംവരണം 35 ശതമാനമായി.

യുവാക്കള്‍ക്ക് തൊഴിലും വിദ്യാഭ്യാസകാര്യങ്ങളും ഉറപ്പാക്കുന്നതിന് സര്‍ക്കാരിനെ ഉപദേശിക്കാന്‍ ബീഹാര്‍ യൂത്ത് കമ്മീഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയതിന് പിന്നാലെയാണിത്. 'ബീഹാറിലെ യുവാക്കള്‍ക്ക് കൂടുതല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും അവരെ പരിശീലിപ്പിക്കുന്നതിനും അവരെ ശാക്തീകരിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാന സര്‍ക്കാര്‍ ബീഹാര്‍ യൂത്ത് കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായി അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, ഇന്ന് മന്ത്രിസഭ ബിഹാര്‍ യൂത്ത് കമ്മീഷന്‍ രൂപീകരിക്കുന്നതിനും അംഗീകാരം നല്‍കി,' നിതീഷ് കുമാര്‍ എക്‌സില്‍ കുറിച്ചു.

'ബീഹാര്‍ യുവജന കമ്മീഷനില്‍ ഒരു ചെയര്‍പേഴ്‌സണ്‍, രണ്ട് വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍, ഏഴ് അംഗങ്ങള്‍ എന്നിവരുണ്ടാകും, പരമാവധി പ്രായപരിധി 45 വയസ്സാണ്. പ്രദേശത്തെ യുവാക്കള്‍ക്ക് സംസ്ഥാനത്തിനുള്ളിലെ സ്വകാര്യ മേഖലയിലെ തൊഴിലുകളില്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്ന് ഈ കമ്മീഷന്‍ നിരീക്ഷിക്കുകയും സംസ്ഥാനത്തിന് പുറത്ത് പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന യുവാക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും.' നീതിഷ് കുമാറിന്റെ കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ മാസം, നിതീഷ് കുമാര്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തുക 400രൂപയില്‍ നിന്ന് 1100 രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. ജൂലായ് മാസം മുതല്‍ പുതുക്കിയ തുക ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. എല്ലാ മാസവും 10-ാം തിയ്യതി തുക അക്കൗണ്ടില്‍ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വര്‍ഷം ഒക്ടോബര്‍ - നവംബറില്‍ നടക്കും.





Next Story

RELATED STORIES

Share it