India

മൈസൂരില്‍ ദസറക്കിടെ ബലൂണ്‍ വില്‍ക്കാന്‍ എത്തിയ ഒമ്പത് വയസുകാരി മരിച്ച നിലയില്‍; ബലാല്‍സംഗ കൊലപാതകമെന്ന് കുടുംബം

മൈസൂരില്‍ ദസറക്കിടെ ബലൂണ്‍ വില്‍ക്കാന്‍ എത്തിയ ഒമ്പത് വയസുകാരി മരിച്ച നിലയില്‍; ബലാല്‍സംഗ കൊലപാതകമെന്ന് കുടുംബം
X

മൈസൂരു: ദസറ ആഘോഷങ്ങള്‍ക്കിടെ മൈസൂരുവില്‍ ബലൂണുകള്‍ വില്‍ക്കാന്‍ എത്തിയ ഒമ്പത് വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി പോലിസ്. കലബുറഗി ജില്ലയില്‍ നിന്ന് കുടുംബത്തോടൊപ്പം എത്തിയ പെണ്‍കുട്ടിയെയാണ് താല്‍ക്കാലിക ഷെഡിന് സമീപം വ്യാഴാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് മാതാപിതാക്കളുടെ ആരോപണം.

ദസറ ഉല്‍സവത്തിനിടെ ബലൂണുകളും മറ്റ് ചെറിയ വസ്തുക്കളും വില്‍ക്കാന്‍ കലബുറഗിയില്‍ നിന്ന് ഏകദേശം 50 കുടുംബങ്ങള്‍ മൈസൂരുവില്‍ എത്തിയതായി പോലിസ് പറഞ്ഞു. മൈസൂരു പാലസ്, എക്സിബിഷന്‍ ഗ്രൗണ്ട്, ചാമുണ്ടി ഹില്‍, ദേവരാജ ഉര്‍സ് റോഡ്, ദേവരാജ മാര്‍ക്കറ്റ് തുടങ്ങിയ ദസറ വേദികള്‍ക്ക് സമീപം അവര്‍ താല്‍ക്കാലിക ഷെഡുകള്‍ സ്ഥാപിച്ചിരുന്നു. ബുധനാഴ്ച രാത്രി പെണ്‍കുട്ടിയുടെ കുടുംബത്തിലെ എട്ട് അംഗങ്ങള്‍ അവരുടെ ഷെഡിനുള്ളില്‍ ഉറങ്ങുകയായിരുന്നുവെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വ്യാഴാഴ്ച പുലര്‍ച്ചെ മഴ പെയ്യാന്‍ തുടങ്ങിയതോടെ ഷെഡിനുള്ളിലേക്കും വെള്ളം എത്തി. ഇതോടെ ടാര്‍പോളിന്‍ ഉപയോഗിച്ച് ഷെഡ് സുരക്ഷിതമാക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് മകള്‍ തങ്ങള്‍ക്കൊപ്പമില്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനുശേഷം, ഷെഡിന് അടുത്തുള്ള ഒരു കുഴിക്ക് സമീപം പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ ചിതറിക്കിടക്കുന്നതായി കുടുംബം കണ്ടെത്തി. ഇതിന് പിന്നാലെ തന്നെ സമീപത്ത് മരിച്ച നിലയില്‍ പെണ്‍കുട്ടിയേയും കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ തലയിലും കഴുത്തിലും കവിളിലും മറ്റ് ഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു. തുടര്‍ന്ന് നടപടി ആവശ്യപ്പെട്ട് കുടുംബം പോലിസില്‍ പരാതി നല്‍കുകയായിരുന്നു. രാത്രിയില്‍ മകളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പരാതിയില്‍ ആരോപിക്കുന്നത്. കുറ്റവാളികള്‍ക്കെതിരെ ഉടന്‍ നിയമനടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ നസര്‍ബാദ് പോലിസ് ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്‌സോ) നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.




Next Story

RELATED STORIES

Share it