India

വീണ്ടും ആക്രമിക്കുമെന്ന നെതന്യാഹുവിന്റെ ഭീഷണി അപകടകരമായ പ്രകോപനം; അറബ് ഉച്ചകോടി കരട് പ്രമേയം

വീണ്ടും ആക്രമിക്കുമെന്ന നെതന്യാഹുവിന്റെ ഭീഷണി അപകടകരമായ പ്രകോപനം; അറബ് ഉച്ചകോടി കരട് പ്രമേയം
X

ദോഹ: ഇസ്രായേല്‍ സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും ഭീഷണിയാണെന്ന് അറബ് ഉച്ചകോടിയുടെ കരട് പ്രമേയം. ഗള്‍ഫ് രാജ്യങ്ങളെ വീണ്ടും ആക്രമിക്കുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണി അപകടകരമായ പ്രകോപനമാണെന്നും കരട് പ്രമേയത്തില്‍ പറയുന്നു. വിഷയത്തില്‍ സംയുക്ത നിലപാട് ഇന്ന് പ്രഖ്യാപിക്കും. ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് ഒഴിവാക്കണം എന്നും ഉച്ചകോടിയില്‍ ഖത്തര്‍ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍താനി അഭ്യര്‍ത്ഥിച്ചു.

ഖത്തറില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധമറിയിക്കാനായി ദോഹയില്‍ നടന്ന അറബ്, ഇസ് ലാമിക് രാഷ്ട്രങ്ങളുടെ കൂടിക്കാഴ്ചയില്‍ ഇസ്രായേലിനെതിരെ ശക്തമായ ഭാഷയിലാണ് ഖത്തര്‍ വിമര്‍ശിച്ചത്. ചെയ്ത കുറ്റങ്ങള്‍ക്ക് ഇസ്രായേലിനെ ശക്തമായ നടപടികള്‍ കൊണ്ട് നേരിടണമെന്ന് ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ഇരട്ട നിലപാട് വെടിയണം എന്നും ഖത്തര്‍ വ്യക്തമാക്കി. ഇസ്രായേല്‍ അക്രമണത്തിന് ഖത്തറിനെ മധ്യസ്ഥ ശ്രമങ്ങളില്‍ നിന്ന് തടയാന്‍ കഴിയില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. ഫലസ്തീന്‍ ജനതയെ അവരുടെ നാട്ടില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഉന്മൂലന യുദ്ധം വിജയിക്കാന്‍ പോകുന്നില്ലെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍താനി വ്യക്തമാക്കി.

അറബ്-മുസ്ലിം ഉച്ചകോടിയുടെ നിര്‍ണായക യോഗം ഇന്ന് നടക്കും. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിനോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന് യോഗം ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അറബ് രാഷ്ട്ര നേതാക്കള്‍ ദോഹയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. സൗദി, തുര്‍ക്കി, പാകിസ്ഥാന്‍, ഇറാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളും ഉദ്യോഗസ്ഥരും ഇതിനകം ഖത്തറില്‍ എത്തിയിട്ടുണ്ട്. ഇസ്രായേലിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ഒന്നിച്ചു നീങ്ങാന്‍ ലക്ഷ്യമിട്ടുള്ള കരടു പ്രമേയം ഇന്നലെ ദോഹയില്‍ നടന്ന വിദേശകാര്യ മന്ത്രിമാരുടെ ഒരു കൂടിക്കാഴ്ചയില്‍ അവതരിപ്പിച്ചിരുന്നു.






Next Story

RELATED STORIES

Share it