India

രാജ്യവ്യാപക എസ്ഐആര്‍ ഉടന്‍; ആദ്യഘട്ടത്തില്‍ കേരളവും: നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍

രാജ്യവ്യാപക എസ്ഐആര്‍ ഉടന്‍; ആദ്യഘട്ടത്തില്‍ കേരളവും: നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍
X

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് (എസ്ഐആറിന്) തയാറെടുക്കാന്‍ സംസ്ഥാന സിഇഒമാര്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. അടുത്തതായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. എസ്‌ഐആര്‍ ഷെഡ്യൂള്‍ പിന്നീട് പ്രഖ്യാപിക്കും.

ഡല്‍ഹിയില്‍ ചേര്‍ന്ന ചീഫ് ഇലക്ടറല്‍ ഓഫിസര്‍മാരുടെ രണ്ട് ദിവസത്തെ സമ്മേളനത്തില്‍ എസ്ഐആര്‍ നടപ്പിലാക്കാനുള്ള തയാറെടുപ്പുകള്‍ അവലോകനം ചെയ്തിരുന്നു. ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്‍ഡ് ഇലക്ടറല്‍ മാനേജ്മെന്റില്‍ (ഐഐഐഡിഇഎം) തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവിന്റെയും വിവേക് ജോഷിയുടെയും സാന്നിധ്യത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറാണ് സമ്മേളനത്തിന് നേതൃത്വം വഹിച്ചത്.

രാജ്യവ്യാപകമായി തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പ് തീരുമാനിച്ചിരുന്നു. ഉടന്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, പുതുച്ചേരി, പശ്ചിമ ബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാകും വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ആദ്യ ഘട്ടം നടത്തുക. മൂന്ന് മാസത്തിനകം ഈ സംസ്ഥാനങ്ങളിലെ എസ്ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കമ്മിഷന്റെ തീരുമാനം.

2002 ലാണ് കേരളത്തില്‍ അവസാനമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടന്നത്. 2002 ല്‍ പുറത്തിറങ്ങിയ വോട്ടര്‍ പട്ടികയെ അടിസ്ഥാന രേഖയാക്കിയാണ് ഈ വര്‍ഷത്തെ പരിഷ്‌കരണം ഉണ്ടാവുക. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഐആറിനെ തുടര്‍ന്നുള്ള വോട്ടര്‍ പട്ടികയാകും പ്രസിദ്ധീകരിക്കുക.




Next Story

RELATED STORIES

Share it