India

ഗ്രാമീണരെ വെടിവച്ച് കൊന്ന സംഭവം: നാഗാലാന്‍ഡില്‍ അസം റൈഫിള്‍സ് ക്യാംപിന് നേരേ ആക്രമണം

ഗ്രാമീണരെ വെടിവച്ച് കൊന്ന സംഭവം: നാഗാലാന്‍ഡില്‍ അസം റൈഫിള്‍സ് ക്യാംപിന് നേരേ ആക്രമണം
X

കോഹിമ: നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പലയിടത്തും അക്രമം പൊട്ടിപ്പുറപ്പെടുന്നു. ഗ്രാമീണരുടെ കൊലപാതകത്തില്‍ അക്രമാസക്തരായ പ്രദേശവാസികള്‍ നാഗാലാന്‍ഡ് മോണ്‍ നഗരത്തിലെ അസം റൈഫിള്‍സ് ക്യാംപിന് നേരേ ആക്രമണം നടത്തി. ക്യാംപിന് തീയിടാനും ഇവര്‍ ശ്രമിച്ചു. പുറത്തുവരുന്ന ദൃശ്യങ്ങള്‍ അനുസരിച്ച് അസം റൈഫിള്‍സ് ക്യാംപില്‍നിന്ന് പുക ഉയരുന്നത് കാണാന്‍ കഴിയും. അസം റൈഫിള്‍സ് ക്യാംപില്‍നിന്ന് വെടിയുണ്ടകളുടെ ശബ്ദത്തോടൊപ്പമാണ് പുകയും ഉയരുന്നത്.


ആളപായമോ മരണമോ ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശവാസികളുടെ മരണത്തില്‍ പ്രതിഷേധിച്ച് മോണ്‍ നഗരത്തില്‍ പലയിടത്തും ഗ്രാമീണര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതെത്തുടര്‍ന്ന് പ്രദേശത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മോണ്‍ ജില്ലയില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങളും റദ്ദാക്കി. ക്രമസമാധാനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ താല്‍ക്കാലികമായി റദ്ദാക്കിയതായി സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 13 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. മോണ്‍ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. സായുധരെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാസേന ആളുമാറി വെടിവച്ചതാണെന്നാണ് റിപോര്‍ട്ട്. സംഭവത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ ഗ്രാമവാസികള്‍ കൊല്ലപ്പെട്ടതോടെ രോഷാകുലരായ നാട്ടുകാര്‍ സുരക്ഷാസേനയെ വളയുകയും ഇവരുടെ വാഹനം കത്തിക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it