India

സംഘടനയ്‌ക്കെതിരായ നീക്കത്തെ നിയമപരവും ജനാധിപത്യപരവുമായി നേരിടും: പോപുലര്‍ ഫ്രണ്ട്

സംഘടനയ്‌ക്കെതിരായ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. അതുകൊണ്ടുതന്നെ പോപുലര്‍ ഫ്രണ്ട് പോലുള്ള ഒരു ജനകീയപ്രസ്ഥാനത്തെ നിരോധിക്കാന്‍ സംസ്ഥാനത്തിനോ കേന്ദ്രത്തിനോ നിയമപരമായി കഴിയില്ല. ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം പഴയതും വര്‍ഷങ്ങളായി തെളിയിക്കപ്പെടാത്തതുമാണ്.

സംഘടനയ്‌ക്കെതിരായ നീക്കത്തെ നിയമപരവും ജനാധിപത്യപരവുമായി നേരിടും: പോപുലര്‍ ഫ്രണ്ട്
X

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരേ ഉത്തര്‍പ്രദേശ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും നടത്തുന്ന പ്രതികാരനടപടികളെ നിയമപരമായും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ പ്രതിരോധിക്കുമെന്ന് വൈസ് ചെയര്‍മാന്‍ ഒ എം എ സലാമും സെക്രട്ടറി അനീസ് അഹമ്മദും അറിയിച്ചു. സംഘടനയ്ക്ക് ഇന്ത്യന്‍ ഭരണഘടനയിലും നമ്മുടെ സമ്പന്നമായ ജനാധിപത്യസംസ്‌കാരത്തിലും അതിയായ വിശ്വാസമുണ്ട്. ഓരോ പൗരന്റെയും ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. സംഘടനയ്‌ക്കെതിരേ അപവാദപ്രചാരണങ്ങള്‍ നടത്തി ഈ പാതയില്‍നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാന്‍ കഴിയില്ല. ഇത്തരം പ്രചാരണങ്ങള്‍ രാജ്യത്തെ വിയോജിപ്പിന്റെ ശബ്ദമുയര്‍ത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ്. ഈ അനീതിക്കെതിരേ ശബ്ദമുയര്‍ത്താന്‍ രാജ്യത്തെ എല്ലാ ജനാധിപത്യശക്തികളും മുന്നോട്ടുവരണമെന്ന് ഭാരവാഹികള്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.

പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ യുപി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി റിപോര്‍ട്ടുണ്ട്. ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നു. ഇത് ജനാധിപത്യ അവകാശങ്ങള്‍ക്കെതിരായ യോഗി പോലിസിന്റെ സ്വേച്ഛാധിപത്യ നടപടിയും മുഖം രക്ഷിക്കല്‍ പ്രവൃത്തിയും മാത്രമാണ്. സംഘടനയ്‌ക്കെതിരായ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. അതുകൊണ്ടുതന്നെ പോപുലര്‍ ഫ്രണ്ട് പോലുള്ള ഒരു ജനകീയപ്രസ്ഥാനത്തെ നിരോധിക്കാന്‍ സംസ്ഥാനത്തിനോ കേന്ദ്രത്തിനോ നിയമപരമായി കഴിയില്ല. ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം പഴയതും വര്‍ഷങ്ങളായി തെളിയിക്കപ്പെടാത്തതുമാണ്. ജനങ്ങള്‍ക്കിടയില്‍ പരസ്യമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പോപുലര്‍ ഫ്രണ്ട്. നിക്ഷ്പക്ഷമായ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു.

ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും വര്‍ഗീയനയങ്ങള്‍ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ പേരിലാണ് സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. യുപി സര്‍ക്കാരും പോലിസും ചേര്‍ന്ന് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും പ്രവര്‍ത്തകരെ അടിച്ചൊതുക്കുന്നതിനും ഗൂഢാലോചന നടത്തുകയാണ്. പൗരത്വഭേദഗതി നിയമം പാസാക്കിയശേഷം രാജ്യത്ത് ഉയര്‍ന്നുവന്ന പ്രത്യേക സാഹചര്യങ്ങള്‍ അവര്‍ ഇതിനായി ഉപയോഗപ്പെടുത്തി. രാജ്യത്തുടനീളം പ്രതിഷേധം നടന്നുവെന്ന വസ്തുത നിഷേധിക്കാനാവില്ല. എന്നാല്‍, ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചത് ബിജെപി ഭരിച്ച സംസ്ഥാനങ്ങള്‍ മാത്രമാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. അധികാരികളുടെ വിവേചനപരമായ മനോഭാവമാണ് യുപിയില്‍ കടുത്ത അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കും കാരണമായത്. മുസ്‌ലിം ആധിപത്യമുള്ള പ്രദേശങ്ങളിലെ വീടുകള്‍, വാഹനങ്ങള്‍, കടകള്‍ എന്നിവ പോലിസ് ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന റിപോര്‍ട്ടുകളും വീഡിയോ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.

പോലിസ് കസ്റ്റഡിയിലുള്ള മദ്‌റസാ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച ലജ്ജാകരമായ സംഭവവുമുണ്ടായി. ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ കൈകോര്‍ത്തു. പോലിസും ഹിന്ദുത്വഗ്രൂപ്പുകളുമാണ് പ്രതിഷേധത്തിനിടെ അക്രമം നടത്തിയത്. പ്രതിഷേധക്കാര്‍ക്കെതിരേ പ്രതികാരം ചെയ്യുമെന്ന യുപി മുഖ്യമന്ത്രിയുടെ പരസ്യപ്രഖ്യാപനം പോലിസ് നിറവേറ്റുകയാണുണ്ടായത്. ഈ കൂട്ടക്കൊലയില്‍ യുപി സര്‍ക്കാരിന്റെയും ഹിന്ദുത്വ ഗുണ്ടകളുടെയും പങ്ക് ലോകമെമ്പാടും വ്യക്തമാണ്. അതുകൊണ്ട് പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെയും സംഘടനകളുടെയും തലയില്‍ കുറ്റംചാര്‍ത്തി കൈകഴുകാനാണ് അവര്‍ ശ്രമിക്കുന്നത്. നിരവധി പേരെ നിയമവിരുദ്ധമായി പോലിസ് അറസ്റ്റുചെയ്ത് കര്‍ശന വകുപ്പുകള്‍ ചുമത്തി കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണ്. മരിച്ചുപോയവര്‍ക്കെതിരേ പോലും കേസെടുത്തുവെന്ന റിപോര്‍ട്ടുകള്‍ മുഴുവന്‍ പോലിസ് നടപടിയും വ്യാജമാണെന്ന് തെളിയിക്കുന്നു.

പോലിസ് അതിക്രമങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് യുപി പോലിസും സര്‍ക്കാരും ഇപ്പോള്‍ പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിടുന്നത്. പോപുലര്‍ ഫ്രണ്ട് സംസ്ഥാന അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ വസീം അഹമ്മദ്, കമ്മിറ്റി അംഗങ്ങളായ ഖാരി അഷ്ഫാഖ്, മുഹമ്മദ് നദിം എന്നിവരെ അക്രമത്തിന് ആസൂത്രണം ചെയ്തുവെന്ന വ്യാജകുറ്റം ചുമത്തി അറസ്റ്റുചെയ്തു. അക്രമത്തില്‍ പങ്കുണ്ടെന്ന് യുപി ഉപമുഖ്യമന്ത്രി ആരോപിക്കുന്നുണ്ടെങ്കിലും തെളിവുകള്‍ നല്‍കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. സംഘടനയുടെ ഓഫിസില്‍നിന്ന് കുറ്റകരവും പ്രകോപനപരവുമായ രേഖകള്‍ കണ്ടെത്തിയെന്ന് പോലിസ് പറയുന്നുണ്ടെങ്കിലും അതെന്താണെന്ന് ഇതുവരെ പോലിസിനും വ്യക്തമാക്കാനായിട്ടില്ല. ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ യുപി പോലിസ് ദയനീയമായി പരാജയപ്പെടുമെന്നതുകൊണ്ടുതന്നെ അറസ്റ്റിലായ സംഘടനാ നേതാക്കളെയും മറ്റുള്ളവരെയും കോടതി വിട്ടയക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. പോപുലര്‍ ഫ്രണ്ട് നോര്‍ത്ത് സോണ്‍ പ്രസിഡന്റ് എ എസ് ഇസ്മായില്‍, ഡല്‍ഹി സ്റ്റേറ്റ് പ്രസിഡന്റ് പര്‍വേസ് അഹമ്മദ്, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ഷാമൂണ്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it