India

മണ്‍സൂണ്‍ മഴയും വെള്ളപ്പൊക്കവും; പാകിസ്താനില്‍ മരിച്ചത് 750ലധികം പേര്‍, 100ലധികം പേരെ കാണാനില്ല

മണ്‍സൂണ്‍ മഴയും വെള്ളപ്പൊക്കവും; പാകിസ്താനില്‍ മരിച്ചത് 750ലധികം പേര്‍, 100ലധികം പേരെ കാണാനില്ല
X

ഇസ് ലാമാബാദ്: പാകിസ്താനില്‍ കടുത്ത നാശം വിതച്ച് മണ്‍സൂണ്‍ മഴയും വെള്ളപ്പൊക്കവും. ജൂണ്‍ 26 മുതല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 750ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും നൂറുകണക്കിനാളുകളെ കാണാതാകുകയും ചെയ്തതായി രാജ്യത്തെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മഴയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43 പേര്‍ മരിച്ചു. ഓഗസ്റ്റ് 15 മുതല്‍ മഴയിലും വെള്ളപ്പൊക്കത്തിലും 380 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ പത്തുവരെ രാജ്യത്തുടനീളം ശക്തമായ മഴ തുടരുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മഴ കനക്കുന്ന സാഹചര്യത്തില്‍ കറാച്ചിയിലെ എല്ലാ സ്വകാര്യ - പൊതു വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടാന്‍ സിന്ധ് സര്‍ക്കാര്‍ ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച കറാച്ചിയില്‍ ശക്തമായ മഴയാണ് ലഭിച്ചത്. ഇതോടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. 20 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന നഗരമാണ് കറാച്ചി. കറാച്ചിയുടെ വടക്കുകിഴക്കന്‍ ഭാഗത്ത് ഏകദേശം 178 മില്ലിമീറ്റര്‍ മഴ പെയ്തു. സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന മഴയാണിത്.

ബുണര്‍, സ്വാബി എന്നീ ജില്ലകളാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. സ്വാത്, ബജൗര്‍, മന്‍സെഹ്റ, ഷാങ്ല, ലോവര്‍ ദിര്‍, ബട്ടാഗ്രാം, സ്വാബി എന്നിവടങ്ങളില്‍ മഴയും വെള്ളപ്പൊക്കവും ജനജീവിതത്തെ ഗുരുതരമായി ബാധിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും ജനജീവിത സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനും എല്ലാവിധ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യും.

വടക്കുപടിഞ്ഞാറന്‍ പര്‍വതപ്രദേശങ്ങളില്‍ മേഘവിസ്‌ഫോടനങ്ങള്‍ മൂലമുണ്ടായ വെള്ളപ്പൊക്കം ഓഗസ്റ്റ് പതിനഞ്ച് മുതല്‍ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഖൈബര്‍ - പഖ്തൂണ്‍ഖ്വയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഇവിടെ ഇതുവരെ 427 പേര്‍ മരിച്ചു. പഞ്ചാബില്‍ 164, സിന്ധില്‍ 29, ബലുചിസ്താനില്‍ 22, പാക് അധിനിവേശ കശ്മീരില്‍ 56, ഇസ്ലാമാബാദ് മേഖലയില്‍ എട്ട് പേര്‍ എന്നിങ്ങനെയാണ് മരണസംഖ്യയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ 25,000 ത്തിലധികം പേരെ രക്ഷപ്പെടുത്തിയതായി എന്‍ഡിഎംഎ മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇനാം ഹൈദര്‍ മാലിക് പറഞ്ഞു.



Next Story

RELATED STORIES

Share it