India

പിഎം കെയേഴ്‌സ് ഫണ്ട് ദേശീയ ദുരന്തനിവാരണ നിധിയിലേക്കു മാറ്റാനാവില്ലെന്ന് സുപ്രിംകോടതി

അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ മുഖേന സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന എന്‍ജിഒ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി.

പിഎം കെയേഴ്‌സ് ഫണ്ട് ദേശീയ ദുരന്തനിവാരണ നിധിയിലേക്കു മാറ്റാനാവില്ലെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് ലഭിച്ച തുക ദേശീയ ദുരന്തനിവാരണ നിധിയിലേയ്ക്കു (എന്‍ഡിആര്‍എഫ്) മാറ്റാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. പിഎം കെയേഴ്‌സ് ഫണ്ടിലേയ്ക്കു ലഭിക്കുന്ന തുക പബ്ലിക് ചാരിറ്റബിള്‍ ഫണ്ടിന്റെ പരിധിയില്‍ വരുന്നതാണെന്നും ഇതിലെ ഫണ്ടുകളെല്ലാം എന്‍ഡിആര്‍എഫിലേക്ക് മാറ്റേണ്ടതില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ മുഖേന സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന എന്‍ജിഒ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി.

എന്‍ഡിആര്‍എഫിലേക്ക് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എപ്പോഴും സംഭാവന നല്‍കാനാവും. എന്‍ഡിആര്‍എഫിലേക്ക് സംഭാവന നല്‍കുന്നതിന് ദുരന്തനിവാരണനിയമം തടസമാവില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. കൊവിഡ് -19 കൈകാര്യം ചെയ്യാന്‍ 2019 നവംബറില്‍ ആരംഭിച്ച ദേശീയ ദുരന്തനിവാരണ പദ്ധതി മതിയാവും. ഇതിനായി പുതിയ കര്‍മപദ്ധതി സൃഷ്ടിക്കുകയോ പരിചരണത്തിനായി അടിസ്ഥാന മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തുകയോ ചെയ്യേണ്ടതില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പോലുള്ള അടിയന്തരസാഹചര്യം നേരിടാന്‍ മാര്‍ച്ച് 28 നാണ് കേന്ദ്രസര്‍ക്കാര്‍ പിഎം കെയേഴ്‌സ് ഫണ്ട് (പ്രൈം മിനിസ്റ്റേഴ്‌സ് സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്റ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ്) രൂപീകരിച്ചത്. പ്രധാനമന്ത്രിയാണ് ഫണ്ടിന്റെ എക്‌സ്-ഒഫീഷ്യോ ചെയര്‍മാന്‍. പ്രതിരോധ, ആഭ്യന്തര, ധനകാര്യമന്ത്രിമാര്‍ ഫണ്ടിന്റെ എക്‌സ്-ഒഫീഷ്യോ ട്രസ്റ്റികളാണ്. ജസ്റ്റിസുമാരായ അശോക് ഭൂഷന്‍, ആര്‍ സുബാഷ് റെഡ്ഡി, എം ആര്‍ ഷാ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഹരജി പരിഗണിച്ചത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഫണ്ടിന്റെ നിയമപരമായ സാധുതയെയും ആവശ്യകതയെയും ചോദ്യംചെയ്ത് രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it