India

മാധ്യമങ്ങള്‍ പോവും, ഞങ്ങള്‍ ഇവിടെത്തന്നെയുണ്ടാവും; ഹാഥ്‌റസ് ഇരയുടെ പിതാവിനെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ് (വീഡിയോ)

പോലിസ് പരാതി പിന്‍വലിച്ചില്ലെങ്കില്‍ മറ്റൊരു മകളെ നഷ്ടപ്പെടുമെന്ന് പ്രതികളുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. ഹാഥ്‌റസ് സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുന്നതിന് മുമ്പായിരുന്നു പ്രതികളുടെ ബന്ധുക്കളുടെ ഭീഷണിയുണ്ടായത്. കേസില്‍ ഉത്തര്‍പ്രദേശ് ഭരണകൂടത്തിന്റെ നടപടികളില്‍ പെണ്‍കുട്ടിയുടെ കുടുംബം സംതൃപ്തരാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമമുണ്ടായി.

മാധ്യമങ്ങള്‍ പോവും, ഞങ്ങള്‍ ഇവിടെത്തന്നെയുണ്ടാവും; ഹാഥ്‌റസ് ഇരയുടെ പിതാവിനെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ് (വീഡിയോ)
X

ലഖ്‌നോ: ഹാഥ്‌റസില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ പിതാവിനെതിരേ ഭീഷണിസ്വരവുമായി ഹാഥ്‌റസ് ജില്ലാ മജിസ്‌ട്രേറ്റ്. ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹംപോലും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ രാത്രിയുടെ മറവില്‍ ഉത്തര്‍പ്രദേശ് പോലിസും ഭരണകൂടവും സംസ്‌കരിച്ചതിനെതിരേ രാജ്യമെങ്ങും പ്രതിഷേധമുയരുന്നതിനിടെയാണ് അധികാരികളുടെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ വീണ്ടും പുറത്തുവരുന്നത്. മരണപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം അവസാനമായി ഒരുനോക്കുകാണാന്‍ വിട്ടുനല്‍കാതെ സംസ്‌കരിച്ച അധികാരികളുടെ നടപടിക്കെതിരേ മാധ്യമങ്ങളിലൂടെ പ്രതികരിച്ചതാണ് ജില്ലാ ഭരണകൂടത്തെയും പോലിസിനെയും ചൊടിപ്പിച്ചത്.

കുറച്ചുദിവസങ്ങള്‍ക്കുശേഷം മാധ്യമങ്ങള്‍ പോവും, ഞങ്ങള്‍ ഇവിടെത്തന്നെയുണ്ടാവും.. എന്ന് പറഞ്ഞ് ഹാഥ്‌റസ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ ലക്ഷ്‌കര്‍ മരണപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോയാണ് പുറത്തുവന്നത്. 'മാധ്യമങ്ങളില്‍ പകുതിയും ഇന്ന് വിട്ടുപോയി, ബാക്കി പകുതി നാളെ പുറപ്പെടും. ഞങ്ങള്‍ മാത്രമേ നിങ്ങളുടെ കൂടെയുണ്ടാവൂ. നിങ്ങളുടെ പ്രസ്താവന മാറ്റണോ വേണ്ടയോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കൂ എന്നായിരുന്നു ജില്ലാ മജിസ്‌ട്രേറ്റിന്റെ വാക്കുകള്‍. വിവാദ വീഡിയോയിലെ പരാമര്‍ശങ്ങളെക്കുറിച്ച് ഇന്ത്യാ ടുഡേ/ആജ് തക് റിപോര്‍ട്ടര്‍ തനുശ്രീ പാണ്ഡെ ജില്ലാ മജിസ്‌ട്രേറ്റിനോട് ചോദിച്ചെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ച വ്യക്തിയുടെ പേര് പറയാന്‍ കഴിയില്ലെന്ന് ഡി എം പറഞ്ഞു.

മൃതദേഹം കയറ്റിയ ആംബുലന്‍സ് പ്രാദേശിക സ്ത്രീകള്‍ തടഞ്ഞതായും സംസ്‌കാരസമയത്ത് സഹോദരന്‍ സന്നിഹിതനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹാഥ്‌റസിലെ ബൂള്‍ഗാരി ഗ്രാമത്തിലാണ് പെണ്‍കുട്ടിയുടെ വീട്. ക്രൂരബലാല്‍സംഗത്തിനിരയാക്കിയ നാലുപ്രതികളുടെയും വീടുകള്‍ പെണ്‍കുട്ടിയെ വീടിനോട് ചേര്‍ന്നാണ് എന്നതാണ് ശ്രദ്ധേയം.

തന്റെ കുടുംബം സുരക്ഷിതമല്ലെന്ന് ഇരയുടെ മൂത്ത സഹോദരി തന്നോട് പറഞ്ഞതായി ഇന്ത്യാ ടുഡേയുടെ അങ്കിത് ത്യാഗി പറഞ്ഞു. കുടുംബത്തിന്റെ വീടിന് പുറത്ത് നിലയുറപ്പിച്ച പോലിസുകാര്‍ പ്രതിയുടെ ബന്ധുക്കള്‍ നല്‍കുന്ന ഭക്ഷണം പോലും കഴിക്കുന്നുണ്ടായിരുന്നു. ഈ വിഷയം തങ്ങളുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്നതാണെന്നും ഭരണകൂടം പറയുന്നത്തൊണെന്ന് മനസ്സിലാവുന്നില്ലെങ്കില്‍ നിങ്ങള്‍ കുഴപ്പത്തിലാവുമെന്നും ഹാഥ്‌റസ് ജോയിന്റ് മജിസ്ട്രേറ്റ് ഇരയുടെ കുടുംബത്തോട് പറഞ്ഞതായി നാട്ടുകാര്‍ ഓര്‍മിപ്പിച്ചു.

പോലിസ് പരാതി പിന്‍വലിച്ചില്ലെങ്കില്‍ മറ്റൊരു മകളെ നഷ്ടപ്പെടുമെന്ന് പ്രതികളുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. ഹാഥ്‌റസ് സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുന്നതിന് മുമ്പായിരുന്നു പ്രതികളുടെ ബന്ധുക്കളുടെ ഭീഷണിയുണ്ടായത്. കേസില്‍ ഉത്തര്‍പ്രദേശ് ഭരണകൂടത്തിന്റെ നടപടികളില്‍ പെണ്‍കുട്ടിയുടെ കുടുംബം സംതൃപ്തരാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമമുണ്ടായി. കേസന്വേഷണത്തിന് പ്രത്യേക സംഘം (എസ്ഐടി) രൂപീകരിക്കാനുള്ള തീരുമാനത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് സംതൃപ്തനാണെന്ന് വ്യാഴാഴ്ച യുപി സര്‍ക്കാര്‍ പ്രസ്താവന ഇറക്കിയത് ഇതിന്റെ ഭാഗമാണ്.

എന്നാല്‍, യുപി ഭരണകൂടത്തിന്റെ പ്രസ്താവനയെ ചോദ്യംചെയ്ത് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ വീഡിയോ പോസ്റ്റ് ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം വീഡിയോ കോണ്‍ഫറന്‍സിന് ഇരിക്കാന്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്ന പിതാവിന്റെ വെളിപ്പെടുത്തലാണ് ഇതിലൂടെ പുറത്തുവിട്ടത്. ഹാഥ്‌റസില്‍ കുടുംബാംഗങ്ങളെയൊന്നും വീട്ടില്‍നിന്ന് പോവാന്‍ പോലിസ് അനുവദിക്കുന്നില്ല. പോലിസ് തയ്യാറാക്കിയ പ്രസ്താവനയില്‍ ഒപ്പിടാന്‍ മൂന്ന് ബന്ധുക്കളെ സമ്മര്‍ദം ചെലുത്തിയെന്നും പിതാവ് വീഡിയോയില്‍ പറയുന്നുണ്ട്.

Next Story

RELATED STORIES

Share it