മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ തര്‍ക്കത്തില്‍ ഇടപെട്ട് ആര്‍എസ്എസ്‌

കാവല്‍ സര്‍ക്കാരിന്റെ കാലാവധി മറ്റന്നാള്‍ അവസാനിക്കാനിരിക്കെ ശിവസേനയ്‌ക്കൊപ്പംതന്നെ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ദേവേന്ദ്ര ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ തര്‍ക്കത്തില്‍ ഇടപെട്ട് ആര്‍എസ്എസ്‌

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരിക്കുന്നതിലെ തര്‍ക്കം തുടരുന്നതിനിടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച നടത്തി. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്താണ് കൂടിക്കാഴ്ച നടന്നത്. കാവല്‍ സര്‍ക്കാരിന്റെ കാലാവധി മറ്റന്നാള്‍ അവസാനിക്കാനിരിക്കെ ശിവസേനയ്‌ക്കൊപ്പംതന്നെ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ദേവേന്ദ്ര ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടു.

തര്‍ക്കം പരിഹരിക്കാന്‍ സേനാ നേതാക്കളോട് അടുപ്പമുള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ മധ്യസ്ഥനാക്കാം. ശിവസേന വഴങ്ങിയില്ലെങ്കില്‍ പിന്തുണയ്ക്കായി മറ്റ് പാര്‍ട്ടികളെ സമീപിക്കാതെ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടണമെന്നും ഭഗവത് നിര്‍ദേശിച്ചു. അതേസമയം, ഒത്തുതീര്‍പ്പിനായി ശിവസേനയ്ക്ക് 24 മണിക്കൂര്‍ സമയം നല്‍കിയിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രി പദമൊഴികെ എന്ത് ചര്‍ച്ചയ്ക്കും ബിജെപി ഇപ്പോള്‍ തയ്യാറാണ്. ചര്‍ച്ചകള്‍ക്കിടയില്‍ ഇന്ന് ഫഡ്‌നാവിസ് ഉദ്ധവ് താക്കറെയുമായി നേരിട്ട് ചര്‍ച്ച നടത്താനും സാധ്യതയുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മുഖ്യമന്ത്രിപദം 50:50 അനുപാതത്തില്‍ പങ്കുവയ്ക്കാമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ലോക്‌സഭാ തിരഞ്ഞടുപ്പുവേളയില്‍ ഉറപ്പുനല്‍കിയിരുന്നുവെന്നാണ് ശിവസേന പറയുന്നത്. എന്നാല്‍, അങ്ങനെയൊരു ഉറപ്പ് ആരും ശിവസേനയ്ക്ക് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഈ പ്രസ്താവനയാണ് ശിവസേനയെ പ്രകോപിപ്പിച്ചത്. ഫഡ്‌നാവിസ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ സത്യത്തിന്റെ നിര്‍വചനംതന്നെ മാറ്റേണ്ടിവരുമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം, ശിവസേന വഴങ്ങിയാലും ഇല്ലെങ്കിലും പകുതിയിലധികം സേനാ എംഎല്‍എമാര്‍ ഒപ്പമുണ്ടാവുമെന്നതാണ് ബിജെപിയുടെ ആത്മവിശ്വാസം.

RELATED STORIES

Share it
Top