India

ഏഴ് കോണ്‍ഗ്രസ് ലോക്‌സഭാ എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ഇന്ന് രാവിലെ 11.30ന് സര്‍വകക്ഷി യോഗം സ്പീക്കറുടെ ചേംബറില്‍ വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ എംപിമാരുടെ സസ്‌പെന്‍ഷന്‍ നീട്ടിക്കൊണ്ടുപോവേണ്ടതില്ലെന്ന അഭിപ്രായമാണ് ബിജെപി അംഗങ്ങള്‍ ഉള്‍പ്പെടെ പ്രകടിപ്പിച്ചത്.

ഏഴ് കോണ്‍ഗ്രസ് ലോക്‌സഭാ എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
X

ന്യൂഡല്‍ഹി: ലോക്‌സഭയിലെ ഏഴ് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഡല്‍ഹി വംശഹത്യയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ലോക്‌സഭയില്‍ ബഹളംവച്ചെന്നും മര്യാദയില്ലാതെ പെരുമാറിയെന്നുമാരോപിച്ചായിരുന്നു നടപടി. കേരളത്തില്‍നിന്നുള്ള നാല് എംപിമാര്‍ ഉള്‍പ്പടെയുള്ളവരാണ് ഈ സമ്മേളന കാലത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ ലോക്‌സഭയില്‍ പ്രസ്താവന നടത്തും. എംപിമാരുടെ പെരുമാറ്റച്ചട്ടവും പ്രഖ്യാപിക്കും.

ഇന്ന് രാവിലെ 11.30ന് സര്‍വകക്ഷി യോഗം സ്പീക്കറുടെ ചേംബറില്‍ വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ എംപിമാരുടെ സസ്‌പെന്‍ഷന്‍ നീട്ടിക്കൊണ്ടുപോവേണ്ടതില്ലെന്ന അഭിപ്രായമാണ് ബിജെപി അംഗങ്ങള്‍ ഉള്‍പ്പെടെ പ്രകടിപ്പിച്ചത്. കൂടാതെ ലോക്‌സഭയില്‍ എംപിമാര്‍ പെരുമാറുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം കൊണ്ടുവരണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സ്പീക്കറോട് അനാദരവില്ലെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍രഞ്ജന്‍ ചൗധരി പറഞ്ഞു. ടി എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ബെന്നി ബഹനാന്‍, ഗൗരവ് ഗൊഗോയി, മാണിക്ക ടാഗോര്‍, ഗുര്‍ജീത് സിങ് ഓജില എന്നിവരെയാണ് മാര്‍ച്ച് അഞ്ചിന് സസ്‌പെന്റ് ചെയ്തത്.

സ്പീക്കറുടെ മേശയില്‍നിന്ന് പേപ്പറുകള്‍ തട്ടിപ്പറിച്ചെന്നും വലിച്ചുകീറിയെന്നുമായിരുന്നു ഇവര്‍ക്കെതിരായ ആരോപണം. ഇത് സഭാ നിയമങ്ങളുടെ ലംഘനമാണെന്നും ഭരണപക്ഷം ആരോപിച്ചിരുന്നു. സസ്‌പെന്‍ഷനിലായിരുന്ന എംപിമാരുടെ ലോക്‌സഭാ അംഗത്വംതന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തുകയും ചെയ്തു. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി സ്പീക്കര്‍ക്ക് കത്തും നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it