India

സൗജന്യഭക്ഷണത്തിന് 'പല്ലിക്കഥ' മെനഞ്ഞ് യാത്രക്കാരന്‍; തട്ടിപ്പ് പൊളിച്ച് റെയില്‍വേ ഉദ്യോഗസ്ഥര്‍

ട്രെയിനില്‍നിന്ന് വാങ്ങിയ ബിരിയാണിയില്‍ പല്ലിയെ കണ്ടെന്ന് ചൂണ്ടിക്കാട്ടി 70ന് മുകളില്‍ പ്രായമുള്ള സുരേന്ദര്‍പാല്‍ എന്ന യാത്രക്കാരനാണ് റെയില്‍വേയ്ക്ക് പരാതി നല്‍കിയത്. എന്നാല്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പരാതി വ്യാജമാണെന്നും ഭക്ഷണം സൗജന്യമായി ലഭിക്കുന്നതിനുവേണ്ടിയുള്ള യാത്രക്കാരന്റെ സ്ഥിരം തട്ടിപ്പാണിതെന്നും കണ്ടെത്തിയത്.

സൗജന്യഭക്ഷണത്തിന് പല്ലിക്കഥ മെനഞ്ഞ് യാത്രക്കാരന്‍; തട്ടിപ്പ് പൊളിച്ച് റെയില്‍വേ ഉദ്യോഗസ്ഥര്‍
X

ന്യൂഡല്‍ഹി: ട്രെയിനില്‍നിന്ന് സൗജന്യമായി ഭക്ഷണം ലഭിക്കുന്നതിനായി യാത്രക്കാരന്‍ നടത്തിയ തട്ടിപ്പ് കൈയോടെ പൊക്കി റെയില്‍വേ ഉദ്യോഗസ്ഥര്‍. ട്രെയിനില്‍നിന്ന് വാങ്ങിയ ബിരിയാണിയില്‍ പല്ലിയെ കണ്ടെന്ന് ചൂണ്ടിക്കാട്ടി 70ന് മുകളില്‍ പ്രായമുള്ള സുരേന്ദര്‍പാല്‍ എന്ന യാത്രക്കാരനാണ് റെയില്‍വേയ്ക്ക് പരാതി നല്‍കിയത്. എന്നാല്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പരാതി വ്യാജമാണെന്നും ഭക്ഷണം സൗജന്യമായി ലഭിക്കുന്നതിനുവേണ്ടിയുള്ള യാത്രക്കാരന്റെ സ്ഥിരം തട്ടിപ്പാണിതെന്നും കണ്ടെത്തിയത്.

ട്രെയിനിലെ ബിരിയാണിയില്‍നിന്ന് പല്ലിയെ കിട്ടിയെന്ന് ഗുണ്ടുകല്‍ സ്‌റ്റേഷനില്‍വച്ചാണ് ഇയാള്‍ റെയില്‍വേയ്ക്ക് പരാതി നല്‍കിയത്. സംശയം തോന്നിയ റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ നടത്തിയ അന്വേഷണത്തില്‍ സമാനസാഹചര്യത്തില്‍ ജൂലൈ 14ന് സമോസയില്‍നിന്ന് പല്ലിയെ കിട്ടിയെന്ന് ഇയാള്‍ പരാതി നല്‍കിയതായി കണ്ടെത്തി. അന്ന് ജബല്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് ഇതുസംബന്ധിച്ച പരാതി യാത്രക്കാരന്‍ നല്‍കുന്നത്. വിശദമായ ചോദ്യംചെയ്യലില്‍ യാത്രക്കാരന്‍ തട്ടിപ്പ് നടത്തിയ കാര്യം സമ്മതിച്ചതായി സീനിയര്‍ റെയില്‍വേ ഡിവിഷനല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ ബസന്ത്കുമാര്‍ ശര്‍മ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി.

താന്‍ ചെയ്തത് തെറ്റാണെന്നും പ്രായാധിക്യംമൂലം അവശനായ തനിക്ക് രക്താര്‍ബുദവും മാനസികവൈകല്യവുമുണ്ടെന്ന് പരാതിക്കാരന്‍ ചോദ്യംചെയ്യലില്‍ പറഞ്ഞു. രോഗശമനത്തിനായി പഞ്ചാബില്‍ ആയുര്‍വേദചികില്‍സ നടത്തുന്ന താന്‍ ഇതിനായി ഉപയോഗിക്കുന്ന പ്രത്യേകതരം മല്‍സ്യം ഭക്ഷണത്തിലിട്ടാണ് പല്ലിയുണ്ടെന്ന വ്യാജപരാതി നല്‍കിയത്. തന്റെ പിതാവ് റെയില്‍വേയുടെ സീനിയര്‍ ഡിവിഷനല്‍ മാനേജരായിരുന്നുവെന്നും ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍, ഇക്കാര്യം റെയില്‍വേ ഉദ്യോഗസ്ഥര്‍ വിശ്വസിച്ചിട്ടില്ല. റെയില്‍വേ ഉദ്യോഗസ്ഥന്റെ കുടുംബത്തില്‍ ഇത്തരമൊരു തട്ടിപ്പുകാരനുണ്ടാവാനിടയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

തട്ടിപ്പ് സംബന്ധിച്ച് യാത്രക്കാരന്റെ വെളിപ്പെടുത്തല്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. കൂടാതെ തട്ടിപ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ ഇയാളുടെ ചിത്രവും റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഇനി ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പിന്‍മേല്‍ യാത്രക്കാരനെതിരേ റെയില്‍വേ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. അതേസമയം, ഇയാള്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോയെന്ന് കണ്ടെത്തുന്നതിനായി അന്വേഷണം തുടരുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ട്രെയിനിലെ മോശം ഭക്ഷണത്തിന്റെ പേരില്‍ ഒക്ടോബര്‍വരെ 7,500 പരാതികളാണ് റെയില്‍വേയ്ക്ക് ലഭിച്ചത്.

Next Story

RELATED STORIES

Share it