India

മദ്യനയ അഴിമതികേസ്: ബിആര്‍എസ് നേതാവ് കവിത അറസ്റ്റില്‍

മദ്യനയ അഴിമതികേസ്: ബിആര്‍എസ് നേതാവ് കവിത അറസ്റ്റില്‍
X
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവ് കെ കവിത അറസ്റ്റില്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കവിതയെ സിബിഐ അറസ്റ്റ് ചെയ്തത്. ജുഡീഷ്യല്‍ കസ്റ്റഡില്‍ തിഹാറില്‍ കഴിയുന്ന കവിതയെ കോടതിയുടെ പ്രത്യേക അനുമതിയോടെ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.

തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളും തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും കൂടിയായ കെ കവിതയെ ഏപ്രില്‍ 5 നാണ് സിബിഐ കസ്റ്റഡിയില്‍ വാങ്ങിയത്. കേസില്‍ കവിതയുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കാണിച്ച് സിബിഐ സമര്‍പ്പിച്ച അപേക്ഷ ഡല്‍ഹി കോടതി അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 15നാണ് ഹൈദരാബാദിലെ വസതിയില്‍നിന്ന് കവിതയെ ഇഡി അറസ്റ്റ് ചെയ്തത്. ഇതിനുശേഷം ഡല്‍ഹിയിലെ റോസ് അവന്യു കോടതി കവിതയെ ഏഴു ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 23ന് കസ്റ്റഡി മൂന്നു ദിവസത്തേക്കുകൂടി നീട്ടിനല്‍കി. പിന്നീട് ഏപ്രില്‍ ഒന്‍പതു വരെ കവിതയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഡല്‍ഹി മദ്യനയത്തിന്റെ പ്രയോജനം ലഭിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും, ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കള്‍ക്കു 100 കോടി കൈമാറിയെന്നുമായിരുന്നു ഇഡിയുടെ കണ്ടെത്തല്‍.

അതേസമയം താന്‍ ഇരയാണെന്നും തനിക്കെതിരേ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും ചൂണ്ടിക്കാട്ടി കവിത കോടതിയില്‍ കത്ത് നല്‍കിയിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്‍പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നയം 2021 നവംബര്‍ 17നാണ് പ്രാബല്യത്തില്‍ വന്നത്. ലഫ്. ഗവര്‍ണറായി വി.കെ സക്‌സേന ചുമതലയേറ്റതിന് പിന്നാലെയാണ് ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. ക്രമക്കേടുണ്ടെന്ന് കാട്ടി സിബിഐ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതോടെ കേസ് റജിസ്റ്റര്‍ ചെയ്തു. വിവാദമായതോടെ കഴിഞ്ഞ വര്‍ഷം ജൂലൈ 31ന് ഈ മദ്യനയം പിന്‍വലിക്കുകയായിരുന്നു.






Next Story

RELATED STORIES

Share it