India

ജെഎന്‍യു അക്രമം നിര്‍ഭാഗ്യകരം; പ്രതികരണവുമായി വൈസ് ചാന്‍സലര്‍

അക്രമം ഒന്നിനും പരിഹാരമല്ലെന്നും അക്രമികള്‍ പുറത്തുനിന്നുള്ളവരാണോ അല്ലയോ എന്ന് കണ്ടെത്താന്‍ പോലിസ് ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജെഎന്‍യു അക്രമം നിര്‍ഭാഗ്യകരം; പ്രതികരണവുമായി വൈസ് ചാന്‍സലര്‍
X

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായിരുന്ന ആക്രമണത്തില്‍ പ്രതികരണവുമായി വൈസ് ചാന്‍സലര്‍ എം ജഗദേഷ്‌കുമാര്‍. സര്‍വകലാശാലയില്‍ മുഖംമൂടിധാരികള്‍ കടന്നുകയറാനും ആക്രമണങ്ങള്‍ നടത്തിയത് നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞതെല്ലാം മറന്ന് എല്ലാം പുതുതായി തുടങ്ങാമെന്നും സര്‍വകലാശാലയില്‍ സമാധാനം തിരിച്ചുവരാന്‍ സാധ്യമായ എല്ലാ വഴിയും നോക്കാമെന്നും ജഗദീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതീവ സുരക്ഷാസംവിധാനങ്ങളുള്ള ജെഎന്‍യു കാംപസിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ എങ്ങനെയാണ് എത്തിയതെന്ന ചോദ്യം വിവിധ കോണുകളില്‍നിന്നും ഉയരുമ്പോഴാണ് ദിവസങ്ങളോളം മിണ്ടാതിരുന്നതിനുശേഷം വൈസ് ചാന്‍സലര്‍ പ്രതികരണത്തിന് തയ്യാറായത്. അക്രമം ഒന്നിനും പരിഹാരമല്ലെന്നും അക്രമികള്‍ പുറത്തുനിന്നുള്ളവരാണോ അല്ലയോ എന്ന് കണ്ടെത്താന്‍ പോലിസ് ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയില്‍ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും പഴയതൊക്കെ മറന്ന് ഒരു പുതിയ തുടക്കമാണ് ആവശ്യമെന്നും ജഗദീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജെഎന്‍യുവില്‍ നടന്നത് മിന്നലാക്രമണമെന്ന് പ്രോ.വിസി ചിന്താമണി മഹാപാത്ര പ്രതികരിച്ചു. ആക്രമണം ആസൂത്രിതമാണെന്നും അക്രമികള്‍ പുറത്തുനിന്നുള്ളവരാണന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാല വിസിക്കെതിരേ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രൂക്ഷവിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് പ്രോ. വിസിയുടെ പ്രതികരണം. ജെഎന്‍യുവില്‍ നടന്ന ആക്രമണത്തില്‍ വിസിക്ക് ഗുരുതരവീഴ്ചപറ്റിയെന്ന് നേരത്തെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പ്രതികരിച്ചിരുന്നു. എന്നാല്‍, നിലവില്‍ ആക്രമണത്തിന്റ ഉത്തരവാദിത്തം ഹിന്ദുത്വസംഘടനയായ ഹിന്ദു രക്ഷാദള്‍ ഏറ്റടുത്തിരിക്കുകയാണ്. അതിന്റെ വീഡിയോയും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ടായിരുന്നു. അക്രമികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ പുറത്തുവന്നിട്ടും സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഡല്‍ഹി പോലിസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, ആക്രമണത്തിനിരയായ വിദ്യാര്‍ഥി നേതാവ് ഐഷി ഘോഷ് അടക്കം 19 പേര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it