India

'ഓം മന്ത്രിക്കുന്ന സൂര്യന്‍, നാസ റെക്കോര്‍ഡ് ചെയ്ത ശബ്ദം'; സമൂഹമാധ്യമങ്ങളില്‍ പരിഹാസം ഏറ്റുവാങ്ങി കിരണ്‍ബേദി

വാട്‌സ് ആപ്പിലും ഫെയ്‌സ്ബുക്കിലും പലപ്പോഴും ഫോര്‍വേര്‍ഡ് ചെയ്ത് കിട്ടുന്ന ഇത്തരം വീഡിയോകള്‍ എങ്ങനെയാണ് ഉത്തരവാദിത്വപ്പെട്ടവര്‍ പങ്കുവയ്ക്കുന്നത്. ഇവര്‍ക്ക് എങ്ങനെയാണ് ഐപിഎസ് കിട്ടിയതെന്നും വാട്‌സ് ആപ്പ് യൂനിവേഴ്‌സിറ്റിയില്‍നിന്നാണോ കിരണ്‍ ബേദിക്ക് ഇത്തരം വിവരങ്ങള്‍ ലഭിക്കുന്നതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

ഓം മന്ത്രിക്കുന്ന സൂര്യന്‍, നാസ റെക്കോര്‍ഡ് ചെയ്ത ശബ്ദം; സമൂഹമാധ്യമങ്ങളില്‍ പരിഹാസം ഏറ്റുവാങ്ങി കിരണ്‍ബേദി
X

ന്യൂഡല്‍ഹി: സൂര്യന്‍ 'ഓം' എന്നാണ് മന്ത്രിക്കുന്നതെന്നും ബഹിരാകാശ ഏജന്‍സിയായ നാസയാണ് ഇത് റെക്കോര്‍ഡ് ചെയ്തതെന്നുമുള്ള അവകാശത്തോടെയുള്ള വീഡിയോ ട്വീറ്റ് ചെയ്ത് പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ബേദി വെട്ടിലായി. ഏതാനും മണിക്കൂറുകള്‍കൊണ്ട് കിരണ്‍ ബേദിയുടെ ട്വീറ്റ് വൈറലായി. നിരവധിയാളുകളാണ് കിരണ്‍ ബേദിയുടെ ട്വീറ്റിന് പരിഹാസവുമായി സാമൂഹികമാധ്യമങ്ങളിലെത്തിയിരിക്കുന്നത്. സൂര്യന്‍ ഓം മന്ത്രം ഉരുവിടുന്നു. ഇതിന്റെ ശബ്ദം നാസ റെക്കോര്‍ഡ് ചെയ്തു എന്നാണ് വീഡിയോ പങ്കുവച്ച് കിരണ്‍ ബേദി ട്വിറ്ററില്‍ കുറിച്ചത്. മനുഷ്യന് കേള്‍ക്കാന്‍ സാധിക്കാത്ത ഈ ശബ്ദം റെക്കോര്‍ഡ് ചെയ്തത് നാസയാണെന്നാണ് വീഡിയോ അവകാശപ്പെടുന്നത്.

സൂര്യന്റെയും ഓം മന്ത്രത്തിന്റെയും ശിവന്റെയും വിവിധ ചിത്രങ്ങള്‍ സഹിതമുളള വീഡിയോ സഹിതമാണ് കിരണ്‍ ബേദിയുടെ ട്വീറ്റ്. രൂക്ഷമായ രീതിയിലുള്ള പരിഹാസമാണ് ട്വീറ്റിന് കിരണ്‍ ബേദി നേരിടുന്നത്. വാസ്തവമെന്തെന്ന് പരിശോധിക്കാതെയാണ് നേരത്തെ പ്രചരിച്ചിരുന്ന വീഡിയോ കിരണ്‍ ബേദിയും ട്വീറ്റ് ചെയ്തിരിക്കുന്നതെന്നാണ് വിമര്‍ശനം. ലെഫ്. ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ഒരു വ്യക്തി ഒരിക്കലും ഇത്തരം വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സാമൂഹികമാധ്യമങ്ങളില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. വാട്‌സ് ആപ്പിലും ഫെയ്‌സ്ബുക്കിലും പലപ്പോഴും ഫോര്‍വേര്‍ഡ് ചെയ്ത് കിട്ടുന്ന ഇത്തരം വീഡിയോകള്‍ എങ്ങനെയാണ് ഉത്തരവാദിത്വപ്പെട്ടവര്‍ പങ്കുവയ്ക്കുന്നത്. ഇവര്‍ക്ക് എങ്ങനെയാണ് ഐപിഎസ് കിട്ടിയതെന്നും വാട്‌സ് ആപ്പ് യൂനിവേഴ്‌സിറ്റിയില്‍നിന്നാണോ കിരണ്‍ ബേദിക്ക് ഇത്തരം വിവരങ്ങള്‍ ലഭിക്കുന്നതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

അടുത്തകാലത്ത് ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഇങ്ങനെയെല്ലാം ചെയ്യേണ്ടിവരുന്നുവെന്നാണ് പരിഹാസങ്ങളില്‍ പ്രധാനപ്പെട്ടത്. ഒരിക്കല്‍ എല്ലാവരും ആരാധിച്ചിരുന്ന ഒരു വനിതാ ഐപിഎസ് കാരിയുണ്ടായിരുന്നു. ഇപ്പോള്‍ അവസ്ഥമോശമാണെന്നും ട്വീറ്റിന് ലഭിച്ച പ്രതികരണത്ത്ില്‍ പറയുന്നു. ചിലര്‍ കിരണ്‍ ബേദിയെ ടി പി സെന്‍കുമാറിനോട് ഉപമിക്കുന്നുണ്ട്. നാസ പുറത്തുവിട്ട സൂര്യനില്‍നിന്ന് പുറപ്പെടുന്ന യഥാര്‍ഥ ശബ്ദങ്ങളുടെ വീഡിയോയും പലരും ട്വീറ്റിന് പ്രതികരണമായി നല്‍കുന്നുണ്ട്. ഗൂഗിളില്‍ ഒന്ന് നോക്കിയാല്‍ തിരിച്ചറിയാന്‍ കഴിയുന്ന നിസാരസംഭവങ്ങള്‍ ഇത്തരത്തില്‍ ചെയ്യേണ്ടിവരുന്നതിന് പിന്നില്‍ മറ്റ് അജണ്ടകളില്ലേയെന്നും ചിലര്‍ ചോദിക്കുന്നു.

Next Story

RELATED STORIES

Share it