India

ഇഡി കസ്റ്റഡിയിലിരിക്കെ ഭരണം തുടര്‍ന്ന് കെജ് രിവാള്‍; ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി

ഇഡി കസ്റ്റഡിയിലിരിക്കെ ഭരണം തുടര്‍ന്ന് കെജ് രിവാള്‍; ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി
X

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലിരുന്ന് ഭരണം തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ജലവിതരണവുമായി ബന്ധപ്പെട്ട ആദ്യ ഉത്തരവ് അദ്ദേഹം പുറത്തിറക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ജയിലില്‍ കഴിയവേ മുഖ്യമന്ത്രിയായി തുടരാനാകുമോ എന്ന ചര്‍ച്ചകള്‍ക്കിടെയാണ് അരവിന്ദ് കെജ് രിവാള്‍ ഉത്തരവ് പുറത്തിറക്കിയതെന്നതും ശ്രദ്ധേയമാണ്.അതേസമയം, അരവിന്ദ് കെജ് രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. ഇഡി കസ്റ്റഡിയിലുള്ള കെജ് രിവാളിനെയും കവിതയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നത് തുടരാനാണ് ഏജന്‍സിയുടെ തീരുമാനം. ചൊവ്വാഴ്ചയാണ് രണ്ട് പേരുടെയും കസ്റ്റഡി കാലാവധി അവസാനിക്കുക. ചോദ്യം ചെയ്യലിനോട് പൂര്‍ണ നിസ്സഹകരണം പ്രഖ്യാപിച്ചാണ് കെജ് രിവാളിന്റെ നീക്കം.

കെജ് രിവാളിനെ ഇന്നലെ ഭാര്യ സുനിത കെജ്രിവാള്‍ സന്ദര്‍ശിച്ചിരുന്നു. എഎപി കണ്‍വീനര്‍ പദവിയിലേക്കോ മുഖ്യമന്ത്രി പദവിയിലേക്കോ സുനിത കെജ്രിവാളിനെ കൊണ്ടുവരാന്‍ നീക്കമുണ്ട്. കൂടാതെ ക്യാബിനറ്റ് മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരെയും പകരക്കാരായി പരിഗണിക്കുന്നുണ്ട്. കെജ് രിവാളിന്റെ അഭാവത്തില്‍ ഡല്‍ഹി സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന യോഗ്യതയുള്ള ഒരു നേതാവിനെ കൊണ്ടുവരിക എന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.


Next Story

RELATED STORIES

Share it