India

എസ്ഐആറിനെ വിമര്‍ശിച്ച് കമലഹാസന്‍; സ്ഥിരമായ ഭരണകൂടങ്ങളില്ല, ഉണ്ടായിട്ടില്ല, ചരിത്രത്തില്‍ ഉണ്ടാവുകയുമില്ല

എസ്ഐആറിനെ വിമര്‍ശിച്ച് കമലഹാസന്‍; സ്ഥിരമായ ഭരണകൂടങ്ങളില്ല, ഉണ്ടായിട്ടില്ല, ചരിത്രത്തില്‍ ഉണ്ടാവുകയുമില്ല
X

ന്യൂഡല്‍ഹി: എസ്ഐആറിനെ വിമര്‍ശിച്ച് മക്കള്‍ നീതി മയ്യം (എംഎന്‍എം) സ്ഥാപകനും രാജ്യസഭാ എംപിയുമായ കമല്‍ഹാസന്‍ രാജ്യസഭയില്‍ ആദ്യ പ്രസംഗം നടത്തി എംപി കമല്‍ഹാസന്‍. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയിലാണ് കമല്‍ഹാസന്റെ പ്രസംഗം. തമിഴര്‍ക്കും സഹോദരന്‍ എംകെ സ്റ്റാലിനും നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് കമല്‍ഹാസന്‍ പ്രസംഗം ആരംഭിച്ചത്. തമിഴിലായിരുന്നു നന്ദിപ്രകടനം. സ്ഥിരമായ ഭരണകൂടങ്ങളില്ല, ഉണ്ടായിട്ടില്ല. ചരിത്രത്തില്‍ ഉണ്ടാവുകയുമില്ല. അത് ഈ സര്‍ക്കാരിനും ബാധകമാണെന്ന് പറഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പും ഓര്‍മ്മപ്പെടുത്തലും നല്‍കിയാണ് കമല്‍ഹാസന്റെ പ്രസംഗം.

എസ്ഐആര്‍ നടപടികളിലൂടെ രാജ്യം ബുദ്ധിമുട്ടുന്നുണ്ടെന്ന് ബിഹാറിലേയും പശ്ചിമ ബംഗാളിലേയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് കമല്‍ ഹാസന്‍ വ്യക്തമാക്കി. മമത ബാനര്‍ജി എസ്ഐആറുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ വാദത്തിനുവേണ്ടി എത്തിയ കാര്യങ്ങളും അദ്ദേഹം സൂചിപ്പിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ കയ്യടിച്ചുകൊണ്ടാണ് കമല്‍ഹാസന്റെ പ്രസംഗത്തെ സ്വീകരിച്ചത്. കമല്‍ ഹാസന്റെ ആദ്യത്തെ പ്രസംഗമാണെന്നും ആരും തടസപ്പെടുത്തരുതെന്നും പ്രസംഗം തുടങ്ങുന്നതിന് മുമ്പ് സ്പീകര്‍ നിര്‍ദേശിച്ചിരുന്നു.

ഈ നിമിഷം എനിക്ക് ഒരു ബഹുമതിയായി തോന്നുന്നു... എന്റെ തമിഴ് അധ്യാപകരാണ് എനിക്ക് എന്റെ ഭാഷ പരിചയപ്പെടുത്തി നല്‍കിയത്. അവരില്‍ ഒരാള്‍ ഒരു രാഷ്ട്രീയ നേതാവായിരുന്നു, സി.എന്‍. അണ്ണാദുരൈ... നമ്മുടെ ഭാഷയ്ക്കും സംസ്‌കാരത്തിനും അവകാശങ്ങള്‍ക്കും നേരെയുള്ള ഏത് കടന്നുകയറ്റത്തെയും നേരിടാന്‍ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു... എന്റെ ഹൈസ്‌കൂള്‍ കൊഴിഞ്ഞുപോക്ക് കണക്കിലെടുത്ത് സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് യോഗ്യതയില്ലെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. അങ്ങനെയാകട്ടെ. എന്നിരുന്നാലും. സ്വയം പ്രാപ്തനായ ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ നിങ്ങള്‍ ഏവരും ഏത് സര്‍വകലാശാലയില്‍ നിന്ന് പഠിച്ചിറങ്ങിയെങ്കിലും ഒരു തമിഴന്‍ എന്ന നിലയില്‍ എനിക്ക് എല്ലാത്തിനും ഒരു അഭിപ്രായമുണ്ട്.

കോപമില്ലാതെ ഈ പ്രസംഗം എഴുതാന്‍ എം.കെ. ഗാന്ധി എന്നെ സഹായിച്ചിട്ടുണ്ട്. ഇതില്‍ യുക്തി ഉപയോഗിക്കാന്‍ പെരിയാര്‍ എന്നെ സഹായിച്ചു. ഈ വ്യവസ്ഥിതിയെ കുറിച്ച് മനസ്സിലാക്കാന്‍ അണ്ണ എന്നെ സഹായിച്ചു... വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെക്കുറിച്ചാണ് എന്റെ ആശങ്ക. വരാനിരിക്കുന്ന വര്‍ത്തമാനകാലത്തെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടാണ് ഞാന്‍ ഇത് എഴുതിയത്. മരിച്ചു ജീവിച്ചിരിക്കുന്നവരുടെ അക്ഷരത്തെറ്റ് പരിശോധിക്കുന്ന കഥ എന്നാണ് ഞാന്‍ ഇതിനെ വിളിക്കുന്നത്. ഞങ്ങള്‍ക്ക് വോട്ട് ചെയ്യണം സര്‍, കമ്മീഷനുകള്‍ ഞങ്ങളുടെ വോട്ട് ചെയ്യാനുള്ള അവകാശം പരിശോധിക്കുകയാണ്. അവര്‍ അക്ഷരത്തെറ്റുകളും വിലാസങ്ങളും പരിശോധിക്കുന്നു, അതും തെറ്റായി മാത്രമാണ് പരിശോധിക്കുന്നത്. ഞങ്ങള്‍ ഞങ്ങളുടെ വോട്ട് രേഖപ്പെടുത്താന്‍ മാത്രമാണ് ആഗ്രഹിക്കുന്നത് സാര്‍.

പുതിയ തലമുറ നമ്മെ കാണുകയാണ്. അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തോടെവേണം പെരുമാറാന്‍ എന്നും രാജ്യസഭയില്‍ കമല്‍ഹാസന്‍ പറഞ്ഞു.മഹാത്മാഗാന്ധിയാണ് തന്നെ ഭയക്കാതെ പ്രസംഗിക്കാന്‍ പ്രാപ്തനാക്കിയതെന്നും കമല്‍ഹാസന്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സഭയില്‍ അദ്ദേഹം സംസാരിച്ചു. വോട്ടെയും നാട്ടെയും വില്‍ക്ക മാട്ടാര്‍, നാളൈ നമദാകും എന്നും കമല്‍ഹാസന്‍ പറഞ്ഞു.







Next Story

RELATED STORIES

Share it