India

എസ് എ ബോബ്‌ഡെ സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും

രാവിലെ 9.30ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞ ചെയ്തതിനുശേഷം സുപ്രിംകോടതിയിലെത്തി രാവിലെ തന്നെ ചുമതലയേറ്റെടുക്കും.

എസ് എ ബോബ്‌ഡെ സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും
X

ന്യൂഡല്‍ഹി: 47ാമത് സുപ്രിംകോടതി ചീഫ് ജസ്റ്റിസായി എസ് എ ബോബ്‌ഡെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാവിലെ 9.30ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞ ചെയ്തതിനുശേഷം സുപ്രിംകോടതിയിലെത്തി രാവിലെ തന്നെ ചുമതലയേറ്റെടുക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിച്ച ഒഴിവിലേക്കാണ് സുപ്രിംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ ശരദ് അരവിന്ദ് ബോബ്‌ഡെയെ നിയമിച്ചത്. വിരമിക്കുന്നതിനു മുന്നോടിയായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് ജസ്റ്റിസ് ബോബ്‌ഡെയുടെ പേര് പുതിയ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കു നാമനിര്‍ദേശം ചെയ്തത്.

2021 ഏപ്രില്‍ 23 വരെയാണ് ജസ്റ്റിസ് ബോബ്‌ഡെയുടെ ഔദ്യോഗിക കാലാവധി. 1956 ഏപ്രില്‍ 24ന് നാഗ്പൂരിലാണ് അദ്ദേഹം ജനിച്ചത്. നാഗ്പൂര്‍ സര്‍വകലാശാലയില്‍നിന്ന് എല്‍എല്‍ബി ബിരുദം നേടിയ ജസ്റ്റിസ് ബോബ്‌ഡെ, 1978ലാണ് മഹാരാഷ്ട്ര ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി സേവനം തുടങ്ങിയത്. 1998 ല്‍ മുതിര്‍ന്ന അഭിഭാഷകനും 2000 ല്‍ ബോംബെ ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജിയുമായി. 2012 ഒക്ടോബര്‍ 16ന് മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2013 ഏപ്രില്‍ 12 മുതല്‍ സുപ്രിംകോടതി ജഡ്ജിയാണ്. ബാബരി ഭൂമി തര്‍ക്കകേസില്‍ വിധി പുറപ്പെടുവിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ബോബ്‌ഡെ.

Next Story

RELATED STORIES

Share it