India

സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ജെഎന്‍യു വിദ്യാര്‍ഥികള്‍; കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദത്തില്‍

രാജീവ് ചൗക്കിലെ പ്രതിഷേധം വ്യാഴാഴ്ചത്തേക്ക് അവസാനിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മുതല്‍ സമരവുമായി വീണ്ടും തെരുവിലിറങ്ങുമെന്നാണ് വിദ്യാര്‍ഥികളുടെ പ്രഖ്യാപനം. കാര്യങ്ങള്‍ കൈവിട്ടുപോവുമെന്ന് മനസ്സിലായതോടെ നാളെയും വിദ്യാര്‍ഥി യൂനിയനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ജെഎന്‍യു വിദ്യാര്‍ഥികള്‍; കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദത്തില്‍
X

ന്യൂഡല്‍ഹി: വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കിയതോടെ കേന്ദ്രസര്‍ക്കാരും ഡല്‍ഹി പോലിസും കൂടുതല്‍ സമ്മര്‍ദത്തിലായി. രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജും തുടര്‍ന്ന് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തപ്പോള്‍ സമരം അവസാനിക്കുമെന്നാണ് പോലിസും കേന്ദ്രസര്‍ക്കാരും കരുതിയിരുന്നത്. എന്നാല്‍, വിദ്യാര്‍ഥികള്‍ പൂര്‍വാധികം ശക്തിയോടെ വിവിധ കേന്ദ്രങ്ങളില്‍ സമരം ആരംഭിച്ചതോടെ പോലിസ് കുഴങ്ങിയിരിക്കുകയാണ്. രാജീവ് ചൗക്കിലെ പ്രതിഷേധം വ്യാഴാഴ്ചത്തേക്ക് അവസാനിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മുതല്‍ സമരവുമായി വീണ്ടും തെരുവിലിറങ്ങുമെന്നാണ് വിദ്യാര്‍ഥികളുടെ പ്രഖ്യാപനം. കാര്യങ്ങള്‍ കൈവിട്ടുപോവുമെന്ന് മനസ്സിലായതോടെ നാളെയും വിദ്യാര്‍ഥി യൂനിയനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

വിസിയെ മാറ്റണമെന്ന ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്റെ ആവശ്യത്തില്‍ നാളെയും ചര്‍ച്ച നടന്നേക്കും. വ്യാഴാഴ്ച ഉച്ചയോടെയാണ് മാനവവിഭവശേഷി മന്ത്രാലയത്തിന് മുന്നിലേക്ക് വിദ്യാര്‍ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ വിദ്യാര്‍ഥികളും അധ്യാപകരും പൊതുജനങ്ങളും പങ്കെടുത്തു. മുതിര്‍ന്ന നേതാക്കളായ സീതാറാം യെച്ചൂരി, ഡി.രാജ, പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്, ശരത് യാദവ് തുടങ്ങിയ നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തി. തുടര്‍ന്ന് മന്ത്രാലയവുമായി വിദ്യാര്‍ഥി യൂനിയന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വിസിയെ മാറ്റണമെന്ന ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. തുടര്‍ന്ന് വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് പ്രഖ്യാപിച്ചു.

പാതിവഴിയില്‍വച്ച് മാര്‍ച്ച് പോലിസ് തടഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളെ അറസ്റ്റുചെയ്ത് നീക്കാനുള്ളപോലിസ് ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുകയാണുണ്ടായത്. വിദ്യാര്‍ഥികളും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ ലാത്തിവീശി. നിരവധി വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുത്തു. പോലിസ് നടപടിയില്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹിയിലെ പ്രധാന റോഡുകളില്‍ വന്‍ഗതാഗതക്കുരുക്കുണ്ടായി. കൂടുതല്‍ സേനയെ എത്തിച്ച് എല്ലാ വിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്ത് നീക്കിയ പോലിസ് ഇവിടെ സാധാരണ നിലയിലേക്ക് എത്തിച്ചു. എന്നാല്‍, മന്ത്രിമാര്‍ഗ് പോലിസ് സ്‌റ്റേഷനില്‍നിന്ന് പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ തിരികെ താമസസ്ഥലത്തേക്കല്ല പോയത്.

മറിച്ച്, ഇവര്‍ ഡല്‍ഹിയിലെ കൊണാട്ട്‌പ്ലേസിലേക്ക് മാര്‍ച്ച് ചെയ്യാനാരംഭിച്ചു. ഇതോടെ പോലിസ് വിദ്യാര്‍ഥികളെ തടയുകയും എല്ലാവരെയും അറസ്റ്റുചെയ്ത് നീക്കുകയും ചെയ്തു. എന്നാല്‍, ഇവര്‍ നേരെ രാജീവ് ചൗക്കിലേക്ക് പോവുകയായിരുന്നു. പോലിസെത്തി അഭ്യര്‍ഥിച്ചെങ്കിലും സമരം അവസാനിപ്പിക്കാന്‍ കൂട്ടാക്കാതിരുന്ന വിദ്യാര്‍ഥികള്‍ പിന്നീട് സ്വമേധയാ പിന്‍വാങ്ങുകയായിരുന്നു. അതിനിടെ, ജെഎന്‍യു കാംപസില്‍ പോലിസ് സുരക്ഷ വര്‍ധിപ്പിച്ചു. കാംപസിനകത്ത് കൂടുതല്‍ പോലിസിനെ വിന്യസിച്ചു. ഇതിന് പുറമെ ഡല്‍ഹിയിലെ പാര്‍ലമെന്റിലേക്കുള്ള റോഡുകള്‍ പോലിസ് അടച്ചു. പക്ഷെ, വിസി ജഗദീഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കുന്നതുവരെ എന്തുവന്നാലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ഥി യൂനിയന്‍.

Next Story

RELATED STORIES

Share it