India

ചര്‍ച്ച പരാജയം, ജെഎന്‍യു വിദ്യാര്‍ഥികളുടെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് പോലിസ് തടഞ്ഞു; ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം

വിസി ജഗദീഷ് കുമാറിനെ മാറ്റണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം നാളെ ചര്‍ച്ച ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ പ്രധാന കാരണം. ഇതോടെ വിസി രാജിവയ്ക്കാതെ സമരത്തില്‍നിന്ന് പിന്‍മാറുന്ന പ്രശ്‌നമില്ലെന്ന് വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവര്‍ നിലപാടെടുത്തു.

ചര്‍ച്ച പരാജയം, ജെഎന്‍യു വിദ്യാര്‍ഥികളുടെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് പോലിസ് തടഞ്ഞു; ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം
X

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥികളും പോലിസും തമ്മില്‍ ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം. വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. വിദ്യാര്‍ഥികളെ ബലപ്രയോഗത്തിലൂടെ നീക്കംചെയ്യാന്‍ ശ്രമിച്ചതോടെ പോലിസും വിദ്യാര്‍ഥികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലിസ് വിദ്യാര്‍ഥികള്‍ക്ക് നേരേ ലാത്തിവീശി. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റുചെയ്തുനീക്കുകയാണ്. വിദ്യാര്‍ഥിനികളെ ബലം പ്രയോഗിച്ച് പോലിസ് വാനിലേക്ക് കയറ്റുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍നിന്ന് വിദ്യാര്‍ഥികളെ പോലിസ് വിലക്കുകയും ചെയ്തു. വന്‍ പോലിസ് സന്നാഹമായി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്. വിസി ജഗദീഷ് കുമാറിനെ മാറ്റണമെന്നത് അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ജെഎന്‍യുവിലെ വിദ്യാര്‍ഥികളും അധ്യാപക യൂനിയന്‍ പ്രതിനിധികളും മാനവ വിഭവശേഷി മന്ത്രാലയ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ച പരാജയതിനെത്തുടര്‍ന്നാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്.

വിസി ജഗദീഷ് കുമാറിനെ മാറ്റണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം നാളെ ചര്‍ച്ച ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ പ്രധാന കാരണം. ഇതോടെ വിസി രാജിവയ്ക്കാതെ സമരത്തില്‍നിന്ന് പിന്‍മാറുന്ന പ്രശ്‌നമില്ലെന്ന് വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവര്‍ നിലപാടെടുത്തു. വിസി സ്ഥാനത്തുനിന്ന് ജഗദീഷ് കുമാര്‍ രാജിവയ്ക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോവുമെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് പ്രഖ്യാപിച്ചു. പിന്നാലെ തങ്ങളുടെ മാര്‍ച്ച് രാഷ്ട്രപതി ഭവനിലേക്ക് നീട്ടുകയാണെന്നും ഐഷി അറിയിച്ചു. അധ്യാപക യൂനിയനും സമരത്തിലുണ്ട്. വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നീങ്ങിയതോടെ പോലിസ് ഇവരെ തടഞ്ഞു. ജന്‍പഥ്‌റോഡിലും പോലിസ് വിദ്യാര്‍ഥികളെ തടഞ്ഞു.

വലിയ ഗതാഗതക്കുരുക്കാണ് സ്ഥലത്തുണ്ടായത്. സമരക്കാരോട് റോഡിന്റെ വശങ്ങളിലേക്ക് നീങ്ങിനില്‍ക്കാന്‍ പോലിസ് ആവശ്യപ്പെട്ടതാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചത്. പോലിസിനെതിരേ ഗുരുതര ആരോപണവുമായി വിദ്യാര്‍ഥിനികള്‍ രംഗത്തെത്തിയിട്ടുണ്ട്. പോലിസ് മോശമായി പെരുമാറിയെന്നും യൂനിഫോമിലില്ലാത്തവര്‍ തങ്ങളെ മര്‍ദിച്ചുവെന്നും മലയാളി വിദ്യാര്‍ഥിനികള്‍ പറയുന്നു. ജെഎന്‍യു കാംപസില്‍ നടന്ന മുഖംമൂടി ആക്രമണത്തിലും സര്‍വകലാശാലയിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിലും പ്രതിഷേധിച്ച ജെഎന്‍യു വിദ്യാര്‍ഥികളും അധ്യാപക സംഘടനയുമാണ് ഇന്ന് മണ്ഡി ഹൗസില്‍നിന്നും മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഇതിന് പിന്നാലെയായിരുന്നു മാനവ വിഭവ ശേഷി മന്ത്രാലയ സെക്രട്ടറിയുമായുള്ള ചര്‍ച്ച. ജനുവരി 5ന് കാംപസില്‍ നടന്ന ആക്രമണത്തില്‍ ഇതുവരെ ഡല്‍ഹി പോലിസ് ആരെയും അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധം വ്യാപകമാവുന്നുണ്ട്.

Next Story

RELATED STORIES

Share it