India

കശ്മീരിലെ നിയന്ത്രണങ്ങള്‍ പുനപ്പരിശോധിക്കണം: സുപ്രിംകോടതി

മതിയായ കാരണങ്ങളോടെ താല്‍കാലികമായി ഇന്റര്‍നെറ്റ് വിച്ഛേദിക്കാം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പുറമെ പ്രത്യേക കാലയളവില്ലാതെ അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് വിചേഛേദിക്കല്‍ ടെലികോം നിയമങ്ങളുടെ ലംഘനമാണ്. അത് അനുവദിക്കാനാവില്ല. ആവര്‍ത്തിച്ചുള്ള നിരോധനാജ്ഞ അധികാര ദുര്‍വിനിയോഗമാണ്.

കശ്മീരിലെ നിയന്ത്രണങ്ങള്‍ പുനപ്പരിശോധിക്കണം: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനപ്പരിശോധിക്കണമെന്ന് സുപ്രിംകോടതി. ജമ്മു കശ്മീരിലെ എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചക്കുള്ളില്‍ ഭരണകൂടം പുനപ്പരിശോധിക്കണമെന്നാണ് നിര്‍ദേശം. നിയന്ത്രണങ്ങള്‍ അവലോകനം ചെയ്യാനായി സമിതിയെ നിയോഗിക്കണം. കശ്മീരിലെ നിയന്ത്രണങ്ങള്‍ ചോദ്യംചെയ്തുള്ള ഹരജിയില്‍ വിധി പറയുകയായിരുന്നു സുപ്രിംകോടതി. ജസ്റ്റിസുമാരായ എന്‍ വി രമണ, ആര്‍ സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായ് എന്നിവരാണ് വിധി പറഞ്ഞത്. ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കാനുള്ള പൗരന്റെ അവകാശം ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്കും ബാങ്ക് ഇടപാടുകള്‍ക്കുമുള്ള തടസ്സങ്ങള്‍ നീക്കണം.

മതിയായ കാരണങ്ങളോടെ താല്‍കാലികമായി ഇന്റര്‍നെറ്റ് വിച്ഛേദിക്കാം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പുറമെ പ്രത്യേക കാലയളവില്ലാതെ അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് വിചേഛേദിക്കല്‍ ടെലികോം നിയമങ്ങളുടെ ലംഘനമാണ്. അത് അനുവദിക്കാനാവില്ല. ആവര്‍ത്തിച്ചുള്ള നിരോധനാജ്ഞ അധികാര ദുര്‍വിനിയോഗമാണ്. എതിരഭിപ്രായങ്ങള്‍ അടിച്ചമര്‍ത്താനുള്ള ഉപകരണമായി 144ാം വകുപ്പായ നിരോധനാജ്ഞയെ ഉപയോഗിക്കരുത്. പ്രത്യേക പദവി നീക്കംചെയ്ത് കേന്ദ്രഭരണ പ്രദേശമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഗസ്ത് നാലിന് അര്‍ധരാത്രിയാണ് ജമ്മുകശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞയ്ക്കുള്ള കാരണങ്ങള്‍ അറിയിക്കണം. സര്‍ക്കാര്‍ രേഖാമൂലം വിവരങ്ങള്‍ കോടതിയെ അറിയിക്കണം.

പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ആശയവിനിമയ സംവിധാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. എല്ലാ ഉത്തരവുകളും നിയന്ത്രണങ്ങളും സര്‍ക്കാരുകള്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. കൂടാതെ നിയന്ത്രണാതീതമായ നടപടികള്‍ സ്വീകരിക്കുന്നതിന് ആനുപാതികത തത്വങ്ങള്‍ പാലിക്കുകയും വേണമെന്നും ജസ്റ്റിസ് രമണ പറഞ്ഞു. കശ്മീരിലെ നിയന്ത്രണങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഉള്‍പ്പടെയുള്ളവരുടെ ഹരജികളിലാണ് കോടതിയുടെ ഉത്തരവ്. നിയന്ത്രണങ്ങളിലെ രാഷ്ട്രീയ ഇടപെടുലകളിലേക്ക് കടക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഹരജികളില്‍ കോടതി വിധി പ്രസ്താവന തുടങ്ങിയത്. പൗരന്‍മാരുടെ സുരക്ഷയും സ്വാതന്ത്ര്യവും സംബന്ധിച്ച് ഒരു സന്തുലിതാവസ്ഥ കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ പരിമിതമായ ആശങ്ക.

പൗരന്‍മാര്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ മാത്രമാണ് ഞങ്ങള്‍ ഇവിടെയുള്ളത്. ഉത്തരവുകള്‍ക്ക് പിന്നിലെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നില്ല. കശ്മീര്‍ ഒരുപാട് അക്രമങ്ങള്‍ കാണുന്നുണ്ട്. മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സുരക്ഷയുമായി സന്തുലിതമാക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുമെന്നും കോടതി വ്യക്തമാക്കി. ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ ആറുമാസം പിന്നിടുമ്പോഴാണ് സുപ്രിംകോടതി വിധി വരുന്നത്. ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ നീക്കംചെയ്തതിന് ശേഷം ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ന്യായീകരിക്കുന്ന നിലപാടാണ് കേന്ദ്രം കോടതിയില്‍ സ്വീകരിച്ചിരുന്നത്. പ്രതിരോധനടപടികള്‍ കാരണം ഒരു ജീവന്‍പോലും നഷ്ടപ്പെടുകയോ ഒരു വെടിയുണ്ടപോലും ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.


Next Story

RELATED STORIES

Share it