India

മകളെ നിരന്തരം ശല്യപ്പെടുത്തുന്നു; പിതാവിന്റെ പരാതിയില്‍ യുപി ഐപിഎസ് ഉദ്യോഗസ്ഥനെതിരേ അന്വേഷണത്തിന് ഉത്തരവ്

മകളെ നിരന്തരം ശല്യപ്പെടുത്തുന്നു; പിതാവിന്റെ പരാതിയില്‍ യുപി ഐപിഎസ് ഉദ്യോഗസ്ഥനെതിരേ അന്വേഷണത്തിന് ഉത്തരവ്
X

ലഖ്‌നോ: മകളെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ പരാതിയില്‍ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരേ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. ഐപിഎസ് ഉദ്യോഗസ്ഥനായ ബി ആര്‍ മീണയ്‌ക്കെതിരേ ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച എന്‍ജിനീയറാണ് പരാതി നല്‍കിയത്. മീണ വ്യത്യസ്ത ഫോണ്‍ നമ്പരുകളില്‍നിന്നായി എല്ലാ ദിവസവും രാത്രി മകളെ വിളിച്ച് ശല്യപ്പെടുത്തുന്നുവെന്ന് ട്വിറ്ററിലൂടെയാണ് പിതാവ് ആരോപണമുന്നയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഡിജിപി മുകുള്‍ ഗോയല്‍, സംസ്ഥാന അഡീഷനല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) അവനീഷ് കുമാര്‍ അവസ്തി, ഐഎഎസ്, ഐപിഎസ് അസോസിയേഷനുകള്‍ എന്നിവരെ ട്വീറ്റില്‍ അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്.

രാത്രിയില്‍ എന്റെ മകളെ വിളിച്ച് മീണ ഭീഷണിപ്പെടുത്തുന്നു. യുപിയില്‍ സ്ത്രീകള്‍ എത്രത്തോളം സുരക്ഷിതരാണ്? ഈ അഴിമതിക്കാരനായ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കൂ. ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടണമെന്നും പിതാവ് ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപി മുകുള്‍ ഗോയല്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ വിശദമായ റിപോര്‍ട്ട് കൈമാറണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. നിങ്ങളുടെ പരാതി അംഗീകരിക്കുന്നു. അത് അന്വേഷിക്കും. ദയവായി ഗാസിയാബാദ് പോലിസിന് ഒരു രേഖാമൂലമുള്ള അപേക്ഷ നല്‍കുക. പ്രതികള്‍ക്കെതിരേ ഇതുവരെ രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടില്ല- യുപി ഗാസിയാബാദ് പോലിസ് ട്വീറ്റിന് മറുപടി നല്‍കി.

1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മീണയെ പ്രയാഗ്‌രാജിലാണ് നിയമിച്ചിരിക്കുന്നത്. ഇക്കാര്യം അന്വേഷിക്കാന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിജിപി ഗോയല്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി പരാതിക്കാരനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്ഥലത്തില്ലെന്നും രാവിലെ മാത്രമേ വരികയുള്ളൂവെന്നും ഭാര്യ അറിയിച്ചതായി പോലിസ് പറഞ്ഞു. ശനിയാഴ്ച വനിതാ ഓഫിസര്‍ പരാതിക്കാരന്റെ വീട്ടിലെത്തി ഭാര്യയെ കണ്ടു. അത്തരമൊരു പരാതി നല്‍കിയിട്ടില്ലെന്ന് ഭാര്യ രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ട്- ഡിജിപി പറഞ്ഞു. പിതാവിനെ കാണാന്‍ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഗാസിയാബാദില്‍ താമസിക്കുന്ന എന്‍ജിനീയറുടെ മകളെ കണ്ടെത്താനും പോലിസ് ശ്രമിക്കുന്നുണ്ട്. യുവതി വിവാഹിതനാണെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ പ്രതികരണം ലഭിച്ചിട്ടില്ലെന്നും പോലിസ് പറയുന്നു.

Next Story

RELATED STORIES

Share it