India

വരുമാന നികുതി- കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല: കേന്ദ്രമന്ത്രി

കഴിഞ്ഞ ജനുവരി 19ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം, വരുമാന നികുതി നിയമത്തിലെ ശിക്ഷാനടപടികള്‍ ഇല്ലാതാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുമെന്നാണ്.

വരുമാന നികുതി- കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല: കേന്ദ്രമന്ത്രി
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന്റെ ശക്തമായ പ്രതിഷേധത്തിന്റെ ഫലമാണ് വരുമാന നികുതി, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ സുപ്രധാനമായ വകുപ്പുകളില്‍ വെള്ളം ചേര്‍ക്കാനുള്ള നടപടിയില്‍നിന്ന് ബിജെപി സര്‍ക്കാര്‍ പിന്തിരിഞ്ഞതെന്ന് കോണ്‍ഗ്രസ് ലോക് സഭാ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എംപി. ഈ വിഷയത്തില്‍ കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇത്തരത്തിലുള്ള ഒരു നടപടിക്കും കേന്ദ്രസര്‍ക്കാര്‍ തുനിയുന്നില്ലെന്നും അത്തരത്തിലുള്ള ഒരു നടപടിക്കായുള്ള ശുപാര്‍ശയും കേന്ദ്ര ധനമന്ത്രാലയത്തിന് ലഭിച്ചിട്ടില്ലെന്നും അനുരാഗ് താക്കൂര്‍ മറുപടി നല്‍കിയതെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

എന്നാല്‍, കഴിഞ്ഞ ജനുവരി 19ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം, വരുമാന നികുതി നിയമത്തിലെ ശിക്ഷാനടപടികള്‍ ഇല്ലാതാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുമെന്നാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലൂടെ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സാമ്പത്തികശക്തിയാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, ഐക്യരാഷ്ട്രസഭയുടെ വിയന്ന സമ്മേളനത്തിന്റെ ആധാരത്തില്‍ നിലവില്‍ വന്ന കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചത് ഐക്യരാഷ്ട്ര സഭയുടെ വിയന്ന, പലെര്‍മോ കണ്‍വന്‍ഷനുകളുടെ നഗ്‌നമായ ലംഘനമാണെന്നും അതില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിഞ്ഞത് കോണ്‍ഗ്രസ്സിന്റെ ശക്തമായ പ്രതിഷേധത്തോടുകൂടിയാണെന്നും കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഏതുതരം സാമ്പത്തിക കുറ്റകൃത്യം നടത്തിപ്പോയാലും അതില്‍നിന്ന് പിഴ നല്‍കി രക്ഷപ്പെടാവുന്ന രീതിയില്‍ രാജ്യത്തെ നിയമവ്യവസ്ഥയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍നിന്നും സാമ്പത്തിക കുറ്റവാളികള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്നതില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ ഇനിയെങ്കിലും പിന്‍മാറണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it