India

കേരളമടക്കം നാല് സംസ്ഥാനങ്ങള്‍ക്ക് കര്‍ണാടകയില്‍ പ്രവേശന വിലക്ക്

ലോക്ഡൗണില്‍ പല ഇളവുകളും അനുവദിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി. സാമൂഹിക അകല മാനദണ്ഡങ്ങള്‍ പാലിച്ച് ബസുകള്‍ ഓടിക്കുന്നതിന് അനുമതി നല്‍കി

കേരളമടക്കം നാല് സംസ്ഥാനങ്ങള്‍ക്ക് കര്‍ണാടകയില്‍ പ്രവേശന വിലക്ക്
X

ബംഗളൂരു: കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മെയ് 31 വരെ പ്രവേശന വിലക്ക് ഏര്‍പെടുത്തി കര്‍ണാടക. നാലാം ഘട്ട ലോക്ക്ഡൗണുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷമാണ് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നിവയാണ് പ്രവേശന വിലക്ക് ഏര്‍പെടുത്തിയ മറ്റു സംസ്ഥാനങ്ങള്‍.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തത് മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ്. സംസ്ഥാനങ്ങള്‍ തമ്മില്‍ പരസ്പരം ധാരണയോടെ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അനുമതി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് കര്‍ണാടകയുടെ വിലക്ക്.

അതിനിടെ, ലോക്ഡൗണില്‍ പല ഇളവുകളും അനുവദിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി. സാമൂഹിക അകല മാനദണ്ഡങ്ങള്‍ പാലിച്ച് ബസുകള്‍ ഓടിക്കുന്നതിന് അനുമതി നല്‍കി. സംസ്ഥാനത്തിനകത്ത് എല്ലാ ട്രെയിനുകളും ഉടന്‍ അനുവദിക്കും. എല്ലാ കടകളും തുറക്കാം. സംസ്ഥാനത്തിനകത്ത് ഓടുന്ന ട്രെയിന്‍ പോലെ തന്നെ സ്വകാര്യ-കെഎസ്ആര്‍ടിസി ബസുകള്‍ക്കും സര്‍വീസ് നടത്താന്‍ അനുമതിയുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു.

അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ച് ഞായറാഴ്ചകളില്‍ പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും യെദ്യൂരപ്പ പറഞ്ഞു. ഒരു ബസില്‍ പരമാവധി 30 യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബസ് അനുവദിക്കില്ല. ഓണ്‍ലൈന്‍ ടാക്സി സേവനങ്ങളായ ഓല, യൂബര്‍ എന്നിവക്കും നാളെ മുതല്‍ സര്‍വീസിന് അനുമതി നല്‍കിയിട്ടുണ്ട്.

പാര്‍ക്കുകള്‍ നാളെ മുതല്‍ തുറക്കാനും തീരുമാനമായി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെ എല്ലാ കടകകളും തുറന്നുപ്രവര്‍ത്തിക്കാം. അതേസമയം, മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങല്‍,സിനിമാശാലകള്‍, ജിം, സ്വിമ്മിങ്പൂള്‍ എന്നിവ അടഞ്ഞുകിടക്കും. രാത്രി 7 മുതല്‍ രാവിലെ 7 വരെ കര്‍ഫ്യൂ നിലനിര്‍ത്തും. ഇന്നലെ മാത്രം 84 പുതിയ കേസുകള്‍ ഉണ്ടായിട്ടും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ നിരവധി ഇളവുകൾ നല്‍കാന്‍ സംസ്ഥാനം തീരുമാനിച്ചു.



Next Story

RELATED STORIES

Share it