India

'ഞാന്‍ ഇന്ത്യാക്കാരനാണ്, ഞാന്‍ ഹിന്ദി സംസാരിക്കില്ല'; ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരേ വൈറലായി ടീ ഷര്‍ട്ട് മുദ്രാവാക്യങ്ങള്‍

2016 ലെ മെട്രോ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടന്‍ ശ്രീരിഷ് ശരവണനും ജനപ്രിയ സംഗീതസംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജയും തമ്മിലുള്ള സംഭാഷണത്തിന്റെ ചിത്രമാണ് ഞായറാഴ്ച ട്വിറ്ററില്‍ വൈറലായത്.

ഞാന്‍ ഇന്ത്യാക്കാരനാണ്, ഞാന്‍ ഹിന്ദി സംസാരിക്കില്ല; ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരേ വൈറലായി ടീ ഷര്‍ട്ട് മുദ്രാവാക്യങ്ങള്‍
X

ന്യൂഡല്‍ഹി: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരേ സമൂഹമാധ്യമങ്ങളില്‍ വൈറലായി വേറിട്ട പ്രതിഷേധം. 'ഞാന്‍ ഇന്ത്യാക്കാരനാണ്, ഞാന്‍ ഹിന്ദി സംസാരിക്കില്ല' എന്ന മുദ്രാവാക്യങ്ങള്‍ അച്ചടിച്ച ടീ ഷര്‍ട്ട് കാമ്പയിനാണ് സമൂഹമാധ്യമങ്ങളില്‍ സജീവചര്‍ച്ചയ്ക്ക് വഴിതുറന്നത്. പ്രമുഖ നടന്‍മാര്‍, രാഷ്ട്രീയനേതാക്കന്‍മാര്‍, കലാ, സാംസ്‌കാരിക മേഖലയിലുള്ളവരെല്ലാം ഇംഗ്ലീഷിലും തമിഴിലും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരേ ടീ ഷര്‍ട്ട് പങ്കുവച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്. 2016 ലെ മെട്രോ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടന്‍ ശ്രീരിഷ് ശരവണനും ജനപ്രിയ സംഗീതസംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജയും തമ്മിലുള്ള സംഭാഷണത്തിന്റെ ചിത്രമാണ് ഞായറാഴ്ച ട്വിറ്ററില്‍ വൈറലായത്.

സപ്തംബര്‍ അഞ്ചിന് പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഇവര്‍ ധരിച്ചിരിക്കുന്ന ടീ ഷര്‍ട്ടിലാണ് ഞാന്‍ ഇന്ത്യാക്കാരനാണ്, ഞാന്‍ ഹിന്ദി സംസാരിക്കില്ല എന്ന് പ്രിന്റ് ചെയ്തിരിക്കുന്നത്. ആഴത്തിലുള്ള ചര്‍ച്ച, നല്ല കാര്യങ്ങള്‍ നമ്മുടെ വഴിയ്ക്കുവരും എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. യുവാന്‍ ധരിച്ചിരിക്കുന്ന വെള്ള ടീ ഷര്‍ട്ടില്‍ തമിഴ് കവി തിരുവള്ളുവറിന്റെ 'ഞാന്‍ തമിഴ് പേശും ഇന്ത്യന്‍' എന്ന വാചകമാണ് ആധുനിക ചിത്രകലയിലൂടെ അച്ചടിച്ചിരിക്കുന്നത്. 'ഹിന്ദി തെരിയാത്, പോടാ' എന്നാണ് ശ്രീരിഷ് ധരിച്ചിരിക്കുന്ന ചുവന്ന ടീ ഷര്‍ട്ടില്‍ കുറിച്ചിരിക്കുന്നത്. 1980 ല്‍ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത 'വരുമായിന്‍ നിറം ശിവപ്പ് എന്ന നാടകത്തില്‍ നടന്‍ കമലഹാസനാണ് 'ഞാന്‍ തമിഴ് സംസാരിക്കുന്ന ഇന്ത്യക്കാരന്‍' ആണെന്ന് ആദ്യമായി പറഞ്ഞത്.

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരേ യുവാനും ശ്രീരിഷും പോസ്റ്റ് ചെയ്ത മുദ്രാവാക്യങ്ങളടങ്ങിയ ടീ ഷര്‍ട്ടുകള്‍ അധികംവൈകാതെ നിരവധി പേരാണ് ഏറ്റെടുത്തത്. സമാന ടീ ഷര്‍ട്ടുകള്‍ ധരിച്ചുള്ള ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഹിന്ദി വിരുദ്ധവികാരം ഉള്‍ക്കൊണ്ട് ഡിഎംകെ നേതാവ് ഇതേ മാതൃകയില്‍ കുറച്ച് ടീ ഷര്‍ട്ടുകള്‍ അച്ചടിച്ചതായി തൂത്തുക്കുടി എംപി കനിമൊഴിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂസ് മിനിറ്റ് റിപോര്‍ട്ട് ചെയ്തു. ടീ ഷര്‍ട്ടുകള്‍ ധരിച്ച ഒരുകൂട്ടം യുവാക്കളുമൊത്തുള്ള ചിത്രം കനിമൊഴി ഞായറാഴ്ച ട്വീറ്റ് ചെയ്തു. ഒരു വികാരത്തെ ജ്വലിപ്പിക്കാന്‍ ഒരു തീപ്പൊരി മതിയെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന കാലഘട്ടത്തിലാണ് ഞങ്ങള്‍ ടീ ഷര്‍ട്ടുകള്‍ അച്ചടിച്ചിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡിഎംകെ യൂത്ത് വിങ് സെക്രട്ടറി ഉദയാനിധി സ്റ്റാലിന്‍, തമിഴ് ചലച്ചിരംഗത്തെ അഭിനേതാക്കളായ ഐശ്വര്യ രാജേഷ്, ശാന്തനു ഭാഗ്യരാജ്, ഭാര്യ കീര്‍ത്തി ശാന്തനു എന്നിവരും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരേ തമിഴ് മുദ്രാവാക്യങ്ങളടങ്ങിയ ടീ ഷര്‍ട്ടുകള്‍ ധരിച്ച് പ്രത്യക്ഷപ്പെട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചലച്ചിത്ര നിര്‍മാതാവ് വെട്രിമാരന്‍ 2011 ല്‍ ഇന്ത്യയിലെ ഒരു വിമാനത്താവളത്തില്‍ ഹിന്ദി അറിയാത്തതിന്റെ പേരില്‍ അപമാനിക്കപ്പെട്ട സംഭവം പങ്കുവച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്.

മോണ്‍ട്രിയല്‍ ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ച ശേഷം ആടുകാലം ടീമിനൊപ്പം മടങ്ങിയെത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് ദേശീയ അവാര്‍ഡ് ജേതാവ് വികാരാധീനനായി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തനിക്ക് ഹിന്ദി അറിയില്ലെന്ന് വെട്രിമാരന്‍ ഡല്‍ഹി വിമാനത്താവളത്തിലെ ഒരു എമിഗ്രേഷന്‍ ഉദ്യോഗസ്ഥനോട് പറഞ്ഞു.

എന്നാല്‍, രാജ്യത്തിന്റെ മാതൃഭാഷ നിങ്ങള്‍ക്കറിയില്ലേയെന്നും തമിഴരും കശ്മീരികളും ചേര്‍ന്ന് രാജ്യം തകര്‍ക്കുകയാണെന്ന് ഉദ്യോഗസ്ഥന്‍ പരിഹസിക്കുകയും ചെയ്തുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഹിന്ദിയില്‍ സംസാരിക്കാത്തതിന്റെ പേരില്‍ വിമാനത്താവളത്തില്‍വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥനില്‍നിന്ന് മോശം അനുഭവമുണ്ടായത് കനിമൊഴി എംപിയും അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it