India

ഫാത്തിമയുടെ മരണം: സത്യം വിജയിക്കും; കൃത്യമായ അന്വേഷണം ഉറപ്പുവരുത്തും- ഉന്നത വിദ്യാഭ്യാസ സെക്രട്ടറി

ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ച് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കാനാണ് അദ്ദേഹം ഐഐടിയിലെത്തിയത്. ഞായറാഴ്ച രാവിലെ മുതല്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഐഐടിയില്‍ തെളിവെടുപ്പ് നടത്തി.

ഫാത്തിമയുടെ മരണം: സത്യം വിജയിക്കും; കൃത്യമായ അന്വേഷണം ഉറപ്പുവരുത്തും- ഉന്നത വിദ്യാഭ്യാസ സെക്രട്ടറി
X

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സത്യം വിജയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം. അന്വേഷണം ശരിയായ ദിശയിലാണെന്നാണ് നിഗമനം. കൃത്യമായ അന്വേഷണം ഉറപ്പുവരുത്തും. മിടുക്കിയായ വിദ്യാര്‍ഥിനിയെ നഷ്ടമായതില്‍ ദു:ഖമുണ്ട്. മദ്രാസ് ഐഐടിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഈ ഘട്ടത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ച് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കാനാണ് അദ്ദേഹം ഐഐടിയിലെത്തിയത്. ഞായറാഴ്ച രാവിലെ മുതല്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഐഐടിയില്‍ തെളിവെടുപ്പ് നടത്തി.

എന്നാല്‍, വിദ്യാര്‍ഥികളില്‍നിന്നും അദ്ദേഹം കൂടുതലായി തെളിവെടുപ്പ് നടത്തിയില്ല. ചില അധ്യാപകരില്‍നിന്നും ഡീനില്‍നിന്നുമാണ് തെളിവെടുപ്പ് നടത്തിയത്. സംഭവസ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. ഫാത്തിമയുടെ മരണത്തിന് പിന്നാലെ എംഎ ഇന്റഗ്രേറ്റഡ് ബാച്ചിന് അവധി നല്‍കിയിരിക്കുകയാണ്. സെമസ്റ്റര്‍ പരീക്ഷകള്‍ നീട്ടിവയ്ക്കുകയും ചെയ്തു. ഫാത്തിമയുടെ സഹപാഠികളില്‍ പലരും വീട്ടിലേക്ക് മടങ്ങിയിരുന്നു. ചെന്നൈയിലുള്ള വിദ്യാര്‍ഥികളില്‍നിന്നാണ് സുബ്രഹ്മണ്യം വിവരങ്ങള്‍ തേടിയത്. ഇതുസംബന്ധിച്ച റിപോര്‍ട്ട് നാളെയോ മറ്റന്നാളോ അദ്ദേഹം കേന്ദ്രസര്‍ക്കാരിന് കൈമാറും.

തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യം ഉയരുമെന്നതിനാലാണ് പെട്ടെന്ന് റിപോര്‍ട്ട് സര്‍ക്കാരിന് കൈമാറുന്നത്. അതേസമയം, ഫാത്തിമയുടെ മരണത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനോട് കാംപസ് വിട്ടുപോവരുതെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം വന്നാലുടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

Next Story

RELATED STORIES

Share it