India

പെണ്‍കുട്ടിയുടെ മൊഴി പലതവണ അവഗണിച്ചു, വൈദ്യപരിശോധന നടത്തിയില്ല; ഹാഥ്‌റസ് കേസില്‍ യുപി പോലിസിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി സിബിഐ കുറ്റപത്രം

വൈദ്യപരിശോധന നടത്താത്ത സാഹചര്യത്തില്‍ കേസില്‍ നിര്‍ണായകമായ ഫോറന്‍സിക് തെളിവുകള്‍ നഷ്ടമാവുകയാണുണ്ടായത്. കേസില്‍ ഗുരുതര വീഴ്ചവരുത്തിയ യുപി പോലിസിന്റെ പങ്ക് അന്വേഷിച്ചുവരികയാണെന്ന് സിബിഐ വിശദീകരിക്കുന്നു.

പെണ്‍കുട്ടിയുടെ മൊഴി പലതവണ അവഗണിച്ചു, വൈദ്യപരിശോധന നടത്തിയില്ല; ഹാഥ്‌റസ് കേസില്‍ യുപി പോലിസിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി സിബിഐ കുറ്റപത്രം
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണജാതിയില്‍പ്പെട്ട നാല് യുവാക്കള്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ യുപി പോലിസിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വാക്കാലുള്ള മൊഴികള്‍ അവഗണിച്ചത് അടക്കം കേസില്‍ നിര്‍ണായകമാവുമായിരുന്ന നാലോളം വീഴ്ചകളാണ് പോലിസിന്റെ ഭാഗത്തുനിന്നുമുണ്ടായത്. തനിക്കെതിരേ ലൈംഗികാതിക്രമമുണ്ടായെന്ന പെണ്‍കുട്ടി സ്‌റ്റേഷനില്‍വച്ച് നേരിട്ട് മൊഴി നല്‍കിയിട്ടും പോലിസ് രേഖപ്പെടുത്താന്‍ തയ്യാറായില്ല.

രണ്ടുതവണയാണ് പോലിസിനോട് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തുന്നതിനോ പീഡനം നടന്നുവെന്ന് തെളിയിക്കാനോ പോലിസ് മുതിര്‍ന്നിരുന്നില്ലെന്ന് സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യപരിശോധന നടത്താത്ത സാഹചര്യത്തില്‍ കേസില്‍ നിര്‍ണായകമായ ഫോറന്‍സിക് തെളിവുകള്‍ നഷ്ടമാവുകയാണുണ്ടായത്. കേസില്‍ ഗുരുതര വീഴ്ചവരുത്തിയ യുപി പോലിസിന്റെ പങ്ക് അന്വേഷിച്ചുവരികയാണെന്ന് സിബിഐ വിശദീകരിക്കുന്നു. സപ്തംബര്‍ 14നാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ട സന്ദീപ്, രാമു, ലവ്കുഷ്, രവി എന്നിവര്‍ ചേര്‍ന്ന് ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കുന്നത്.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സഹോദരനാണ് തോളിലേറ്റി സമീപത്തുള്ള ചന്ത്പ പോലിസ് സ്റ്റേഷനിലെത്തിക്കുന്നത്. തുടര്‍ന്നങ്ങോട്ട് ലോക്കല്‍ പോലിസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളാണുണ്ടായത്. സന്ദീപിനെതിരേ സഹോദരന്‍ പരാതി നല്‍കുകയും തന്നെ ബലാല്‍ക്കാരം ചെയ്‌തെന്ന് ഇര പറഞ്ഞിട്ടും പോലിസ് അത് അവഗണിക്കുകയാണ് ചെയ്തത്. ലൈംഗികാതിക്രമം നടന്നോ എന്നറിയാന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയില്ല. കൊലപാതക ശ്രമത്തിനാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതത്. പരാതിയിലെ ലൈംഗികാതിക്രമ ആരോപണം ഒഴിവാക്കുകയും ചെയ്തു.

ആ ദിവസംതന്നെ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത പെണ്‍കുട്ടിയെ ഉച്ചയോടെ അലിഗഢ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വൈകീട്ട് 3.40 ഓടെ പെണ്‍കുട്ടിയെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 4.10 ഓടെയാണ് മെഡിക്കല്‍ റിപോര്‍ട്ട് തയ്യാറാക്കിയത്. സപ്തംബര്‍ 19ന് ആശുപത്രിയില്‍വച്ച് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഈ സമയത്തും പെണ്‍കുട്ടി താന്‍ പീഡിപ്പിക്കപ്പെട്ട കാര്യം വെളിപ്പെടുത്തി. എന്നാല്‍, ലൈംഗികാതിക്രം തെളിയിക്കുന്നതിന് ഒരു പരിശോധന നടത്തുകയോ ഇരയുടെ പരാതി മുഖവിലയ്‌ക്കെടുക്കുകയോ പോലിസ് ചെയ്തില്ല. പകരം സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണത്തിനുള്ള 354ാം വകുപ്പ് മാത്രമാണ് ചുമത്തിയത്.

സപ്തംബര്‍ 21 സന്ദീപും മറ്റു മൂന്നുപേരും ചേര്‍ന്ന് തന്നെ ബലാല്‍സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി പറയുന്ന വീഡിയോ വൈറലായി. തന്റെ അമ്മ വരുന്നതുകണ്ട് പ്രതികള്‍ ഓടിപ്പോയെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നുണ്ട്. സപ്ംബര്‍ 22ന് പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഈ ഘട്ടത്തില്‍ സന്ദീപ്, രാമു, ലവ്കുഷ്, രവി എന്നിവര്‍ തന്നെ ബലാല്‍സംഗം ചെയ്തതായി പെണ്‍കുട്ടി വിശദീകരിച്ചു. സന്ദീപാണ് കഴുത്ത് ഞെരിച്ചതെന്നും അബോധവസ്ഥയിലായെന്നും ഇര പറയുകയുണ്ടായി. മരിക്കുന്നതിന് മുമ്പ് പെണ്‍കുട്ടി നല്‍കിയ അവസാന മൊഴിയായിരുന്നു ഇത്. മജിസ്‌ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴിയെടുപ്പിന് ശേഷമാണ് പോലിസ് കൂട്ടബലാല്‍സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്.

വൈദ്യപരിശോധനയും നടത്തി. സംഭവം നടന്ന് എട്ടുദിവസത്തിനുശേഷം പരിശോധന നടത്തിയതുവഴി തെളിവുകള്‍ പോലിസ് നശിപ്പിച്ചെന്നും സിബിഐ കുറ്റപ്പെടുത്തുന്നു. ആദ്യം മൊഴി നല്‍കിയപ്പോള്‍ പ്രതികളില്‍ രണ്ടുപേരുടെ പേരുകള്‍ പോലിസ് ഉള്‍പ്പെടുത്തിയില്ലെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലടക്കം പ്രതികള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കുകയാണ് ചെയ്തത്. ലൈംഗികാതിക്രമത്തിന് തെളിവില്ലെന്ന് പറഞ്ഞെങ്കിലും പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ക്ഷതം, ഒന്നിലധികം ഒടിവുകള്‍, പക്ഷാഘാതം, നട്ടെല്ലിന് ഗുരുതര പരിക്ക്, നാവില്‍ ആഴത്തിലുള്ള മുറിവ് എന്നിവ റിപോര്‍ട്ടിലുണ്ടായിരുന്നു.

പരിശോധനയില്‍ ലൈംഗികാതിക്രമം നടന്നായി തെളിയിക്കുന്ന സൂചനകള്‍ ലഭിച്ചിട്ടില്ലെന്നും ശാരീരിക ആക്രമണം നടന്നിട്ടുണ്ടെന്നും ജവഹര്‍ലാല്‍ നെഹ്‌റു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ റിപോര്‍ട്ട് നല്‍കി. എന്നാല്‍, സിബിഐ കേസ് ഏറ്റെടുത്തശേഷം എയിംസ് ഫോറന്‍സിക് മെഡിക്കല്‍ സംഘം വിശകലനങ്ങള്‍ നടത്തിയതില്‍നിന്ന് ലൈംഗികാതിക്രമത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നായിരുന്നു നിഗമനം. പോസ്റ്റുമോര്‍ട്ടം വിശകലനം ചെയ്ത എയിംസ് വിദഗ്ധര്‍, ആക്രമണത്തിന് ശേഷം ഒരാഴ്ചയോളം പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായതടക്കം ചൂണ്ടിക്കാട്ടുന്നു.

ഫോറന്‍സിക് പരിശോധന, ലൈംഗികാതിക്രമം റിപോര്‍ട്ട് ചെയ്യല്‍ തുടങ്ങിയവയിലുണ്ടായ കാലതാമസം ജനനേന്ദ്രിയത്തിനുണ്ടായ പരിക്ക് കൃത്യമായി അറിയുന്നതിന് തടസ്സം നേരിടുമെന്നും എയിംസിലെ ഡോക്ടര്‍മാര്‍ നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതികള്‍ക്കെതിരേ പട്ടികജാതി- വര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം, കൂട്ടബലാല്‍സംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് സിബിഐ ചുമത്തിയിട്ടുള്ളത്. അന്വേഷണം അവസാനിപ്പിക്കാന്‍ ഏജന്‍സി കൂടുതല്‍ സമയം തേടിയിട്ടുണ്ട്. കേസില്‍ ജനുവരി 27ന് അടുത്ത വാദം കേള്‍ക്കുമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് സിബിഐയെ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it