കര്‍ഷകരുടെ തല തല്ലിപ്പൊളിക്കണമെന്ന നിര്‍ദേശം: ഉദ്യോഗസ്ഥനെതിരേ നടപടിയുണ്ടാവുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി

ന്യൂഡല്‍ഹി: കര്‍ണാലിലെ ബസ്താര ടോള്‍ പ്ലാസയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരേ സംസ്ഥാന പോലിസ് നടത്തിയ ലാത്തിച്ചാര്‍ജിനെ അപലപിച്ച് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് (എസ്ഡിഎം) ആയുഷ് സിന്‍ഹയ്‌ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ പോലിസുകാരോട് ആയുഷ് സിന്‍ഹ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയുടെ പ്രതികരണം. പോലിസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ ഇന്ന് മരിക്കുകയും ചെയ്തു.
ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് പറഞ്ഞ ദുഷ്യന്ത് ചൗട്ടാല, തീര്‍ച്ചയായും ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപി യോഗത്തിനെതിരേ പ്രതിഷേധിക്കാന്‍ ഹരിയാനയിലെ കര്‍ണാലിലേക്ക് പോവുമ്പോള്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തിയ ഒരുസംഘം കര്‍ഷകരെ പോലിസ് ലാത്തിച്ചാര്‍ജ് ചെയ്തതില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. അതേസമയം, നാല് പ്രതിഷേധക്കാര്‍ക്ക് മാത്രമാണ് പരിക്കേറ്റതെന്നും പോലിസുകാരില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റതായും പോലിസ് പറയുന്നു.
കര്‍ഷകര്‍ക്കെതിരായ സംസ്ഥാന പോലിസിന്റെ നടപടിക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബിജെപി എംപി വരുണ്‍ ഗാന്ധിയടക്കം നേതാക്കള്‍ സംഭവത്തെ അപലപിച്ചു. 'ഒരിക്കല്‍ക്കൂടി കര്‍ഷകരുടെ രക്തം വാര്‍ന്നുപോവുന്നു. രാജ്യം അപമാന ഭാരത്താല്‍ ശിരസ് കുനിക്കുന്നു''എന്ന് രക്തമൊലിക്കുന്ന കര്‍ഷകന്റെ ചിത്രത്തിനൊപ്പം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തു. ഇതോടെയാണ് സിന്‍ഹയ്‌ക്കെതിരേ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.
പോലിസ് നടപടിക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ ടോള്‍ പ്ലാസകള്‍ ഉള്‍പ്പെടെ നിരവധി റോഡുകളും ഹൈവേകളും മണിക്കൂറുകളോളം ഉപരോധിച്ചു. ശനിയാഴ്ചയാണ് കര്‍ണാലിലെ ബസ്താര ടോള്‍ പ്ലാസയില്‍ കര്‍ഷകര്‍ക്കെതിരേ ഹരിയാന പോലിസ് ലാത്തിചാര്‍ജ് നടത്തിയത്. 'ഇത് വളരെ വ്യക്തമാണ്. വന്നത് ആരായാലും, എവിടുന്നു വന്നത് ആയാലും ഒരാളെപ്പോലും അവിടെ (ബിജെപി യോഗം നടക്കുന്നിടത്ത്) എത്താന്‍ അനുവദിക്കരുത്.
എന്തുവില കൊടുത്തും അവരെ തടയണം. ലാത്തി എടുത്ത് അവരെ ശക്തമായി അടിക്കുക. ഏതെങ്കിലും ഒരു സമരക്കാരനെ ഇവിടെക്കണ്ടാല്‍, അവന്റെ തലപൊട്ടിയിരിക്കുന്നത് എനിക്ക് കാണണം. അവരുടെ തല അടിച്ചുപൊട്ടിക്കുക' സിന്‍ഹ പറയുന്നു. എന്തെങ്കിലും സംശയമുണ്ടോയെന്ന് സിന്‍ഹ ചോദിക്കുമ്പോള്‍ ഇല്ല സാര്‍ എന്ന് പറയുന്ന പോലിസുകാരെയും വീഡിയോയില്‍ കാണാം. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ വിളിച്ചുചേര്‍ത്ത ബിജെപി യോഗത്തില്‍ പ്രതിഷേധിക്കാനെത്തിയ കര്‍ഷകര്‍ക്കുനേരേയാണ് ഹരിയാന പോലിസിന്റെ അതിക്രമമുണ്ടായത്.
RELATED STORIES
പാത ഇരട്ടിപ്പിക്കല്‍: 20 ട്രെയിനുകള്‍ റദ്ദാക്കി;നിയന്ത്രണം മേയ് 29 വരെ
19 May 2022 8:36 AM GMTമത വികാരം വ്രണപ്പെടുത്തിയെന്ന്;ലിച്ചിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്...
19 May 2022 5:26 AM GMTഹരിയാനയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ്...
19 May 2022 5:16 AM GMTമുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ സുധാകരനെതിരേ കേസെടുത്തു
19 May 2022 4:40 AM GMTപാചകവാതക വില വീണ്ടും കൂട്ടി
19 May 2022 4:15 AM GMTഅമേരിക്കയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു; ആദ്യ കേസ് കാനഡയിലേക്ക് യാത്ര...
19 May 2022 4:04 AM GMT