India

ആര്‍ത്തവ പരിശോധന; പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

ആര്‍ത്തവ സമയത്ത് വിദ്യാര്‍ഥിനികള്‍ അടുക്കളയിലും കാംപസിനോട് ചേര്‍ന്നുള്ള അമ്പലത്തിലും പ്രവേശിക്കരുതെന്നാണ് കോളജിലെ നിയമം.

ആര്‍ത്തവ പരിശോധന; പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍
X

അഹമ്മദാബാദ്: ഗുജറാത്തിലെ വനിതാ കോളജില്‍ ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ പ്രിന്‍സിപ്പലടക്കം നാലുപേര്‍ അറസ്റ്റില്‍. കോളജ് പ്രിന്‍സിപ്പല്‍ റിത്ത റാനിംഗ, ഹോസ്റ്റല്‍ സൂപ്പര്‍വൈസര്‍, കോര്‍ഡിനേറ്റര്‍, പ്യൂണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ രണ്ട് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു.

ഭുജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പലടക്കം കോളജ് അധികൃതര്‍ അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയത്. കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന 68 പെണ്‍കുട്ടിക്കെതിരായാണ് പ്രാകൃത നടപടി നടത്തിയത്. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ആര്‍ത്തവ സമയത്ത് ഹോസ്റ്റല്‍ അടുക്കളയില്‍ കയറുന്നു, ക്ഷേത്രത്തിന് സമീപത്തേക്ക് പോകുന്നു, പുറത്തിറങ്ങി മറ്റുള്ളവരുമായി ഇടപഴകുന്നു തുടങ്ങിയ കുറ്റങ്ങള്‍ നിരത്തിയാണ് പരിശോധന നടന്നത്.

ആര്‍ത്തവ സമയത്ത് വിദ്യാര്‍ഥിനികള്‍ അടുക്കളയിലും കാംപസിനോട് ചേര്‍ന്നുള്ള അമ്പലത്തിലും പ്രവേശിക്കരുതെന്നാണ് കോളജിലെ നിയമം. കുട്ടികള്‍ നിയമം ലംഘിക്കുന്നുവെന്ന ഹോസ്റ്റല്‍ വാര്‍ഡന്റെ പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ റിത റാനിംഗ പെണ്‍കുട്ടികളെ ക്ലാസ് മുറിയില്‍ നിന്നും ഇറക്കി പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. വിദ്യാര്‍ഥിനികളോട് അവരുടെ ആര്‍ത്തവ കാലത്തെ കുറിച്ച് പരസ്യമായി ചോദിക്കുകയും തുടര്‍ന്ന് വാഷ്‌റൂമില്‍ വെച്ച് അവരുടെ അടിവസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന രീതി കാംപസിൽ പതിവാണെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു.

എന്നാല്‍ ആര്‍ത്തവ പരിശോധന നടത്തിയ രീതിക്കെതിരേ മാത്രമാണ് പെണ്‍കുട്ടികളുടെ പരാതിയെന്ന് വനിതാ കമ്മീഷന്‍ വിലയിരുത്തല്‍. പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മറ്റു അധ്യാപകരും പങ്കാളികളായിരുന്നെന്ന് വിദ്യാര്‍ഥിനികള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സംഭവത്തെ ശക്തമായി അപലപിച്ച് ദേശീയ വനിതാ കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ നാല് പേരെയും രണ്ടു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ നാല് പേരെയും തിങ്കളാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it