India

ടോള്‍ പ്ലാസകളില്‍ നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കില്ല; ഫെബ്രുവരി 15 വരെ സമയപരിധി നീട്ടി

പാലിയേക്കര ടോള്‍പ്ലാസയിലടക്കം പുതിയ സംവിധാനം നടപ്പാക്കുമെന്ന് അറിയിച്ച് ടോള്‍ പ്ലാസ അധികൃതര്‍ സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. എന്നാല്‍, വിവിധ കോണുകളില്‍നിന്നുള്ള ആവശ്യം കണക്കിലെടുത്ത് സമയപരിധി നീട്ടിയെന്നാണു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ടോള്‍ പ്ലാസകളില്‍ നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കില്ല; ഫെബ്രുവരി 15 വരെ സമയപരിധി നീട്ടി
X

ന്യൂഡല്‍ഹി: രാജ്യത്ത് ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന്റെ സമയപരിധി നീട്ടി. ഫെബ്രുവരി 15 വരെ സമയപരിധി നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. നേരത്തെ 2021 ജനുവരി ഒന്ന് മുതല്‍ ഫാസ്ടാഗ് സംവിധാനം പൂര്‍ണമായി നടപ്പാക്കുമെന്നാണ് ദേശീയപാതാ അതോറിറ്റി വ്യക്തമാക്കിയിരുന്നത്. പാലിയേക്കര ടോള്‍പ്ലാസയിലടക്കം പുതിയ സംവിധാനം നടപ്പാക്കുമെന്ന് അറിയിച്ച് ടോള്‍ പ്ലാസ അധികൃതര്‍ സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. എന്നാല്‍, വിവിധ കോണുകളില്‍നിന്നുള്ള ആവശ്യം കണക്കിലെടുത്ത് സമയപരിധി നീട്ടിയെന്നാണു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ടോള്‍പ്ലാസകളെ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഫാസ്ടാഗ് സംവിധാനം കൊണ്ടുവന്നത്. ഏതു ടോള്‍പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണു ഫാസ്ടാഗ്. ദേശീയപാത അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഫാസ്ടാഗ് സംവിധാനത്തില്‍, ടോള്‍ പ്ലാസകളില്‍ ടോള്‍ തുക നേരിട്ടുകൈമാറാതെ അക്കൗണ്ട് വഴി ഓട്ടോമാറ്റിക്കായി നല്‍കാം. ഇതിനായി ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ഫാസ്ടാഗ് വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഒട്ടിക്കണം. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫാസ്ടാഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനം.

ഫാസ്ടാഗ് ഒട്ടിച്ച വാഹനം ടോള്‍ പ്ലാസ വഴി കടന്നുപോവുമ്പോള്‍ ആര്‍എഫ്‌ഐഡി റീഡര്‍ വഴി നിര്‍ണയിച്ച് അക്കൗണ്ടില്‍നിന്നു പണം ഈടാക്കും. ഇതിനായി വാഹനമുടമ ഫാസ്ടാഗ് അക്കൗണ്ടില്‍ നേരത്തെ പണം നിക്ഷേപിക്കണം. 2017 ഡിസംബര്‍ ഒന്നിന് മുമ്പിറങ്ങിയ വാഹനങ്ങള്‍ ഫാസ്ടാഗ് പതിക്കണം. അതിനുശേഷമുള്ള വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നല്‍കിയിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാനും ഫാസ്ടാഗ് നിര്‍ബന്ധമാണ്. 2021 ഏപ്രില്‍ ഒന്ന് മുതല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനും ഫാസ്ടാഗ് വേണം. ഇതോടെ വാഹനം ടോള്‍പ്ലാസ കടന്നുപോവുന്നില്ലെങ്കിലും ഫാസ്ടാഗ് എടുക്കല്‍ നിര്‍ബന്ധിതമായി. നിലവില്‍ ഫാസ് ടാഗ് വഴി നടത്തുന്ന ഇടപാടുകളുടെ വിഹിതം 75-80 ശതമാനം വരെയാണ്. ഫെബ്രുവരി 15 മുതല്‍ നൂറുശതമാനം പണരഹിതമായ ഫീസ് പിരിവ് ഉറപ്പാക്കുമെന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാക്കുന്നത്.

Next Story

RELATED STORIES

Share it