India

ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര ചികില്‍സ ലഭ്യമാക്കണം; തിഹാര്‍ ജയില്‍ അധികൃതരോട് ഡല്‍ഹി കോടതി

അദ്ദേഹത്തിന്റെ മെഡിക്കല്‍ റിപോര്‍ട്ട് ഹാജരാക്കാന്‍ ദരിയാഗഞ്ജ് പോലിസിന് സാധിക്കാത്തതിനാല്‍ ഹരജിയില്‍ വാദം കേള്‍ക്കുന്നത് നാളെ ഉച്ചകഴിഞ്ഞ് രണ്ടുമണി വരെ തീസ് ഹസാരി കോടതി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അതുല്‍ വര്‍മ നിര്‍ത്തിവച്ചിരിക്കുകയാണ്.

ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര ചികില്‍സ ലഭ്യമാക്കണം; തിഹാര്‍ ജയില്‍ അധികൃതരോട് ഡല്‍ഹി കോടതി
X

ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് ഡല്‍ഹി തീസ് ഹസാരി കോടതിയുടെ ഇടക്കാല നിര്‍ദേശം. ആവശ്യമെങ്കില്‍ എത്രയുംവേഗം വൈദ്യസഹായം ലഭ്യമാക്കാന്‍ തിഹാര്‍ ജയില്‍ അധികൃതരോടാണ് കോടതി നിര്‍ദേശിച്ചത്. വൈദ്യപരിശോധന ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രശേഖര്‍ ആസാദ് നല്‍കിയ ഹരജി കോടതിയുടെ പരിഗണനയിലാണ്. അദ്ദേഹത്തിന്റെ മെഡിക്കല്‍ റിപോര്‍ട്ട് ഹാജരാക്കാന്‍ ദരിയാഗഞ്ജ് പോലിസിന് സാധിക്കാത്തതിനാല്‍ ഹരജിയില്‍ വാദം കേള്‍ക്കുന്നത് നാളെ ഉച്ചകഴിഞ്ഞ് രണ്ടുമണി വരെ തീസ് ഹസാരി കോടതി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അതുല്‍ വര്‍മ നിര്‍ത്തിവച്ചിരിക്കുകയാണ്.

ഡിസംബര്‍ 21നാണ് ദരിയാഗഞ്ജ് പോലിസ് ആസാദിനെ അറസ്റ്റുചെയ്തത്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ അക്രമമുണ്ടാക്കിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. തീസ് ഹസാരി കോടതിയാണ് അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ആസാദിന്റെ ആരോഗ്യനില സംബന്ധിച്ച റിപോര്‍ട്ട് തിഹാര്‍ ജയില്‍ അധികൃതര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. റിപോര്‍ട്ടിന്റെ പകര്‍പ്പ് ആസാദിന്റെ അഭിഭാഷകന്‍ മെഹ്മൂദ് പ്രാചയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആസാദിന് പോളിസൈത്തീമിയ എന്ന രോഗാവസ്ഥയാണെന്ന് ഹരജിയില്‍ പറയുന്നു. രക്തം കട്ടപിടിക്കുന്ന അവസ്ഥയാണത്. നിരന്തരം വൈദ്യപരിശോധന ആവശ്യമാണ്.

രണ്ടാഴ്ചയില്‍ ഒരിക്കല്‍ ആസാദിന്റെ രക്തം മാറ്റണമെന്നാണ് എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. എയിംസിലെ ഡോക്ടര്‍മാരാണ് ദീര്‍ഘകാലമായി അദ്ദേഹത്തെ ചികില്‍സിക്കുന്നത്. അവരുടെ സേവനംതന്നെ തുടര്‍ന്നും ലഭ്യമാക്കണമെന്ന ആവശ്യവും ഹരജിയിലുണ്ട്. യഥാസമയം ചികില്‍സ ലഭ്യമായില്ലെങ്കില്‍ ഹൃദയാഘാതമുണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നും മെഹ്മൂദ് പ്രാച പറഞ്ഞു. തിഹാര്‍ ജയിലില്‍ കഴിയുന്ന ആസാദിന് മതിയായ ചികില്‍സ ലഭ്യമാവുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് പരിശോധനകള്‍ക്കായി അദ്ദേഹത്തെ ഇടയ്ക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉടന്‍തന്നെ ജയിലിലേക്ക് മടക്കിക്കൊണ്ടുപോവുകയാണ് ചെയ്തത്.

Next Story

RELATED STORIES

Share it